ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നില്‍ പ്രതിഷേധം കടുത്തതോടെ മണിക്കൂറുകളോളം യുദ്ധസമാനമായ അന്തരീക്ഷം; സംഘര്‍ഷത്തില്‍ 10 വാഹനങ്ങള്‍ പൂര്‍ണമായി കത്തി; മൂന്ന് ലോറികള്‍ തല്ലിതകര്‍ത്തു; തീ അണച്ചത് നാല് മണിക്കൂറിന് ശേഷം; താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും നാളെ ഹര്‍ത്താല്‍

താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും നാളെ ഹര്‍ത്താല്‍

Update: 2025-10-21 16:54 GMT

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെ ഫാക്ടറിക്ക് മുന്നില്‍ അരങ്ങേറിയത് യുദ്ധസമാനമായ കാഴ്ച. സംഘര്‍ഷത്തില്‍ പതിമൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. നിലവില്‍ ഫാക്ടറിയിലെ തീ പൂര്‍ണമായും അണച്ചു കഴിഞ്ഞു. നാല് മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി ഫയര്‍ ഫോഴ്‌സ് ആണ് തീ അണച്ചത്. ആറ് വണ്ടികള്‍ പൂര്‍ണമായി കത്തിച്ചു. രണ്ട് വണ്ടികള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു. 9 ലോറി,1 ഓട്ടോ, 3 ബൈക്കുകളുമാണ് കത്തി നശിച്ചത്. 3 ലോറികള്‍ പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തതായാണ് വിവരം.

താമരശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനത്തില്‍ പഞ്ചായത്തുകളില്‍ നാളെ ഭാഗിക ഹര്‍ത്താല്‍. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂര്‍ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ , അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓര്‍ങ്ങട്ടൂര്‍, മാനിപുരം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലേറില്‍ താമരശ്ശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്.

സംഘര്‍ഷത്തില്‍ റൂറല്‍ എസ്പി അടക്കം 16 പോലീസുകാര്‍ക്കും, 27 സമരക്കാരും പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിടുകയായിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് വാഹനം സമരക്കാര്‍ വഴിയില്‍ തടഞ്ഞു.

നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല. താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.

നാളെ ഹര്‍ത്താല്‍

ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാര്‍ഡുകളില്‍ നാളെ ഹര്‍ത്താല്‍. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂര്‍, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓര്‍ങ്ങാട്ടൂര്‍, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍. താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫാക്ടറി പൂര്‍ണമായി അടച്ചുപൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News