'എന്നെ സഹായിച്ച വൈദ്യരെ ഇല്ലായ്മ ചെയ്യാന്‍ അച്ഛന്‍ ശ്രമിച്ചു; ഒരു മുസ്ലീം ആയതിന്റെ പേരിലാണ് വേട്ടയാടുന്നത്; പൊലീസുകാരെയും രാഷ്ട്രീയക്കാരെയും ഫോണ്‍ വിളിച്ചതിന് ഞാന്‍ സാക്ഷിയാണ്; ചികിത്സിച്ചതിന് ലക്ഷങ്ങള്‍ ചെലവിട്ടുവെന്ന് പറഞ്ഞത് കള്ളം; കണക്കുകള്‍ കയ്യിലുണ്ട്'; സിപിഎം നേതാവായ പിതാവിനും കുടുംബത്തിനുമെതിരെ ആരോപണവുമായി വീണ്ടും മകള്‍ രംഗത്ത്

Update: 2025-10-22 11:28 GMT

കാസര്‍കോട്: സി.പി.എം. കാസര്‍കോട് ഉദുമ ഏരിയ കമ്മിറ്റിയംഗമായ പിതാവ് പി.വി. ഭാസ്‌കരനും കുടുംബത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മകള്‍ സംഗീത രംഗത്ത്. തന്നെ വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി യുവതി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ യുവതിയുടെ പിതാവും കുടുംബാംഗങ്ങളും ഇന്ന് പത്രമ്മേളനം വിളിച്ചിരുന്നു. ഇതിനിടെയാണ് വീഡിയോ സന്ദേശത്തിലൂടെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തന്നെ സഹായിച്ച വൈദ്യരെ ഇല്ലായ്മ ചെയ്യാന്‍ പൊലീസുകാരെയും രാഷ്ട്രീയക്കാരെയും പിതാവ് വീട്ടില്‍ നിന്നും ഫോണ്‍ ചെയ്തത് നേരിട്ട് കേട്ടുവെന്നും വൈദ്യര്‍ ഒരു മുസ്ലീം ആയതിന്റെ പേരിലാണ് വേട്ടയാടുന്നതെന്നും യുവതി പറയുന്നു. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്ന് യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന തന്റെ ചികിത്സയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവിട്ടു എന്ന് പിതാവ് പറഞ്ഞത് കള്ളമാണെന്നും ചിലവഴിച്ച തുകയുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും യുവതി പറയുന്നു. സത്യം മറച്ചുവയ്ക്കാനാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നതെന്നും ഒരു ഭാഗം മാത്രം പറഞ്ഞ് സത്യം മറച്ചുവയ്ക്കാനാണ് നീക്കമെന്നും യുവതി പറയുന്നു. വൈദ്യര്‍ക്കെതിരെ തന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും അതോടെ സത്യം എല്ലാവര്‍ക്കും മനസിലാകുമെന്നും യുവതി പറയുന്നു. തന്നെക്കുറിച്ച് പറയേണ്ടതെല്ലാം തന്റെ മകനോട് പോലും പറഞ്ഞ് പഠിപ്പിച്ച് എല്ലാവരും നല്ലപോലെ ട്രെയിന്‍ ചെയ്തിട്ടാണ് പത്രസമ്മേളനത്തിന് പോയതെന്ന് യുവതി വീഡിയോയില്‍ പറയുന്നു.


Full View

സംഗീത വീഡിയോ സന്ദേശത്തില്‍ പറയുന്നത്:

എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ മകന്‍ അടക്കമുള്ള ആള്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പോയിട്ടാണുള്ളത്. സത്യവും കള്ളവും തിരിച്ചറിയരുത് എന്നതിനാല്‍ എന്നെ പോലും ഇവിടെ അടച്ചിട്ടിട്ടാണ് പോയത്. എന്നെക്കുറിച്ച് പറയേണ്ടതെല്ലാം എന്റെ മകനോട് പോലും പറഞ്ഞ് പഠിപ്പിച്ച് എല്ലാവരും നല്ലപോലെ ട്രെയിന്‍ ചെയ്തിട്ടാണ് പോയത്. ചിരിക്കണോ കരയണോ എന്ന് അറിയില്ല.

എന്റെ ശബ്ദം പുറത്തെത്താന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയൊക്കെ ചെയ്തത്. ഞാന്‍ ഇത്രയും സഹിച്ചത്. എന്നിട്ട് ആ ശബ്ദം പോലും പുറത്ത് എത്തിക്കാനല്ല അവര്‍ നോക്കുന്നത്. എന്നോട് സിമ്പതി കാണിച്ചതിന് എന്റെ കാര്യങ്ങള്‍ മനസിലാക്കിയിന്റെ പേരിലാണ് ആ വൈദ്യരെ ഇത്രത്തോളം ക്രൂശിക്കുന്നത്. ആ വൈദ്യരെ ഇനി ചെയ്യാനായി ഒന്നും ബാക്കിയില്ല. ഉള്ള അധികാരവും പണവും ഒക്കെ ഉപയോഗിച്ചിട്ട് കള്ള പരാതികള്‍ ചെയ്യുന്നുണ്ട്. എല്ലാം മാനുപ്പുലേറ്റഡാണ്.

എന്നെ മനസിലാക്കിയതിന്, സപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലും അദ്ദേഹം ഒരു മുസ്ലീം ആയതിന്റെ പേരിലുമാണ് വേട്ടയാടുന്നത്. മനസില്‍ ഇത്രയേറെ വര്‍ഗീയത കൊണ്ടുനടക്കുന്ന ഒരാള്‍. ഒറ്റ ഒരു കാര്യമെ ഞാന്‍ പറയുന്നു. ഇത്രയൊക്കെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ആ ആരോപണങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് അദ്ദേഹത്തിന്റെ മകളില്‍ നിന്ന് അറിയാനുള്ള സാഹചര്യം, പത്രസമ്മേളനത്തിന് എന്നെ കൂടിയല്ലെ കൊണ്ടുപോകേണ്ടത്. ഈ പറയുന്ന ആരോപണങ്ങള്‍ എന്താണെന്ന് എല്ലാവരുടെയും മുന്നില്‍ എത്തിക്കാമല്ലോ, ഏതാണ് സത്യം, ഏതാണ് തെറ്റ് എന്ന് അറിയട്ടെ. അത് മാത്രമല്ല, ഈ പറഞ്ഞ ആരോപണങ്ങള്‍, അവര് പറഞ്ഞ കാര്യങ്ങളിലൂടെയും ഒരു സത്യസന്ധമായ അന്വേഷണം വരട്ടെ. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പുറത്ത് അറിയട്ടെ, ആരും പറയുന്നത് കേട്ട് മാത്രം ഒന്നും ചെയ്യരുത്. സത്യസന്ധമായി അന്വേഷണം വരണം. അദ്ദേഹത്തെക്കുറിച്ച് എന്തൊക്കെ പറയുന്നുണ്ടോ അതൊക്കെ അന്വേഷിക്കട്ടെ. എല്ലാം മനസിലാകും എല്ലാവര്‍ക്കും. എല്ലാത്തിനും എല്ലാമുണ്ട്. ഒരു ഭാഗം മാത്രം കേള്‍ക്കാന്‍ ആണ്, കേള്‍പ്പിക്കാനാണ് എന്റെ അച്ഛനും കുടുംബസമേതം പത്രസമ്മേളനത്തിന് പോയത്. എന്റെ ശബ്ദം അവിടെ പോലും കേള്‍ക്കരുത്.

എന്നെ ഒന്ന് സഹായിച്ചതിന്റെ പേരില്, എനിക്ക് വേണ്ടി സ്റ്റാന്‍ഡ് എടുത്ത് നിന്നതിന്റെ പേരില് ആ പാവം വൈദ്യരെ ചെയ്യാനായി ഇനി ഒന്നും ബാക്കിയില്ല. അദ്ദേഹത്തിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനെയും ഒന്ന് അന്വേഷിച്ചോളു. എന്റെ അച്ഛന്‍ പറയുന്നുണ്ട്. ഇവള്‍ക്ക് വേണ്ടി ഒരുപാട് ചെലവാക്കി എന്ന്. ലക്ഷങ്ങള്‍ ചെലവാക്കി എന്ന്. എത്രയാണ് ചെലവാക്കിയത് എന്നതിന്റെ യാഥാര്‍ത്ഥ്യ കണക്ക് എന്റെ കയ്യിലുണ്ട്. എന്റെ കാലുകള്‍ക്കെ ക്ഷതം പറ്റിയിട്ടുള്ളു. എന്റെ തലയ്ക്ക് ക്ഷതം പറ്റിയിട്ടില്ല. എന്റെ കണ്ണിന് പറ്റിയിട്ടില്ല. കൈയ്ക്ക് പറ്റിയിട്ടില്ല. എല്ലാ റസീപ്റ്റിലും എന്റെ ഒപ്പോട് കൂടിയാണ് പോയത്. ഓരോ ഹോസ്പിറ്റലിലും. ഡയപ്പര്‍ അടക്കം എല്ലാത്തിന്റെയും കണക്ക് എന്റെ കയ്യിലുണ്ട്. ശരിയായ കണക്ക് എന്റെ കയ്യിലുണ്ട്. അത് മാത്രമല്ല, ആ പണം എന്റേത് തന്നെയാണ്. അത് തെളിയിക്കാന്‍ പറ്റുന്നത് തന്നെയാണ്. ഒന്ന് അന്വേഷിച്ചാല്‍ മതി. എല്ലാത്തിനും കിട്ടും. ഒരു കാര്യം കൂടി എല്ലാവരും ഇവിടെ നിന്ന് എന്നെ സാക്ഷിയാക്കിയാണ് ഫോണ്‍ വിളിക്കുന്നത്. പോലിസുകാരെയും രാഷ്ട്രീയക്കാരെയും എത്ര പൈസ ചെലവായിലും കുഴപ്പമില്ല. എന്തുതന്നെയായാലും കുഴപ്പമില്ല. ആ വൈദ്യരെ ഇല്ലായ്മ ചെയ്യണം. എന്റെ മകളുടെ ശബ്ദം പുറത്ത് കേള്‍ക്കരുത് എന്നാണ് പറഞ്ഞത്.

സ്വത്ത് തട്ടിയെടുത്തുവെന്നും ആരോപണം

വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന സംഗീത വീട്ടില്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞത്. വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. ഒരു രഹസ്യ ഫോണ്‍ ഉപയോഗിച്ച് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് യുവതി തന്റെ ദുരിതം ലോകത്തോട് വിളിച്ചു പറഞ്ഞത്.

തനിക്ക് ലഭിച്ച വിവാഹമോചന സെറ്റില്‍മെന്റ് തുക മുഴുവന്‍ പിതാവും സഹോദരനും ചേര്‍ന്ന് കൈക്കലാക്കിയെന്നും, അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ലെന്നും സംഗീത പറയുന്നു. ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നതെന്നും അവര്‍ വ്യക്തമാക്കി. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട് എന്നും, 'പോയി ചാകാന്‍' പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

'കമ്മ്യൂണിസം വീടിന് പുറത്ത് മാത്രം'

പിതാവ് പി.വി. ഭാസ്‌കരന്‍ തന്നോട് സംസാരിച്ചതിനെക്കുറിച്ചും സംഗീത വെളിപ്പെടുത്തി. 'കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതി, വീടിനകത്ത് അതൊന്നും നടക്കില്ല,' എന്നാണ് പിതാവ് പറഞ്ഞത്. താന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ കൊല്ലുമെന്നും, അതില്‍ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. 'ഇനി നീ നടക്കാന്‍ പോവുന്നില്ല, അരയ്ക്ക് താഴെ തളര്‍ന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയും,' എന്നും പിതാവ് അധിക്ഷേപിച്ചതായി സംഗീതയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

നേരത്തെ വീട്ടുതടങ്കലില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത് എന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതിയില്‍ ഈ ഹര്‍ജി നിലനിന്നില്ല. താന്‍ തടങ്കലിലാണെന്ന വിവരം പൊലീസിനോട് പറയാന്‍ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിക്കുന്നു. പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവര്‍ പറയുന്നു.

തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്.പി.ക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യര്‍ത്ഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്നും പീഡനത്തില്‍ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ അടിയന്തരമായ ആവശ്യം. യുവതിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

Tags:    

Similar News