യാത്രക്കാരന്റെ ലാപ്‌ടോപ് നഷ്ടപ്പെട്ടു; അപകടഭീതിയെ തുടര്‍ന്ന് വിമാനം തിരിച്ചിറങ്ങി; വിമാനയാത്രയ്ക്കിടയില്‍ ഏതെല്ലാം രോഗാവസ്ഥകളെ കുറിച്ച് വിമാനക്കമ്പനിക്ക് ചോദിക്കാം? 2025 ലെ മികച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് എമിരേറ്റ്‌സിനെ

Update: 2025-10-30 01:51 GMT

ലണ്ടന്‍: പറന്നുയര്‍ന്ന വിമാനത്തിലെ ക്യാബിനിലൂടെ ഒരു യാത്രക്കാരന്റെ ലാപ്‌ടോപ് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിലെക്ക് പതിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും ഇറ്റലിയിലെക്ക് പോവുകയായിരുന്ന വിമാനം തിരിച്ചിറക്കി. വാഷിംഗ്ടണില്‍ നിന്നും റോമിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യു എ 126 വിമാനമാണ് ലാപ്‌ടോപ് വീണതിനെ തുടര്‍ന്നുള്ള സുരക്ഷാ പ്രശ്നങ്ങളാല്‍ വെര്‍ജീനിയയില്‍ ഇറങ്ങിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15 ന് ആയിരുന്നു സംഭവം ലാപ്‌ടോപ്പില്‍ ലിഥിയം ബാറ്ററി ഉള്ളതാണ് അപകട സാധ്യത ഉയര്‍ത്തിയത് എന്ന് വിമാനക്കമ്പനി അറിയിച്ചു.

ഫ്‌ലൈറ്റ് അവയറിലെ വിവരങ്ങള്‍ അനുസരിച്ച് യുണൈറ്റഡ് ബോയിംഗ് 767 പ്രാദേശിക സമയം ഏകദേശം 10.22 ഓടെയാണ് പറന്നുയര്‍ന്നത്. എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഒരു മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് ഈ പ്രശ്നം പൈലറ്റുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ക്യാബിന്‍ വാള്‍ പാനലിനു പുറകിലായി ലാപ്‌ടോപ് വീഴുകയായിരുന്നു. പിന്നീട് അവിടെയുള്ള ചെറിയ വിടവിലൂടെ അത് കാര്‍ഗോ ഹോള്‍ഡിലേക്കും വീണു. കേടായതോ, അമിതമായി ചൂടായതോ ആയ ലിഥിയം ബാറ്ററി സ്‌ഫോടനത്തിന് കാരണമായേക്കാം എന്നതിനാലാണ് വിമാനം അറിയന്തിരമായി ഇറക്കിയതെന്നും കമ്പനി അറിയിച്ചു.

വിമാനയാത്രയ്ക്കിടയില്‍ ഏതെല്ലാം രോഗാവസ്ഥകളെ കുറിച്ച് വിമാനക്കമ്പനിക്ക് ചോദിക്കാം?

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പേരില്‍ ബി ബി സി ന്യൂസ്‌നൈറ്റിലെ മുന്‍ പൊളിറ്റിക്കല്‍ എഡിറ്ററായ മാര്‍ക്ക് മാര്‍ഡെലിന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനയാത്ര വിലക്കിയതായി റിപ്പോര്‍ട്ട് വരുന്നു. ഇസ്താംബൂളില്‍ നിന്നും ഗാറ്റ്വിക്കിലേക്കുള്ള യത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന്റെ ബാഗ് വിലക്കുകളില്ലാതെ വിമാനത്തില്‍ കയറ്റി എന്നാല്‍, സുരക്ഷാ പരിശോധന പോലും നടത്തുന്നതിനു മുന്‍പായി തനിക്ക് യാത്ര വിലക്കുകയായിരുന്നു എന്ന് മാര്‍ഡെല്‍ പറയുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതര്‍ മറ്റുള്ളവര്‍ക്ക് അപകടകാരികളാണെന്നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിചാരിക്കുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.

അതേസമയം, സ്ഥിരതയില്ലാത്ത ഹൃദയാവസ്ഥ ശ്വാസകോശത്തിന്റെ അവസ്ഥ പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടോ എന്ന് വിമാനക്കമ്പനികള്‍ക്ക് പരിശോധിക്കാവുന്നതാണ്. അതുപോലെ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെങ്കില്‍, ഒരു പക്ഷെ യാത്ര വിലക്കാവുന്നതാണ്. അതുപോലെ ഒടിവുകള്‍ ഉള്ളിടങ്ങളില്‍ പ്ലാസ്റ്ററില്‍ വിടവില്ലാതെ കാസ്റ്റ് ധരിച്ചാല്‍, ക്യാബിനിലെ കുറഞ്ഞ മര്‍ദ്ദത്തില്‍ ദുസ്സഹമായ വേദനയ്ക്ക് കാരണമായേക്കാം. പൂര്‍ണ്ണ ഗര്‍ഭിണികള്‍ ആണെങ്കിലും യാത്രയ്ക്ക് നിയന്ത്രണം ഉണ്ടായേക്കും.

2025 ലെ മികച്ച എയര്‍ലൈന്‍സ് എമിരേറ്റ്‌സ്

ഫോര്‍ബ്‌സ് ട്രാവല്‍ ഗൈഡ് വെരിഫൈഡ് എയര്‍ ട്രാവല്‍ അവാര്‍ഡ്‌സില്‍ ഈ വര്‍ഷത്തെ മികച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയി ദുബായ് ആസ്ഥാനമായി എമിരേറ്റ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച നിരവധി പുരസ്‌കാരങ്ങള്‍ക്കും ബഹുമതികള്‍ക്കും ഒപ്പം എമിരേറ്റ്‌സിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. കൂടാതെ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫസ്റ്റ് ക്ലാസ്സ്, ഏറ്റവും മികച്ച എയര്‍ലൈന്‍ ലോഞ്ച് എന്നീ വിഭാഗങ്ങളിലും എമിരേറ്റ്‌സ് ഒന്നാമത് എത്തിയിട്ടുണ്ട്.

സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍, ആഡംബര യാത്രാ ഉപദേഷ്ടാക്കള്‍, ഫോര്‍ബ്‌സ് ട്രാവല്‍ ഗൈഡ് ഇന്‍സ്പെക്റ്റര്‍മാര്‍ എന്നിവര്‍ നടത്തുന്ന വിശകലനങ്ങളിലൂടെയാണ് ഫോര്‍ബ്‌സ് അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9,000 പേരാണ് ഈ വര്‍ഷത്തെ സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റത്തില്‍ ഭാഗഭാക്കായത്. ഏറ്റവും മികച്ച യാത്രാനുഭവമാണ് എമിരേറ്റ്‌സ് നല്‍കുന്നത് എന്നായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഫോര്‍ബ്‌സ് പ്രതിനിധികള്‍ പറഞ്ഞത്. 2025 ലെ ടൈംസ് ആന്‍ഡ് സണ്‍ഡേ ടൈംസ് ട്രാവല്‍ അവാര്‍ഡുകളിലും മികച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് എമിരേറ്റ്‌സ് തന്നെയായിരുന്നു.

Tags:    

Similar News