'ഇപ്പോള്‍ സിപിഎമ്മിന്റെ ഹീറോ എന്തു ചെയ്യുന്നു?' നവീന്‍ബാബു കേസ് അന്വേഷിച്ച മുന്‍ എസിപി ഇനി കണ്ണൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി; ടി.കെ. രത്നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി; കേസ് അന്വേഷണം പാര്‍ട്ടിക്ക് അനുകൂലമാക്കിയതിന്റെ പ്രതിഫലമെന്ന് ആക്ഷേപം

Update: 2025-11-13 13:26 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ഥി. കണ്ണൂര്‍ മുന്‍ എസിപി ടി.കെ. രത്നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും. കോട്ടൂര്‍ വാര്‍ഡില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണ് അദ്ദേഹം എന്നാണ് ലഭിക്കുന്ന വിവരം.

നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. സിപിഎം കുടുംബത്തില്‍ നിന്നുള്ള ആളാണ് താനെന്നും, അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും ടി കെ രത്നകുമാര്‍ സൂചിപ്പിച്ചു. സിപിഎമ്മിന് വളരെ ശക്തമായ വേരോട്ടമുള്ള വാര്‍ഡാണ് രത്നകുമാര്‍ മത്സരിക്കുന്ന കോട്ടൂര്‍ വാര്‍ഡ്.

32 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ടി കെ രത്‌നകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. അഴീക്കലിലെ അതിഥി തൊഴിലാളിയുടെ കൊലപാതകം, പയ്യാവൂരില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തിയ കേസ്, പാപ്പിനിശ്ശേരി പാറക്കലിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാകം, കണ്ണൂരില്‍ തീവണ്ടിയുടെ കംപാര്‍ട്ട്‌മെന്റിന് തീയിട്ട കേസ് തുടങ്ങിയവ അന്വേഷിച്ചത് രത്‌നകുമാറാണ്.

സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14-ന് കളക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയില്‍ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ആത്മഹത്യ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ പി.പി.ദിവ്യ ആത്മഹത്യാപ്രേരണക്കേസില്‍ ഏക പ്രതിയായിരുന്നു.

അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായെന്നും പി.പി. ദിവ്യയ്ക്ക് അനുകൂലമായാണ് അന്വേഷണം നടന്നതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ച് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു.

ശ്രീകണ്ഠാപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ സ്വദേശിയാണ് രത്നകുമാര്‍. നിലവില്‍ കണ്ണൂരിലാണ് താമസിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോട്ടൂര്‍ വിജയം ഉറപ്പുള്ള വാര്‍ഡാണ്.

Tags:    

Similar News