ചൂടിന്റെ കാഠിന്യത്താല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകി; വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളി ഉപയോഗിച്ചത് വിനയായി; ആ ബസില്‍ ഉണ്ടായിരുന്നത് 46 ലക്ഷത്തിന്റെ 234 സ്മാര്‍ട് ഫോണും; കുര്‍ണൂലില്‍ ദുരന്തം കൂട്ടി ഫ്‌ളിപ്കാര്‍ട്ട് പാഴ്‌സല്‍
കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ബസ് അപകടത്തില്‍ 20 പേര്‍ മരിക്കാനിടയായ തീപിടിത്തത്തിനിടെ കത്തിയമര്‍ന്നത് നൂറുകണക്കിന് സ്മാര്‍ട്ട്‌ഫോണുകള്‍. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ഒരു മോട്ടോര്‍സൈക്കിളുമായി കൂട്ടിയിടിച്ചതിനെത്തര്‍ന്ന് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. നിമിഷങ്ങള്‍ക്കകം ബസിനുള്ളില്‍ തീ ആളിപ്പടര്‍ന്നു.
ബസില്‍ 234 മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നതായും, ഇവയിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതായും ഫോറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞു. 46 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഫോണുകള്‍ ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലെ ഒരു ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് അയക്കുകയായിരുന്നു. ബസിന്റെ ബാറ്ററികളും, കത്തുന്ന ഫര്‍ണിഷിംഗുകളും, മൊബൈല്‍ ഫോണും ദുരന്ത തീവ്രത വര്‍ദ്ധിപ്പിച്ചതായി കുര്‍ണൂല്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് പട്ടേല്‍ പറഞ്ഞു.
ബസിന്റെ എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തിലെ ഇലക്ട്രിക്കല്‍ ബാറ്ററികളും പൊട്ടിത്തെറിച്ചു. ഏകദേശം 40 യാത്രക്കാര്‍ അപകടത്തില്‍ പെട്ടു. 20 പേര്‍ മരിച്ചു. കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ലിഥിയം-അയണ്‍ ബാറ്ററികള്‍ക്ക് നിയന്ത്രണാതീതമായ താപനില വര്‍ദ്ധനവ് (തെര്‍മല്‍ റണ്‍എവേ) സംഭവിക്കാം. പരമ്പരാഗത തീ അണയ്ക്കല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഇത് നിയന്ത്രിക്കാന്‍ പ്രയാസമാണ്, മാത്രമല്ല സമീപത്തുള്ള മറ്റ് ബാറ്ററികളിലേക്കും തീ പടരാന്‍ ഇത് കാരണമാകും.
അശ്രദ്ധമായ ഡ്രൈവിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ബസ് ഡ്രൈവര്‍ അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മോട്ടോര്‍സൈക്കിള്‍ യാത്രികനും മരിച്ചു. ബസ് ഓപ്പറേറ്റര്‍മാര്‍ പലപ്പോഴും സുരക്ഷാ നിയമങ്ങള്‍ അവഗണിക്കുകയും വാഹനങ്ങളില്‍ ആളുകളെ കുത്തിനിറയ്ക്കുകയും ചെയ്യാറുണ്ട്. ലോകത്ത് റോഡപകട മരണങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിദേശ മാധ്യമങ്ങള്‍ അടക്കം ഈ ദുരന്തം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹൈദരാബാദില്‍നിന്ന് ബംഗളൂരുവിലെ ഫ്‌ളിപ്കാര്‍ട്ട് ഗോഡൗണിലേക്ക് അയച്ച 46 ലക്ഷം രൂപ വിലവരുന്ന ഫോണുകളായിരുന്നു പൊട്ടെത്തെറിച്ചത്. ഇന്ധന ചോര്‍ച്ചയാണ് തീപിടിത്തത്തിന്റെ പ്രധാന കാരണമെന്നും എന്നാല്‍ സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിച്ചതും എ.സി സംവിധാനത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കല്‍ ബാട്ടറികള്‍ പൊട്ടിത്തെറിച്ചതും ആഘാതം വര്‍ദ്ധിപ്പിച്ചതായും ആന്ധ്രാപ്രദേശ് ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ പി. വെങ്കട്ടരാമന്‍ അറിയിച്ചു. ചൂടിന്റെ കാഠിന്യത്താല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകിപ്പോയി.ബസ് നിര്‍മ്മാണത്തിലെ അപാകതയും വെങ്കട്ടരാമന്‍ ചൂണ്ടിക്കാട്ടി.
വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളികളാണ് ഉപയോഗിച്ചത്. അശ്രദ്ധമായി ഓടിച്ചുവന്ന ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ബസിനടിയില്‍ കുടുങ്ങി ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു. റോഡുമായി ഉരസിയപ്പോഴുണ്ടായ തീപ്പൊരിയും കാരണം ബസിന്റെ മുന്‍ഭാഗത്ത് തീ പടരുകയും ആളിക്കത്തുകയുമായിരുന്നു.
രണ്ട് ഡ്രൈവര്‍മാരടക്കം 42 പേരായിരുന്നു ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ ഉറക്കത്തിലായതിനാലാണ് മരണനിരക്ക് ഉയര്‍ന്നത്. മിക്കവരും ദീപാവലി അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുന്നവരായിരുന്നു. അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടത്തിന് തൊട്ടുമുമ്പുള്ള ഇയാളുടെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കോടിച്ചിരുന്ന യുവാവും മറ്റൊരാളും ഒരു പെട്രോള്‍ പമ്പിലെത്തിയിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു. പമ്പില്‍ അല്പസമയം ചെലവഴിച്ചശേഷം ഇയാള്‍ ബൈക്കുമായി പോയി. ഇതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
രക്ഷപ്പെട്ട ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസ് അമിത വേഗതയിലായിരുന്നെന്നും അശ്രദ്ധമായി ഓടിച്ചെന്നും മൊഴിയില്‍ പറയുന്നു. അതിനിടെ ഡ്രൈവര്‍മാരിലൊരാള്‍ മൊഴി മാറ്റിയതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ ദൃശ്യപരത കുറഞ്ഞതിനാല്‍ ബസ് ബൈക്കില്‍ ഇടിച്ചതാണെന്നായിരുന്നു ഡ്രൈവര്‍മാരിലൊരാളായ ശിവ നാരായണ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മറ്റേതോ അപകടത്തില്‍പ്പെട്ട് ബൈക്കും യാത്രികനും റോഡില്‍ കിടക്കുകയായിരുന്നെന്നും മറ്റൊരു ഡ്രൈവറായ ലക്ഷ്മയ്യ അറിയാതെ അവരുടെ മുകളിലൂടെ ബസ് കയറ്റുകയായിരുന്നെന്നുമാണ് ഇപ്പോഴത്തെ മൊഴി.
