കളിക്കുന്നതിനിടെ പിസ്റ്റളില്‍ ഒരു ബുള്ളറ്റ് അവശേഷിച്ചിരുന്ന കാര്യം അറിഞ്ഞതേയില്ല; പെട്ടെന്ന് വെടിയൊച്ച കേട്ടപ്പോള്‍ അത് തെറിച്ച് എന്റെ അനിയന്റെ നെറ്റിയില്‍ കൊണ്ടെന്ന് ആ ഷോക്കില്‍ മനസ്സിലായതുപോലുമില്ല; അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്; 87 ാം വയസില്‍ സ്‌പെയിനിലെ മുന്‍ രാജാവ് തുറന്നുപറയുന്നു സഹോദരനെ അറിയാതെ വെടിവെച്ചു കൊന്ന സംഭവം

87 ാം വയസില്‍ സ്‌പെയിനിലെ മുന്‍ രാജാവ് തുറന്നുപറയുന്നു കൗമാരത്തിലെ ആ ദുരന്ത സംഭവം

Update: 2025-11-06 16:15 GMT

പാരീസ്: സ്‌പെയിനിലെ മുന്‍ രാജാവും പ്രവാസിയുമായ ജുവാന്‍ കാര്‍ലോസ് ഒന്നാമന്‍, തന്റെ എണ്‍പത്തിയേഴാം വയസ്സില്‍, ഏഴു പതിറ്റാണ്ട് മുമ്പ് സംഭവിച്ച ഹൃദയഭേദകമായ ഒരു ദുരന്തത്തെക്കുറിച്ച് ആദ്യമായി തുറന്നുപറച്ചില്‍ നടത്തി. താന്‍ കൗമാരപ്രായത്തില്‍ വെച്ച് ഇളയ സഹോദരനെ വെടിവെച്ചു കൊന്ന സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ സംഭവം തന്റെ മനസ്സിനെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് അദ്ദേഹം തന്റെ പുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ വെളിപ്പെടുത്തി.

ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന ജുവാന്‍ കാര്‍ലോസ്, എസ്പാന: റെക്കൊന്‍സിലിയേഷ്യന്‍' (Juan Carlos I d'Espagne: Réconciliation) (ജുവാന്‍ കാര്‍ലോസ് ഓഫ് സ്‌പെയിന്‍: അനുരഞ്ജനം) എന്ന പേരില്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച 500 പേജുള്ള പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

1956-ല്‍ പോര്‍ച്ചുഗലിലെ കുടുംബ വസതിയില്‍ വച്ച് സഹോദരന്‍ അല്‍ഫോന്‍സോയുമായി ഒരു പിസ്റ്റല്‍ വെച്ച് കളിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്ന് അദ്ദേഹം വിവരിക്കുന്നു. 'ഇതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് ഒരിക്കലും താല്പര്യമുണ്ടായിരുന്നില്ല, ഇതാദ്യമായാണ് ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്,' ജുവാന്‍ കാര്‍ലോസ് എഴുതുന്നു. 'ഈ ദുരന്തത്തില്‍നിന്ന് ഞാന്‍ ഒരിക്കലും മുക്തനാവില്ല. ഇതിന്റെ ഗൗരവം എന്നെ എന്നെന്നും പിന്തുടരും.'

പുസ്തകത്തിലെ ''ദുരന്തം' എന്ന വെറും രണ്ട് പേജുകളുള്ള ഒരു അധ്യായത്തിലാണ് അദ്ദേഹം സംഭവം വിവരിക്കുന്നത്. കളിക്കുന്നതിനിടയില്‍ പിസ്റ്റളില്‍ നിറച്ചിരുന്ന ബുള്ളറ്റ് മാഗസിന്‍ നീക്കം ചെയ്‌തെന്നും, എന്നാല്‍ ഒരു ബുള്ളറ്റ് ചേംബറില്‍ അവശേഷിച്ചിരുന്ന കാര്യം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 'ഞങ്ങള്‍ മാഗസിന്‍ പുറത്തെടുത്തിരുന്നു. ചേമ്പറില്‍ ഒരു തിര ബാക്കിയുണ്ടായിരുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു,' അദ്ദേഹം കുറിച്ചു.

'വെടിയൊച്ച കേട്ടപ്പോള്‍, അത് അന്തരീക്ഷത്തിലേക്ക് തൊടുത്തുവിട്ടു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് തെറിച്ച് എന്റെ സഹോദരന്റെ നെറ്റിയില്‍ കൊണ്ടു. അവന്‍ ഞങ്ങളുടെ പിതാവിന്റെ കൈകളിലാണ് മരിച്ചത്.'മുന്‍ രാജാവ് ഹൃദയം നുറുങ്ങുന്ന വാക്കുകളോടെ ഓര്‍ക്കുന്നു. അന്ന്, ഈ സംഭവത്തെക്കുറിച്ച് ഒരു ഔദ്യോഗിക അന്വേഷണവും നടന്നിരുന്നില്ല. അന്ന് പതിനെട്ടു വയസ്സുണ്ടായിരുന്ന ജുവാന്‍ കാര്‍ലോസിന് ഈ ദുരന്തം നല്‍കിയ മുറിവുകള്‍ കാലാതീതമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

അല്‍ഫോണ്‍സോ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നത് ദീര്‍ഘകാലം ദുരൂഹമായി തുടര്‍ന്നു. ചില അഭ്യൂഹങ്ങള്‍ പ്രകാരം, ജുവാന്‍ കാര്‍ലോസ് പിസ്റ്റള്‍ ലോഡ് ചെയ്തിട്ടുണ്ടെന്ന് അറിയാതെ അല്‍ഫോണ്‍സോയ്ക്ക് നേരെ ചൂണ്ടി വെടിവെച്ചു. എന്നാല്‍ മറ്റു ചിലര്‍, വെടിയുണ്ട തെറിച്ചതാണെന്നും, അതല്ലെങ്കില്‍ ഒരു വാതിലില്‍് ജുവാന്‍ കാര്‍ലോസിന്റെ കൈ തട്ടി വെടിപൊട്ടിയതാണെന്നും വിശ്വസിച്ചിരുന്നു.ജുവാന്‍ കാര്‍ലോസിന് ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ നല്‍കിയ റിവോള്‍വര്‍ അദ്ദേഹം വൃത്തിയാക്കുന്നതിനിടയിലാണ് സഹോദരന് വെടിയേറ്റതെന്നും കഥകളുണ്ടായിരുന്നു.

അവരുടെ പിതാവായ കൗണ്ട് ഓഫ് ബാഴ്സലോണ, ജുവാന്‍ കാര്‍ലോസിന്റെ കഴുത്തില്‍ പിടിച്ച് ദേഷ്യത്തോടെ ഇങ്ങനെ ചോദിച്ചു: 'നീ മനഃപൂര്‍വം ചെയ്തതല്ലെന്ന് എന്നോട് സത്യം ചെയ്യൂ!'അതിനുശേഷം ജുവാന്‍ ഡി ബോര്‍ബോണ്‍ (പിതാവ്) അല്‍ഫോണ്‍സോയുടെ മൃതദേഹം സ്പാനിഷ് പതാക കൊണ്ട് മൂടിയെന്നും പിന്നീട് പിസ്റ്റള്‍ കടലിലേക്ക് എറിഞ്ഞുവെന്നും ഓര്‍മ്മക്കുറിപ്പുകളില്‍ വെളിപ്പെടുത്തുന്നു.

ജുവാന്‍ കാര്‍ലോസിനെ പിന്നീട് സൈനിക അക്കാദമിയിലേക്ക് തിരികെ അയച്ചു. അതോടെ പിതാവുമായുള്ള ബന്ധം ശിഥിലമായി. 'അതിനു മുമ്പും ശേഷവും ഉണ്ട്,' സംഭവത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ജുവാന്‍ കാര്‍ലോസ് എഴുതി.

'ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോഴും എനിക്ക് പ്രയാസമാണ്, ഞാന്‍ എല്ലാ ദിവസവും ഇതിനെക്കുറിച്ച് ചിന്തിക്കുന്നു... എനിക്ക് അവനെ മിസ് ചെയ്യുന്നു; അവന്‍ എന്റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നും അവനോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു സുഹൃത്തിനെ, ഒരു രഹസ്യങ്ങള്‍ പങ്കുവെച്ചയാളെ എനിക്ക് നഷ്ടമായി. അവന്‍ എന്നില്‍ ഒരു വലിയ ശൂന്യത അവശേഷിപ്പിച്ചു. അവന്റെ മരണം സംഭവിച്ചിരുന്നില്ലെങ്കില്‍ എന്റെ ജീവിതം ഇത്ര ഇരുണ്ടതോ ദുരിതപൂര്‍ണ്ണമോ ആവില്ലായിരുന്നു.'

ഏഴ് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകം, ഫ്രാങ്കോയുടെ മരണത്തിന്റെയും രാജവാഴ്ച പുനഃസ്ഥാപിച്ചതിന്റെയും 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബറില്‍ സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കും.ഫ്രഞ്ച് എഴുത്തുകാരനും ചരിത്രകാരനുമായ ലോറന്‍സ് ഡെബ്രേ ആണ് പുസ്തകം ക്രോഡീകരിച്ചത്.

അവിഹിത ബന്ധങ്ങളെയും സാമ്പത്തിക അഴിമതി ആരോപണങ്ങളെയും തുടര്‍ന്ന് 2014-ല്‍ ജുവാന്‍ കാര്‍ലോസ് മകനായ കിംഗ് ഫെലിപ്പ് ആറാമനുവേണ്ടി സ്ഥാനമൊഴിഞ്ഞിരുന്നു.സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലായിരുന്ന 2012-ല്‍, മുന്‍ വെപ്പാട്ടി കോറിന്ന ലാര്‍സനോടൊപ്പം ബോട്സ്വാനയില്‍ ആനവേട്ടയ്ക്ക് പോയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ ഇടിഞ്ഞത്.

തന്റെ മകന്‍, സ്‌പെയിനിലെ ഇപ്പോഴത്തെ രാജാവ് ഫെലിപ്പെ VI-മായി ജുവാന്‍ കാര്‍ലോസിന്റെ ബന്ധം പുന:സ്ഥാപിക്കാനും ഭൂതകാലത്തിലെ വേദനാജനകമായ ഓര്‍മ്മകളെ അഭിമുഖീകരിക്കാനും ഈ പുസ്തകം ലക്ഷ്യമിടുന്നു. ഈ വെളിപ്പെടുത്തല്‍ സ്പാനിഷ് രാജകുടുംബത്തിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുന്‍ രാജാവിന്റെ തുറന്നുപറച്ചില്‍, നീണ്ട കാലത്തെ വേദനകളും കുറ്റബോധവുമാണ് വെളിപ്പെടുത്തുന്നതെങ്കിലും, അത് ഭൂതകാലത്തെ തിരുത്താനും വര്‍ത്തമാനകാലത്തില്‍ സമാധാനം കണ്ടെത്താനുമുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.


Tags:    

Similar News