പഠനവുമായി ബന്ധപ്പെട്ട് ലൈബ്രറിയില്‍ താന്‍ തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഉമ്മയെ അറിയിച്ചു; പിന്നെ ഫോണ്‍ സ്വിച്ച് ഓഫ്; ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും എംഡിയും; ജിഎംസി അനന്ത്നാഗില്‍ കൂട്ടുകാരനായി ഡോ ആദില്‍ എത്തിയതോടെ വഴി തെറ്റി; ചെങ്കോട്ടയില്‍ ചോര വീഴ്ത്തിയത് ഡോ. ഉമര്‍ യു നബി; പുല്‍വാമക്കാരന്‍ കൊടംഭീകരനായത് ഇങ്ങനെ

Update: 2025-11-11 08:29 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയിലെ കാര്‍ ബോംബ് സ്ഫോടനത്തില്‍ ചാവേറായി എത്തിയത് കശ്മീര്‍ സ്വദേശിയായ 36 കാരന്‍ ഡോ. ഉമര്‍ യു നബി. പഠനവുമായി ബന്ധപ്പെട്ട് ലൈബ്രറിയില്‍ താന്‍ തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഉമര്‍ വെള്ളിയാഴ്ച അമ്മയെ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഉമറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നെ വീട്ടുകാര്‍ അറിയുന്നത് ക്രൂരതയാണ്. നാട്ടുകാര്‍ക്കെല്ലാം ഉമര്‍ ശാന്ത സ്വഭാവിയാണ്. എന്നാല്‍ ഭീകരരുമായി അടുത്ത ബന്ധം ഇയാള്‍ക്കുണ്ടായിരുന്നു. ചില സ്ലീപ്പിംഗ് സെല്ലുകള്‍ക്ക് സഹായവും നല്‍കിയതായി സംശയ നിഴലിലായിരുന്നു. ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ചാവേറായി ഈ ഡോക്ടര്‍ മാറിയത്.

ജമ്മു കശ്മീരിലെ പുല്‍വാമയിലെ കോയില്‍ സ്വദേശിയായ ഘാ നബി ഭട്ടിന്റെയും ഷമീമ ബാനോവിന്റെയും മകനായി 1989 ഫെബ്രുവരി 24നാണ് ഡോ. ഉമര്‍ യു നബി ജനിച്ചത്. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും എംഡി (മെഡിസിന്‍)യും പൂര്‍ത്തിയാക്കിയ ശേഷം ജിഎംസി അനന്ത്നാഗില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്തു. പിന്നീട് ഡല്‍ഹിയിലേക്ക് താമസം മാറി. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു. ടെലിഗ്രാം പോലെയുള്ള എന്‍ക്രിപ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഡോ. ഉമറും ഉള്‍പ്പെട്ടിരുന്നു നിലവില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ജമ്മു കശ്മീര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ ഡോ. അദീലിന്റെ അടുത്ത അനുയായിയാണ് ഇയാള്‍. ഇരുവരും മുമ്പ് അനന്ത്നാഗിലെ ഒരേ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ആ സമയം അവിടെ നിന്ന് ഒരു എകെ റൈഫിള്‍ കണ്ടെടുത്തിരുന്നു.

നവംബര്‍ 6-ന് ശ്രീനഗറില്‍ ജയ്ഷ്-ഇ-മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് സഹാറന്‍പൂരിലെ ഒരു ആശുപത്രിയില്‍ നിന്ന് അറസ്റ്റിലായ ഡോ. ആദില്‍ റാത്തറിന്റെ അടുത്ത കൂട്ടാളികൂടിയായിരുന്നു ഉമര്‍. ചെങ്കോട്ടയില്‍ സ്ഫോടനം നടന്നതിന് പിന്നാലെ പുല്‍വാമയില്‍ നിന്ന് ഡോ. ഉമറിന്റെ ഉമ്മ ഷമീമ ബാനോവിനേയും സഹോദരന്മാരായ സഹൂര്‍, ആഷിക് നബി എന്നിവരൈ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു സംഘത്തെ പിടികൂടിയിരുന്നു. ഇതില്‍ ആശങ്കാകുലനായി ഒളിവിലായിരുന്ന ഡോ. ഉമര്‍ തന്റെ കൈവശമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഡല്‍ഹി സ്‌ഫോടനവുമായി ഹരിയാനയിലെ ഫരീദാബാദില്‍ പിടിയിലായ ഭീകരസംഘത്തിന് ബന്ധമുണ്ടെന്ന് സൂചന.

പൊലീസ് തെരഞ്ഞിരുന്ന ഡോ. ഉമര്‍ മുഹമ്മദ് ചാവേറായി സ്‌ഫോടനം നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനമുണ്ടായിരുന്ന കാറില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. പ്രദേശത്തുനിന്ന് കണ്ടെടുത്ത മൃതദേഹം ഉമറിന്റേതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഒക്ടോബര്‍ 19ന് ജമ്മു കശ്മീരിലെ നൗഗാമില്‍ സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലായി ജമ്മു കശ്മീര്‍ പൊലീസ് നടത്തിയ വ്യാപക പരിശോധനയില്‍ വന്‍ സ്‌ഫോടകശേഖരം കണ്ടെടുക്കുകയും ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പിടിയാലാകുകയും ചെയ്തു.

ഫരീദാബാദില്‍ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് ഷക്കീല്‍, ഡോ. ആദില്‍ അഹമ്മദ് റാത്തര്‍ എന്നിവരാണ് പിടിയിലായ ഡോക്ടര്‍മാര്‍. ഇവരെ ചോദ്യം ചെയ്തതില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോ.ഉമര്‍ മുഹമ്മദിനെ പൊലീസ് തിരയുകയായിരുന്നു. വലിയ തോതിലുള്ള സ്‌ഫോകടശേഖരം പിടികൂടിയതും സഹപ്രവര്‍ത്തകരുടെ അറസ്റ്റും ഉമറിനെ പരിഭ്രാന്തിയിലാക്കിയെന്നും, ചാവേര്‍ സ്‌ഫോടനത്തിലേക്ക് നയിച്ചുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തു നിര്‍മാണ സാമഗ്രികളും ആയുധങ്ങളുമാണ് ഫരീദാബാദില്‍നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ ഡോ.ഷക്കീലിന്റെ വീട്ടില്‍നിന്ന് 350 കിലോ സ്ഫോടകവസ്തു നിര്‍മാണ സാമഗ്രികളും ആയുധങ്ങളും കണ്ടെടുത്തു. തുടര്‍ന്ന്, തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് ഷക്കീല്‍ വാടകയ്ക്കെടുത്ത ഫരീദാബാദിലെ മറ്റൊരു കെട്ടിടത്തില്‍നിന്ന് 2,500ലധികം കിലോ സാമഗ്രികള്‍ പിടിച്ചെടുത്തത്.

ഹരിയാന പൊലീസുമായി ചേര്‍ന്നായിരുന്നു ജമ്മു കശ്മീര്‍ പൊലീസിന്റെ നീക്കം. ജയ്ഷെ മുഹമ്മദ് അനുകൂല പോസ്റ്ററുകള്‍ പതിച്ചതിനാണ് ഡോ.റാത്തറെ അറസ്റ്റ് ചെയ്തത്. ഷക്കീലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഫരീദാബാദ് പൊലീസ് നടത്തിയ പരിശോധനയില്‍ ഡോ. ഷഹീന്റെ കാറില്‍നിന്ന് എകെ 47 തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തിങ്കള്‍ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്ക് മുന്നിലുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗെയ്റ്റിന് സമീപം സുഭാഷ്മാര്‍ഗ് ട്രാഫിക് സിഗ്നലില്‍ ഐട്വന്റി കാറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വ ഉച്ചവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. 25ലേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവഗുരുതരമാണ്. സ്ഫോടനങ്ങളുടെ ആഘാതത്തില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകള്‍പോലും തകര്‍ന്നു. അഗ്‌നിഗോളങ്ങളും ആകാശം മുട്ടുന്ന പുകയും കാതടപ്പിക്കുന്ന ശബ്ദവും ഉണ്ടായതോടെ ആളുകള്‍ പരക്കംപാഞ്ഞു. 100 മീറ്റര്‍ അകലേക്കുവരെ മൃതദേഹാവശിഷ്ടങ്ങള്‍ ചിന്നിചിതറി. തകര്‍ന്ന വാഹനങ്ങളുടെ ഭാഗങ്ങളും ദൂരേക്ക് ചിതറി വീണു. റോഡില്‍ അറ്റ കൈപ്പത്തിയും കാലും മറ്റും കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

Tags:    

Similar News