സ്ഫോടകവസ്തുക്കള്‍ നിറച്ച 32 പഴയ വാഹനങ്ങള്‍; ഒരേ സമയം നാല് നഗരങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; രണ്ടു പേരുടെ ഓരോ സംഘത്തിനും ഓരോ നഗരം ലക്ഷ്യം വെക്കാന്‍ നിര്‍ദ്ദേശം; സിഗ്‌നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയം; ജെയ്ഷെ-മുഹമ്മദുമായി ബന്ധമുള്ള ഭീകരസംഘത്തിന് വന്‍ പദ്ധതികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്തവര്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഒരേ സമയം വന്‍ സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജെയ്ഷെ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരസംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏകോപിത സ്‌ഫോടനങ്ങള്‍ നടത്താനായി പദ്ധതിയിട്ടിരുന്നതായും ഇതിനായി സ്‌ഫോടകവസ്തുക്കള്‍ നിറച്ച 32 പഴയ വാഹനങ്ങള്‍ തയ്യാറാക്കാന്‍ ലക്ഷ്യമിട്ടിരുന്നതായുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഒരേസമയം നാല് നഗരങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടു. രണ്ട് പേരടങ്ങുന്ന നാല് സംഘങ്ങളായി സ്‌ഫോടനം നടത്താന്‍ ആയിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്‌നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും കണ്ടെത്തിയിട്ടുണ്ട്.
സമാന സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ഇവര്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഐ 20, എക്കോസ്‌പോര്‍ട്ട് കാറുകള്‍ക്ക് പുറമേ രണ്ടു വാഹനങ്ങള്‍ കൂടി കസ്റ്റഡിയിലെടുത്തവര്‍ വാങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം. ഇവര്‍ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഒരു ഐ20, ഒരു ഇക്കോസ്‌പോര്‍ട്ട് എന്നീ വാഹനങ്ങളില്‍ പ്രതികള്‍ മാറ്റം വരുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌ഫോടന പരമ്പര നടത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി സമാന രീതിയില്‍ മറ്റ് വാഹനങ്ങള്‍ തയ്യാറാക്കുന്നുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. നാല് സ്ഥലങ്ങളില്‍ ഏകോപിത സ്‌ഫോടനങ്ങള്‍ നടത്താനായി എട്ട് പ്രതികള്‍ തയ്യാറെടുത്തിരുന്നതായും രണ്ടു പേരുടെ ഓരോ സംഘത്തിനും ഓരോ നഗരത്തെ ലക്ഷ്യം വെക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികള്‍ 20 ലക്ഷം രൂപയോളം പണമായി സമാഹരിക്കുകയും പ്രവര്‍ത്തന ചെലവുകള്‍ക്കായി ഉമറിന് കൈമാറുകയും ചെയ്തതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഐഇഡികള്‍ നിര്‍മ്മിക്കുന്നതിനായി ഗുരുഗ്രാം, നൂഹ് പ്രദേശങ്ങളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 20 ക്വിന്റലിലധികം എന്‍പികെ വളം (നൈട്രജന്‍ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) എന്നിവയുടെ മിശ്രിതമാണ് എന്‍പികെ വളം, ഇത് സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം) വാങ്ങാന്‍ ഈ പണം ഉപയോഗിച്ചതായാണ് വിവരം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സിഗ്‌നല്‍ ആപ്പ് ഗ്രൂപ്പ് ഉമര്‍ ഉണ്ടാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ ഭാവിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നതിനാല്‍, അന്വേഷണ ഏജന്‍സികള്‍ ഈ ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം, ഡല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഡോ. ഉമറുമായി ബന്ധമുണ്ടെന്ന് കരുതുന്ന DL 10 CK 0458 എന്ന ചുവന്ന ഇക്കോസ്‌പോര്‍ട്ട് ഫരീദാബാദ് പോലീസ് ബുധനാഴ്ച പിടിച്ചെടുത്തു. ഖണ്ഡാവാലി ഗ്രാമത്തിന് സമീപം പാര്‍ക്ക് ചെയ്ത നിലയിലാണ് വാഹനം കണ്ടെത്തിയത്.
ഈ കാര്‍ സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചതെന്ന് സൂചന. അമോണിയം നൈട്രേറ്റ് കടത്താന്‍ ഈ കാര്‍ ഉപയോഗിച്ചു എന്നാണ് സൂചന. അതേസമയം, സ്‌ഫോടനത്തിനു മുന്‍പ് ഡോക്ടര്‍ ഉമര്‍ ഓള്‍ഡ് ഡല്‍ഹിയില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയില്‍ ഉമര്‍ സമയം ചിലവിട്ടു. 10 മിനിറ്റ് നേരം ഉമര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമര്‍ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമര്‍ എത്തിയ പള്ളിയിലെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു കഴിഞ്ഞു.
അതിനിടെ, സ്‌ഫോടനം നടന്നതിന് സമീപമുള്ള ലാല്‍ ഖില മെട്രോ സ്റ്റേഷന്‍ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷന്‍ തുറക്കില്ല. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സ്‌ഫോടനത്തിനുശേഷം മൂന്നു ദിവസത്തേക്ക് മെട്രോ സ്റ്റേഷന്‍ അടച്ചിടും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍. കാണ്‍പൂരില്‍ നിന്ന് അനന്ത്‌നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ പിടിയിലായ പര്‍വ്വേസിനെ ഡല്‍ഹിയില്‍ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടര്‍മാരുടെ എണ്ണം ആറായി. കൂടാതെ, ഡിസംബര്‍ ആറിന് ചെങ്കോട്ടയില്‍ സ്‌ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോര്‍ട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭീകര നീക്കം എന്ന നിഗമനത്തിലെത്തിയത്.
ഇതിനിടെ, ഡല്‍ഹി സ്‌ഫോടന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. രണ്ടിലേറെ ഡോക്ടര്‍മാര്‍ കൂടി നെറ്റ്‌വര്‍ക്കിലുണ്ടെന്നാണ് നിഗമനം. ഭീകരര്‍ക്ക് കാര്‍ വിറ്റത് ഒന്നരലക്ഷം രൂപയ്‌ക്കെന്ന് ഡീലര്‍ വെളിപ്പെടുത്തിയിരുന്നു അതേസമയം, ഹരിയാനയില്‍ അമ്പതിലധികം പേരെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കാര്‍ ഓടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധന ഫലം റിപ്പോര്‍ട്ട് പുറത്തുവന്നു.
ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഭീകരന്‍ ഉമറിന്റെ സുഹൃത്ത് താരിഖിന് വില്‍പ്പന നടത്തിയ ഡീലറെ കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ റോയല്‍ കാര്‍ സോണിലാണ് വില്‍പ്പന നടന്നത്. ഒന്നര ലക്ഷം രൂപയ്ക്കാണ് കാര്‍ വിറ്റതെന്ന് ഡീലര്‍ അമിത് പട്ടേല്‍ പറഞ്ഞു. കാര്‍ വാങ്ങിയ താരിഖ് ഉള്‍പ്പെടെ രണ്ടു പേരാണ് വാഹനം വാങ്ങാന്‍ എത്തിയതെന്നും രണ്ടാമത്തെ ആളെ കുറിച്ച് അറിയില്ലെന്നും അമിത് വ്യക്തമാക്കി.
കശ്മീരില്‍ അറസ്റ്റിലായ ഡോക്ടര്‍ സജാദ് മാലിക്ക് മുസമിലിന്റെ സുഹൃത്താണെന്നും ഉമര്‍ വാങ്ങിയ ചുവന്ന കാര്‍ ഉപയോഗിച്ചിരുന്നത് മുസമീല്‍ ആണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വലിയ ആക്രമണത്തെക്കുറിച്ച് ഉമര്‍ എപ്പോഴും സംസാരിച്ചിരുന്നു എന്ന് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. ഭീകരര്‍ക്ക് തുര്‍ക്കിയില്‍ നിന്ന് സഹായം കിട്ടിയതും അന്വേഷിക്കുന്നുണ്ട്. തുര്‍ക്കിയിലെ ചിലര്‍ ഉമര്‍ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നതായാണ് വിവരങ്ങള്‍.
