'ഉമര്‍ ശാന്ത സ്വഭാവക്കാരന്‍; അധികം സുഹൃത്തുക്കളുമില്ല; വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്; ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ല'; കേള്‍ക്കുന്ന വാര്‍ത്തകള്‍ അവിശ്വസനീയമെന്ന് സഹോദരന്റെ ഭാര്യ; അമ്മയും സഹോദരനും കസ്റ്റഡിയില്‍

Update: 2025-11-11 11:56 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനം ചാവേര്‍ ആക്രമണം ആയിരുന്നുവെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. സംഭവം നടന്നതിനു പിന്നാലെ നടന്ന അതിവേഗ അന്വേഷണമാണ് ഇത് ചാവേര്‍ ആക്രമണമാണെന്ന കാര്യവും തീവ്രവാദ ബന്ധവും വെളിവാക്കിയത്. 12 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകര സംഘത്തിലുള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നാണ് ഡല്‍ഹി പൊലീസ് പുറത്തുവിട്ട വിവരം. ഫരീദാബാദ് ഭീകരസംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആസൂത്രണം ചെയ്തതാണ് ഈ സ്‌ഫോടനം എന്നാണ് ഇതുവരെയുള്ള പൊലീസിന്റെ നിഗമനം. ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട്ടിലെത്തിയ പൊലീസ് ഇയാളുടെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഉമറിന് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്നും വീട്ടില്‍ ശാന്ത സ്വഭാവമായിരുന്നുവെന്നുമാണ് സഹോദരന്റെ ഭാര്യ പറയുന്നത്.

'കഴിഞ്ഞ വെളളിയാഴ്ചയാണ് ഉമര്‍ മുഹമ്മദുമായി സംസാരിച്ചിട്ടുള്ളത്. രണ്ട് മാസം മുന്‍പാണ് ഉമര്‍ വീട്ടിലേക്ക് വന്നുപോയത്. ഡോക്ടറായി ഡല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്നു, ഇത്തരമൊരു പശ്ചാത്തലമുള്ളതായി യാതൊരു സൂചനയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം. വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ച് ഡോക്ടറാക്കിയത്. കേള്‍ക്കുന്ന വാര്‍ത്തകള്‍ അവിശ്വസനീയമാണെന്നും സഹോദര ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. അധികം സംസാരിക്കാറില്ല. ഒന്നിലും ഇടപെടാറില്ല. അധികം സുഹൃത്തുക്കളുമില്ല. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി സംസാരിച്ചത്. അവനെ ഡോക്ടറാക്കുന്നതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സഹോദരന്റെ ഭാര്യ മുസമില അക്തര്‍ പറയുന്നു.

ഉമറിന്റെ അമ്മയുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും. ഇതിനായിട്ടാണ് കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് ലക്‌നൗവിലും പൊലീസ് പരിശോധന നടത്തി. ഡോക്ടര്‍ മുസമ്മിലിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഡോക്ടര്‍ പര്‍വേഷ് അന്‍സാരിയുടെ വീട്ടിലാണ് പരിശോധന. യുപി എടിഎസും ജമ്മുകശ്മീര്‍ പോലീസുമാണ് പരിശോധന നടത്തുന്നത്.

അതേ സമയം, ചെങ്കോട്ടയിലെ സ്‌ഫോടനം ചാവേര്‍ ആക്രമണം എന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആക്രമത്തിന് പദ്ധതി ഇട്ടതെന്നാണ് പൊലീസ് പറയുന്നത്. ചെങ്കോട്ട സ്ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍, എന്‍ഐഎ ഡിജി എന്നിവര്‍ അടക്കം ഉന്നതര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും. ജമ്മു കശ്മീര്‍ ഡിജിപിയും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദെന്നാണ് സൂചന. കൂട്ടാളികള്‍ അറസ്റ്റിലായതോടെ പരിഭ്രാന്തിയിലായ ഉമര്‍ വേഗത്തില്‍ ആസൂത്രണം ചെയ്തതാണ് ചാവേറാക്രമണമെന്നാണ് വിവരം. ഉമറിനൊപ്പം കാറില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും പരിശോധിക്കുന്നു. ഫരീദാബാദ് സംഘത്തില്‍പ്പെട്ടയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന സൂചനയും പുറത്തുവരുന്നുണ്ട്. പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദുമായി ഫരീദാബാദ് സംഘത്തിന് അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.

ഫരീദാബാദില്‍ കണ്ടെടുത്ത സ്ഫോടക വസ്തുക്കള്‍ സംബന്ധിച്ചുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണായകമാകും. സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റ് സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. ഇതുള്‍പ്പെടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ശക്തമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

Tags:    

Similar News