പുകവലിച്ചുകൊണ്ട് പ്രതി പെണ്‍കുട്ടികളുടെ അടുത്തെത്തി; മാറിനിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു; പിന്നാലെ ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി പുറത്തിട്ടു; ആക്രമണം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്; തെളിവായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍

Update: 2025-11-04 12:10 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുരേഷ് കുമാറിനെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അതേ സമയം പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ടത് പിടിയിലായ സുരേഷ് തന്നെയെന്ന് സ്ഥിരീകരണം. അന്വേഷണ സംഘത്തിന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആര്‍പിഎഫ് ആണ് അന്വേഷണസംഘത്തിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയത്. സുരേഷും, ശ്രീക്കുട്ടിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദൃശ്യങ്ങളില്‍ അര്‍ച്ചനയും ഒപ്പമുണ്ട്.

രണ്ട് പെണ്‍കുട്ടികളും ട്രെയിനിന്റെ വാതില്‍ ഭാഗത്ത് ഇരിക്കുന്നത് ദൃശൃങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടാമത്തെ പെണ്‍കുട്ടിയെയും പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച രാത്രി എട്ടര കഴിഞ്ഞ് വര്‍ക്കല ഭാഗത്തുവെച്ചായിരുന്നു അതിക്രമമുണ്ടായത്. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ശൗചാലയത്തില്‍പ്പോയി മടങ്ങിയ പെണ്‍കുട്ടിയെ തിരുവനന്തപുരം പനച്ചമൂട് വടക്കുംകര വീട്ടില്‍ സുരേഷ് കുമാര്‍ (50) ചവിട്ടി പുറത്തേക്കു വീഴ്ത്തുകയായിരുന്നു.

വാതില്‍ക്കല്‍നിന്ന് മാറാന്‍ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് ആക്രമിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മദ്യലഹരിയിലായിരുന്നു തന്റെ പ്രവൃത്തിയെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇടയ്ക്കിടയ്ക്ക് ഇയാള്‍ മൊഴി മാറ്റിപ്പറയുന്നുമുണ്ട്. ഈ സാഹചര്യത്തലാണ് ഇയാളുടെ പങ്ക് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സുരേഷ് കുമാറിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ അതിഗുരുതരാവസ്ഥയിലാണ്. ശ്രീക്കുട്ടിയെ വീഴ്ത്തിയശേഷം കൂട്ടുകാരി അര്‍ച്ചനയെയും കീഴ്‌പ്പെടുത്തി തള്ളിയിടാന്‍ പ്രതി ശ്രമിച്ചെങ്കിലും അവര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. ആലുവയില്‍ ഭര്‍ത്താവിനെ സന്ദര്‍ശിച്ചശേഷം അര്‍ച്ചനയ്ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി.

അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് പരിക്കേറ്റ ശ്രീക്കുട്ടി (22). തലക്കും നട്ടെല്ലിനും വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരുക്ക് ഗുരുതരമെന്നാണ് വിലയിരുത്തല്‍. തലയിലെ മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്. ഇതിനായുള്ള മരുന്നാണ് നല്‍കുന്നത്. സ്ഥിതി മെച്ചപ്പെട്ടതിനു ശേഷമായിരിക്കും തുടര്‍ ചികിത്സകളില്‍ തീരുമാനം. പെണ്‍കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News