വിമാനം തകര്‍ത്തത് ആ 1000 അടിയുടെ വ്യത്യാസമോ? റണ്‍വേ കാണാതെ പൈലറ്റ് വട്ടം ചുറ്റി; മരണക്കെണിയായി മാറിയ ആ 3 മിനിറ്റുകള്‍! അജിത് പവാര്‍ സഞ്ചരിച്ച ലിയര്‍ജെറ്റ് 45 വിമാനം തകരുന്നതിന് കാരണങ്ങള്‍ എന്തെല്ലാം? വ്യോമയാന വിദഗ്ധന്‍ ജേക്കബ് കെ. ഫിലിപ്പിന്റെ വിശകലനം
വ്യോമയാന വിദഗ്ധന്‍ ജേക്കബ് കെ. ഫിലിപ്പിന്റെ വിശകലനം
കൊച്ചി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ജീവനെടുത്ത ബാരാമതി വിമാനാപകടത്തിനു പ്രധാനകാരണം വിമാനത്താവളത്തില്‍ ആ നേരത്തുണ്ടായിരുന്ന കാലാവസ്ഥയാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്. ഇതിനൊപ്പം, സാങ്കേതിക പിഴവുകളും സംഭവിച്ചു. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള മിനിറ്റുകളില്‍ ആകാശത്ത് നടന്നത് അതീവ അപകടകരമായ നീക്കങ്ങളായിരുന്നുവെന്ന് ജേക്കബ് കെ. ഫിലിപ്പ് തന്റെ കുറിപ്പില്‍ പറഞ്ഞു.
റണ്‍വേ കണ്ടില്ല, വിമാനം വട്ടം ചുറ്റി
രാവിലെ 8.10-ന് മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ലിയര്‍ജെറ്റ് 45 വിമാനം 8.38-ഓടെ ബാരാമതി റണ്‍വേ ലക്ഷ്യമാക്കി താഴ്ന്നിറങ്ങി. എന്നാല്‍ അവിടെ പൈലറ്റിനെ കാത്തിരുന്നത് ചതിക്കുഴിയായിരുന്നു. മുടല്‍മഞ്ഞ് മൂലം കാഴ്ചാദൂരം (Visibility) അതീവ കുറവായിരുന്നു. റണ്‍വേ കൃത്യമായി കാണാനാകാതെ വന്നതോടെ പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്തി പറപ്പിച്ചു (Go-around). പിന്നീട് 8.41-ഓടെയാണ് വിമാനം ട്രാക്കിംഗ് സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്.
നിയമം പറഞ്ഞു: 1800 അടി; വിമാനം പറന്നത്: 800 അടി!
ദുരന്തത്തിന്റെ പ്രധാന കാരണം വിമാനത്തിന്റെ ഉയരക്കുറവാണെന്ന് വിശകലനം വ്യക്തമാക്കുന്നു.സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം റണ്‍വേയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍ വിമാനം 1800 അടി ഉയരത്തിലായിരിക്കണം. എന്നാല്‍ അപകടസമയത്ത് അജിത് പവാറിന്റെ വിമാനം വെറും 800 അടി ഉയരത്തില്‍ മാത്രമായിരുന്നു. അതായത്, സുരക്ഷിതമായിരിക്കേണ്ടതിനേക്കാള്‍ 1000 അടി താഴെ.
ഐഎല്‍എസ് (ILS) സംവിധാനമില്ലാത്ത ബാരാമതി പോലുള്ള ചെറിയ വിമാനത്താവളങ്ങളില്‍ പൈലറ്റ് നേരിട്ട് കണ്ട് വിമാനം ഇറക്കുന്ന വിഎഫ്ആര്‍ (VFR) രീതിയാണ് പിന്തുടരുന്നത്. കാഴ്ചാദൂരം 5 കിലോമീറ്റര്‍ വേണമെന്നിരിക്കെ അന്ന് അവിടെ ഉണ്ടായിരുന്നത് വെറും 3.2 കിലോമീറ്റര്‍ മാത്രമായിരുന്നു.
റിസ്‌ക് എടുത്തത് വിനയായി?
വിമാനത്തില്‍ വിവിഐപികള്‍ ഉള്ളപ്പോള്‍ സാധാരണയായി പൈലറ്റുമാര്‍ ഇത്തരം കുറഞ്ഞ കാഴ്ചാദൂരത്തില്‍ ലാന്‍ഡിംഗിന് മുതിരാറില്ല. എന്നാല്‍ ബാരാമതിയില്‍ പൈലറ്റ് ആ റിസ്‌ക് ഏറ്റെടുത്തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുരക്ഷിതമല്ലാത്ത വേഗതയിലും (153 നോട്ട്‌സ്) കുറഞ്ഞ ഉയരത്തിലും റണ്‍വേയെ സമീപിച്ചതാണ് അപകടം ഉറപ്പാക്കിയത്. മിനിറ്റില്‍ 448 അടി എന്ന തോതില്‍ വിമാനം താഴ്ന്നുകൊണ്ടിരിക്കെ, റണ്‍വേയ്ക്ക് 6 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
ഒളിപ്പിച്ചുവെച്ച വിവരങ്ങള്‍
മിക്ക പ്രൈവറ്റ് ജെറ്റുകളെയും പോലെ ഈ വിമാനത്തിന്റെയും വിവരങ്ങള്‍ ട്രാക്കിംഗ് സൈറ്റുകളില്‍ നിന്ന് മുന്‍കൂട്ടി മറച്ചുവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അപകടത്തിന് തൊട്ടുമുമ്പുള്ള ഡാറ്റ വിശകലനം ചെയ്തപ്പോള്‍ വിമാനം സുരക്ഷാപരിധി ലംഘിച്ചതായി വ്യക്തമായി. റണ്‍വേ ശരിയായി കാണാനാവാതെ ലാന്‍ഡിംഗിന് ശ്രമിച്ചപ്പോള്‍ വിമാനത്തിന്റെ വേഗവും ഉയരവും തമ്മിലുള്ള തുലനം തെറ്റിയതാണ് തകര്‍ന്നു വീഴാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.
ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കയറിയ ലിയര്‍ജെറ്റ് 45എക്സ്ആര്‍ വിമാനം (വിടി-എസ്എസ്‌കെ) ഇന്നു രാവിലെ എട്ടേമുക്കാലിനടുപ്പിച്ച് പൂനെയ്ക്കടുത്ത ബരാമതിയിലെ ചെറിയ വിമാനത്താവളത്തിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വീണു തകര്‍ന്നതിനു പ്രധാനകാരണം വിമാനത്താവളത്തില്‍ ആ നേരത്തുണ്ടായിരുന്ന കാലാവസ്ഥയാകാനാണ് സാധ്യത.
ചെറിയ മുടല്‍മഞ്ഞു മൂലം കാഴ്ചാദുരം കുറവായിരിക്കുമ്പോള്‍, ലാന്‍ഡു ചെയ്യാമെന്ന് തീരുമാനിച്ചത് അപകടത്തിന് രംഗമൊരുക്കുകയും, ലാന്‍ഡിങ്ങിനായി, സുരക്ഷിതമല്ലാത്ത ഉയരത്തിലും വേഗത്തിലും റണ്‍വേയെ സമീപിച്ചത് അപകടം ഉറപ്പാക്കുകയും ചെയ്തിരിക്കാം.
ഏതിനം വിമാനമാണെന്നതൊഴിച്ച്, ബാക്കിയെല്ലാ കാര്യങ്ങളും മറയ്ക്കാന്‍ ട്രാക്കിങ് സൈറ്റുകള്‍ക്ക് മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കിയിരുന്ന (മിക്ക പ്രൈവറ്റ് ജെറ്റുകളും ചെയ്യുന്നതുപോലെ തന്നെ), വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നത് രാവിലെ 8.10 ന് ആയിരുന്നു. ബാരാമതി റണ്‍വേയിലേക്ക് രാവിലെ 8.38ന് ലാന്‍ഡിങ്ങിനായി ഇറങ്ങിവന്ന വിമാനം വീണ്ടും പറന്നുകയറി ചുറ്റിപ്പറന്നു വന്ന്, ട്രാക്കിങ് സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് 8.41നും. കാണാതാകുന്ന 8.41 ന്, 153 നോട്ടസായിരുന്നു വിമാനത്തിന്റെ വേഗം. റണ്‍വേയുടെ അറ്റത്തു നിന്നുള്ള അകലം 11 കിലോമീറ്ററും. വിമാനം താഴേക്കിറങ്ങിക്കൊണ്ടിരുന്നത്, മിനിറ്റില്‍ 448 അടി എന്ന തോതിലും. തറനിരപ്പില്‍ നിന്ന് വെറും 800 അടിപ്പൊക്കത്തിലായിരുന്നു, വിമാനം അപ്പോള്‍. (ട്രാക്കിങ് സൈറ്റുകള്‍ കാണിക്കുന്ന 2600 അടി, സമുദ്രനിരപ്പില്‍ നിന്ന്, ബാരാമതിയുടെ ഉയരമായ 1800 അടിയും കൂട്ടിച്ചേര്‍ത്തതാണ്).
വിമാനം മൂന്നു ഡിഗ്രി ചെരിവിലും, മിനിറ്റില്‍ 300 അടി എന്ന തോതിലുമാണ് താഴേക്കിറങ്ങി വരേണ്ടിയതെന്ന അംഗീകൃത സുരക്ഷാ മാനദണ്ഡം അതേപോലെ പാലിച്ചാല്‍, ബാരാമതിയില്‍ നിന്ന് 11 കിലോമീറ്റര്‍, അഥവാ 5.9 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള വിമാനം 8.41 ന്, തറനിരപ്പില്‍ നിന്ന് 1800 അടിപ്പൊക്കത്തിലായിരുന്നിരിക്കണമായിരുന്നു. എന്നാല്‍, ആ നേരം വിമാനം വെറും 800 ഉയരത്തിലായിരുന്നതുകൊണ്ടു മാത്രം അപകടം ഉണ്ടാകണമെന്നുമില്ല. നേരത്തേ പറഞ്ഞ മൂ്ന്നു ഡിഗ്രി ചെരിവ് ഐഎല്‍എസ് റണ്‍വേയിലേക്കുള്ള ലാന്‍ഡിങ്ങിനാണ് എന്നതാണ് കാരണം. പൈലറ്റ് റണ്‍വേ നേരിട്ടു നോക്കി കണ്ട്, ദൂരവും കാഴ്ചയുമെല്ലാം തുലനം ചെയ്ത് ഇറങ്ങുന്ന വിഎഫ്ആര്‍ (വിഷ്വല്‍ ഫ്ലൈറ്റ് റൂള്‍) ലാന്‍ഡിങ്ങില്‍, ഈ പൊക്കം അസാധാരണമല്ല.
അവിടെയാണ് ബാരാമതിയില്‍ ഇന്നു രാവിലത്തെ കാലാവസ്ഥ കടന്നുവരുന്നത്. വിമാനം 10,000 അടിക്കു താഴേയായിരിക്കുമ്പോള്‍, വിഷ്വല്‍ ലാന്‍ഡിങ്ങിന് കാഴ്ചാദൂരം, സാധാരണഗതിയില്‍ അഞ്ചുകിലോമീറ്റര്‍ വേണമെന്നാണ് ചട്ടം. ബാരാമതിയില്‍ വിസിബിലിറ്റി 3.2 കിലോമീറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എടിസിയുടെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ ഒന്നര കിലോമീറ്റര്‍ കാഴചാദുരത്തിലും ഇറങ്ങാമെന്ന് ഇളവുണ്ടെങ്കിലും ആ അനുമതി ഇന്ന് കിട്ടിയിട്ടുണ്ടായിരുന്നോ എന്നു വ്യക്തമല്ല. വിമാനത്തില്‍ വിവിഐപികളുണ്ടെങ്കില്‍ ഇത്തരം റിസ്‌ക് എടുക്കാന്‍ പൈലറ്റുമാര്‍ സാധാരണ തയ്യാറാവുകയുമില്ല എന്നത് ഇതിന് അനുബന്ധം. വിമാനത്താവളത്തിലേക്കുണ്ടായിരുന്ന ആറു നോട്ടിക്കല്‍ മൈല്‍ ദൂരത്തിനുള്ളില്‍ മരങ്ങളോ കെട്ടിടങ്ങളോ പോലുള്ള തടസ്സങ്ങള്‍ ഇല്ല എന്ന് സംശയാതീതമായി അറിയുകയും വേണം, ഇത്തരം ലാന്‍ഡിങ് സുരക്ഷിതമാണെന്ന് കരുതാന്‍.
റണ്‍വേയില്‍ നിന്നുള്ള ദൂരം 6 നോട്ടിക്കല്‍ മൈല്‍, 800 അടിപ്പൊക്കം, 153 നോട്ട്സ് വേഗം, മിനിറ്റില്‍ 448 അടി എന്ന നിരക്കിലുള്ള താഴേക്കിറക്കം-ഐഎല്‍എസ് ലാന്‍ഡിങ്ങിന് ഒരിക്കലും സുരക്ഷിതമായിരുന്നില്ലാത്ത അളവുകള്‍, കുറഞ്ഞ കാഴ്ചാദൂരത്തിലുള്ള വിഷ്വല്‍ ലാന്‍ഡിങ്ങിനെയും അപകടകരമാക്കി എന്നു കരുതണം. എഎല്‍എസ് ഇല്ലാത്ത ബാരാമതി റണ്‍വേയില്‍ വിഷ്വല്‍ ലാന്‍ഡിങ് നടത്താന്‍ ഇറങ്ങിവന്ന വിമാനം റണ്‍വേ ശരിക്കും കാണാനാകാതെ 'ഗോ എറൗണ്ട്' നടത്തുകയും, തുടര്‍ന്ന്, അപ്പോഴും മെച്ചപ്പെടാതിരുന്ന വിസിബിലിറ്റിയില്‍ ലാന്‍ഡുചെയ്യാനുള്ള ശ്രമത്തില്‍ വിമാനത്തിന്റെ വേഗവും ഉയരവും സുരക്ഷിതമായി നിലനിര്‍ത്താനാവാതെ നിലം തൊട്ട് തകരുകയും ചെയ്തു എന്ന് കരുതണം.
