ബ്രൂവറി നിര്‍മ്മിക്കാന്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച പോലും നടത്താതെ എക്സൈസ് മന്ത്രിയുടെ ഒറ്റയ്ക്കുള്ള നീക്കങ്ങള്‍; മദ്യ ഉത്പാദനത്തിന് ഒരു മന്ത്രിയുടെ 'നിസ്വാര്‍ത്ഥ സേവനം'; പിന്നില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം; ഒരു പഞ്ചായത്തിനെയും ജനങ്ങളെയും പിണറായി സര്‍ക്കാര്‍ അവഗണിക്കുന്നത് ഇങ്ങനെ

Update: 2025-10-24 09:21 GMT

പാലക്കാട്: ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ എലപ്പുള്ളി പഞ്ചായത്തില്‍ ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കാനുള്ള സി.പി.എമ്മിന്‍െ്റ നീക്കത്തിനു പിന്നില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം. ലഭ്യത കുറച്ചു കൊണ്ടുള്ള മദ്യവര്‍ജ്ജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഇടതു സര്‍ക്കാര്‍ മദ്യം ഒഴുക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. ബ്രൂവറിക്കെതിരെ ശബ്ദമുയര്‍ത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായി എക്സൈസ് മന്ത്രി അനുനയ ചര്‍ച്ച നടത്തിയത് പ്രത്യേക താല്‍പര്യമെടുത്തെന്ന് ആരോപണം. ബ്രൂവറിക്കെതിരെയുള്ള പഞ്ചായത്തിന്‍െ്റ ഭൂരിപക്ഷ അഭിപ്രായം അവഗണിച്ച് മദ്യം ഉത്പാദിപ്പിക്കാനുള്ള മന്ത്രിയുടെ നീക്കത്തിന് പിന്നില്‍ ഗൂഢ താല്‍പര്യമെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്‍്റ് ആരോപിച്ചു.

പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് എന്ന കമ്പനിക്ക് ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണ് വീണ്ടും വിവാദമാകുന്നത്. തദ്ദേശീയമായുള്ള മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന മന്ത്രി എം ബി രാജേഷിന്റെ നിലപാടും ഇടപെടലുകളുമാണ് വിമര്‍ശന വിധേയമാകുന്നത്. ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കേരളത്തിലെ ഇടത് സര്‍ക്കാര്‍ മദ്യം ഒഴുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആരോപിച്ചു. ബ്രൂവറി വിഷയത്തില്‍ എലപ്പുള്ളി പഞ്ചായത്തിലെ ജനങ്ങള്‍ കക്ഷിഭേദമില്ലാതെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ജലചൂഷണം അനുവദിക്കില്ലെന്നായിരുന്നു പഞ്ചായത്ത് ഭരണ സമിതിയുടെ പ്രതികരണം. എന്നാല്‍ ബ്രൂവറി സ്ഥാപിക്കുന്നത് ജലചൂഷണത്തിന് കാരണമാകില്ലെന്ന് എക്സൈസ് വകുപ്പ് അഭിപ്രായപ്പെട്ടു. ബ്രൂവറിക്ക് മലമ്പുഴ ഡാമില്‍ നിന്നും വെള്ളം എത്തിക്കുമെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം.

എന്നാല്‍, കാര്‍ഷികാവശ്യത്തിനല്ലാതെ മലമ്പുഴയില്‍ നിന്നും വെള്ളം എത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്നതിനാല്‍ അതും വിവാദമാകുകയാണ്. തുടര്‍ന്ന്, ബ്രൂവറി പ്രദേശത്തു തന്നെ മഴവെള്ള സംഭരണി പണിത് വെള്ളം ശേഖരിക്കുമെന്നും, ഈ വെള്ളം ഉപയോഗിച്ചായിരിക്കും ബ്രൂവറി പ്രവര്‍ത്തിക്കുകയെന്നും സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഘടകകക്ഷിയായ സിപിഐയുമായി ചര്‍ച്ച ചെയ്യാതെ മദ്യനയത്തില്‍ മാറ്റം വരുത്തിയെന്ന ആരോപണവും ഇതു സംബന്ധിച്ച് ഉയര്‍ന്നു. ഈ നീക്കത്തിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ രംഗത്തെത്തിയതോടെ മുന്നണിയില്‍ വലിയ തര്‍ക്കത്തിന് ബ്രൂവറി വിഷയം കാരണമായി. ബ്രൂവറിയുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് സി.പി.ഐയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയതോടെ സി.പി.ഐയുടെ പ്രതിഷേധം ശമിക്കുകയായിരുന്നു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ബ്രൂവറിക്ക് അനുമതി നല്‍കരുതെന്ന് ഗ്രാമസഭ തീരുമാനമെടുക്കുകയും ചെയ്തു.

ജലക്ഷാമം രൂക്ഷമായിരിക്കുന്ന ഒരു ഗ്രാമത്തില്‍ ദിനം പ്രതി വന്‍തോതില്‍ ജലം ആവശ്യമായി വരുന്ന ഇത്തരം പദ്ധതികള്‍ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടാണ് പഞ്ചായത്തിന്‍െ്റത്. കമ്പനി തുടങ്ങാനിരിക്കുന്ന 26 ഏക്കര്‍ ഭൂമി രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണെന്നും പഞ്ചായത്ത് പ്രസിഡന്‍്റ് രേവതി ബാബു പറയുന്നു. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ ഒരിക്കല്‍ പോലും കേള്‍ക്കാന്‍ തയ്യാറാകാത്ത മന്ത്രിക്ക് ബ്രൂവറി വരുന്നതില്‍ എലപ്പുള്ളിക്കാര്‍ക്ക് ആശങ്കയില്ലെന്ന് എങ്ങനെ പറയാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്‍്റ് ചോദിക്കുന്നു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്ന മറുപടിയുമായി പ്രാദേശിക എതിര്‍പ്പുകള്‍ വകവക്കാതെ മുന്നോട്ടു പോകാനാണ് എക്സൈസ് മന്ത്രിയുടെ തീരുമാനം.

ജലത്തിന്റെ ലഭ്യതയെക്കുറിച്ചെല്ലാം നേരത്തെ സംസാരിച്ചതാണെന്നും കര്‍ണാടകയിലൊന്നുമില്ലാത്ത വിഷയമാണ് ഇവിടെ വീണ്ടും ഉയര്‍ത്തുന്നതെന്നും മന്ത്രി ആരോപിക്കുന്നു. തദ്ദേശീയമായി മദ്യോല്‍പ്പാദനം വര്‍ധിപ്പിക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയണമെന്നാണ് മന്ത്രിയുടെ പക്ഷം. മന്ത്രിയുടെ അമിത താല്‍പര്യത്തിനു പിന്നില്‍ അഴിമതിയാണെന്നാണ് ആരോപണം ഉയരുന്നത്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. പ്രസിഡന്റ് രേവതി ബാബു, വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അവിശ്വാസം കൊണ്ടുവന്നത്. ഇത് പാസാവാതെ വന്നതോടെയാണ് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടുമായി എക്സൈസ് മന്ത്രി തന്നെ രംഗത്തു വന്നത്.

Tags:    

Similar News