അമോക്ക് തകരുന്നതിന്റെ ഭാഗമായി ശക്തമായ ശീതക്കൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യത; ഗള്‍ഫ് സ്ട്രീം ഉഷ്ണജല പ്രവാഹം ഏത് നിമിഷം വേണമെങ്കിലും തകരാം; ഐസ്ലാന്‍ഡിന് മുന്നില്‍ കടുത്ത വെല്ലുവിളി
റെയിക് ജാവിക്: അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു സുപ്രധാന പ്രവാഹ വ്യവസ്ഥയുടെ തകര്‍ച്ച ഐസ്ലാന്‍ഡ് എന്ന രാജ്യത്തിന്റെ അസ്തിത്വത്തെ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്ക ഉയരുന്നു. യൂറോപ്യന്‍ രാജ്യമായ ഐസ്ലാന്‍ഡ് ഇത്തരമൊരു ഭീഷണി നിലവില്‍ ഉള്ളതായി പ്രഖ്യാപിക്കുകയും ഈ സാഹചര്യം നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. അറ്റ്ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക്ക് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്ന് വടക്കന്‍ അറ്റ്ലാന്റിക്കിലേക്ക് പോകുന്ന ഒരു ഉഷ്ണജല പ്രവാഹമാണ്. ഇത് ഈ മേഖലയില്‍ സമുദ്ര കണ്‍വെയര്‍ ബെല്‍റ്റ് പോലെയാണ് പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് സ്ട്രീമുമായി ഒത്തു ചേര്‍ന്നാണ് പ്രധാന പ്രവാഹമായി ഒഴുകുന്നത്.
വടക്കുപടിഞ്ഞാറന്‍ യൂറോപ്പ്, വടക്കുകിഴക്കന്‍ യുഎസ് തുടങ്ങിയ സ്ഥലങ്ങളില്‍ ശൈത്യകാലത്ത് മിതശീതോഷ്ണാവസ്ഥ നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. കൂടാതെ ഉഷ്ണമേഖലാ മഴ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നു. എന്നാല്‍ ഉയരുന്ന താപനില ആര്‍ട്ടിക് ഐസ് ഉരുകുന്നത് വേഗത്തിലാക്കുകയും ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളിയില്‍ നിന്ന് ഉരുകിയ വെള്ളം സമുദ്രത്തിലേക്ക് ഒഴുകാന്‍ കാരണമാവുകയും ചെയ്യുന്നതിനാല്‍, തണുത്ത ജലം ഈ പ്രവാഹത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അമോക്കിന്റെ തകര്‍ച്ച ഒരു ആധുനിക ഹിമയുഗത്തിന് കാരണമായേക്കാം എന്നാണ് കരുതപ്പെടുന്നത്. വടക്കന്‍ യൂറോപ്പിലുടനീളം ശൈത്യകാല താപനിലയെ ഇത് ഗുരുതരമായി ബാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ച അവസാന ഹിമയുഗത്തിന് മുമ്പ് അമോക്ക് തകര്‍ന്നിട്ടുണ്ടായിരുന്നു. പുതിയതായി പുറത്തു വരുന്ന വിവരങ്ങള്‍ രാജ്യസുരക്ഷക്ക് എതിരായ ഭീഷണിയാണ് എന്നാണ് ഐസ്ലാന്‍ഡ് കാലാവസ്ഥാ മന്ത്രി ജോഹാന്‍ പാല്‍ ജോഹാന്‍സണ്‍ പറഞ്ഞത്.
ദേശീയ സുരക്ഷാ കൗണ്‍സിലിന് മുന്നിലും ഇക്കാര്യം ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഐസ്ലാന്‍ഡിലെ മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുകയും കൃത്യമായി ഏകോപനം നടത്തുകയും ചെയ്യുമെന്ന് ജോഹാന്‍സണ്‍ പറഞ്ഞു. ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ എന്നിവ മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍, അന്താരാഷ്ട്ര ഗതാഗതം വരെയുള്ള വിവിധ മേഖലകളിലാണ് അപകടസാധ്യതകള്‍ വിലയിരുത്തപ്പെടുന്നത്.
അറ്റ്ലാന്റിക് പ്രവാഹത്തിന്റെ തകര്‍ച്ച വടക്കന്‍ യൂറോപ്പിനപ്പുറത്തേക്ക് വളരെ ദൂരെയുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ആഗോള താപനില വര്‍ദ്ധിച്ചുവരുന്നതിനാല്‍ അടുത്ത രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ അമോക്കിന്റെ തകര്‍ച്ച അനിവാര്യമാകുമെന്ന ഭീഷണിയെ ലോകം കുറച്ചുകാണുന്നുവെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ വടക്കന്‍ യൂറോപ്പിലെ പല രാജ്യങ്ങളും ഇതിനായി വലിയ തോതിലുളള ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.
