ജമൈക്കയെ തകര്‍ത്തെറിഞ്ഞ് മെലിസ ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം; കരീബിയന്‍ ദ്വീപില്‍ വീശിയത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; കാറ്റിനൊപ്പം മഴയും മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; തകര്‍ന്ന കെട്ടിടങ്ങളും കടപുഴകി വീണ മരങ്ങളും നിലംപരിശായ പട്ടണങ്ങളുമായി ദുരിതക്കാഴ്ചകള്‍; ജമൈക്കയില്‍ അഞ്ചുപേരും ഹെയ്ത്തിയില്‍ 25 പേരും മരിച്ചു

ജമൈക്കയെ തകര്‍ത്തെറിഞ്ഞ് മെലിസ ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം

Update: 2025-10-30 15:49 GMT

കിംഗ്സ്റ്റണ്‍:മെലിസ ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവത്തില്‍ ജമൈക്കയിലുടനീളം കനത്ത നാശനഷ്ടം. ആധുനിക ചരിത്രത്തില്‍, കരീബിയന്‍ ദ്വീപില്‍ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് വീശിയടിച്ചത്. വീടുകള്‍ തകര്‍ത്തെറിഞ്ഞ കാറ്റ് ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളെയും ഇല്ലാതാക്കി. ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. മഴയും ചുഴലിക്കാറ്റും വ്യാപക നാശം വിതച്ചതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മെലിസ ചുഴലിക്കാറ്റ് ജമൈക്കന്‍ തീരത്ത് വീശിയടിച്ചത്. മണിക്കൂറില്‍ 185 മൈല്‍ (ഏകദേശം 300 കിലോമീറ്റര്‍) വരെ ഉയര്‍ന്ന വേഗതയുണ്ടായിരുന്ന ചുഴലിക്കാറ്റിനൊപ്പം കനത്ത മഴ കൂടി പെയ്തതോടെ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍, കടപുഴകിവീണ മരങ്ങള്‍, നിലംപരിശായ പട്ടണങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ ദുരിതത്തിന്റെ വ്യാപ്തി കാണിക്കുന്നു. കാറ്റിലും മഴയിലും പലയിടത്തും മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി.

ദ്വീപിന്റെ മുക്കാല്‍ ഭാഗത്തും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ജമൈക്കയുടെ പടിഞ്ഞാറന്‍ മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

തെക്ക് പടിഞ്ഞാറന്‍ തീരദേശ പട്ടണമായ ബ്ലാക്ക് റിവറില്‍ 90 ശതമാനം വീടുകളുടെയും മേല്‍ക്കൂരകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നുവീണതായി പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നസ്സ് അറിയിച്ചു. നിരവധി ആശുപത്രികള്‍, ഗ്രന്ഥശാലകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയും പൂര്‍ണ്ണമായും തകര്‍ന്നു.

കരീബിയന്‍ മേഖലയില്‍ വിശേഷിച്ചും ജമൈക്കയില്‍ സംഹാര താണ്ഡവം ആടിയ ശേഷം മെലിസ മണിക്കൂറില്‍ 150 മൈല്‍ വേഗതയുള്ള കാറ്റോടെ ക്യൂബയിലും ഹെയ്ത്തിയിലും നാശം വിതച്ചു. ബുധനാഴ്ച രാത്രിയോടെ, മെലിസ്സ ബഹാമാസിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ആഞ്ഞടിക്കുകുയം, വ്യാഴാഴ്ച ബെര്‍മുഡയുടെ സമീപത്തുകൂടി കടന്നുപോകാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.

ജമൈക്കയിലെ സെന്റ് എലിസബത്ത് മേഖലയില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും ചുഴലിക്കാറ്റില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹെയ്ത്തിയില്‍ ബുധനാഴ്ച രാത്രിയോടെ മരണസംഖ്യ 25 ആയി ഉയര്‍ന്നു. ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് യാത്രാ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ചുഴലിക്കാറ്റിന്റെ തീവ്രതയും നാശനഷ്ടത്തിന്റെ വ്യാപ്തിയും പൂര്‍ണ്ണമായി വിലയിരുത്താന്‍ ഇനിയും സമയമെടുത്തേക്കും.

Tags:    

Similar News