ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിന് മുകളിലും തീവ്ര ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം മഴ കനക്കാന്‍ സാധ്യത; അപകടകരമായ നിലയില്‍ രണ്ട് നദികളില്‍ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ്പ്
പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീവ്രന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയിലേക്കാണ് നീങ്ങുക. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു.
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട പുതിയ ന്യൂന മര്‍ദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മര്‍ദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴയെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി (മൈലമൂട് സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദി (കല്ലേലി സ്റ്റേഷന്‍ & കോന്നി സ്റ്റേഷന്‍), എന്നീ നദികളിലാണ് പ്രളയസാധ്യതാ മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് അറിയിക്കുന്നു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ ഇത് തീവ്ര ന്യൂന മര്‍ദ്ദമായും ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മര്‍ദ്ദമായും ശക്തി പ്രാപിക്കും. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. നിലവിലെ അറബിക്കടലില്‍ ന്യൂന മര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി, ഇടി മിന്നലോട് കൂടിയ മഴയാണ് തുടരുന്നത്. തുലാവര്‍ഷ മഴക്ക് പകരം താല്‍കാലികമായി കാലവര്‍ഷ സ്വഭാവത്തിലുള്ള മഴയാണ് കേരളം കാണുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് തിങ്കളാഴ്ചയോടെ കേരളത്തിലും മഴ ശക്തമാകും.
