ഡോ. ആദിലിന്റെ സഹോദരന്‍ പാകിസ്ഥാനിലേക്ക് പോയ ശേഷം രണ്ട് മാസം മുമ്പ് ദുബായിലെത്തിച ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ചു; പാക്കിസ്ഥാനില്‍ മുസഫര്‍ റാത്തര്‍ കണ്ടത് ആരെ? തുര്‍ക്കിയിലേക്കും യാത്രകള്‍; ഡോ ഷഹീനും ചെറിയ മീനല്ല; പര്‍ദ പോലും ധരിക്കാത്ത അവര്‍ എങ്ങനെ ഭീകരിയായി?

Update: 2025-11-14 00:56 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ലക്‌നോ സ്വദേശിനി ഡോ. ഷഹീന്‍ സഈദ് ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞു. പാക് ബന്ധം ഇതോടെ ചെങ്കോട്ട സ്‌ഫോടനത്തില്‍ സ്ഥിരീകരിക്കുകയാണ്. ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആഫിറാബീവിയുമായി ഡോ. ഷഹീന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ജെയ്ഷിന്റെ വനിതാവിഭാഗമായ ജമാ അത്ത് ഉല്‍ മൊമിനാത്തിന്റെ ഇന്ത്യന്‍ വിഭാഗം രൂപീകരിക്കാനുള്ള ചുമതല ഡോ. ഷഹീനായിരുന്നു. അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോ.അദീല്‍ റാത്തറിന്റെ സഹോദരന്‍ മുസഫറിനും പാക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ കണ്ണികള്‍ക്ക് പാക്കിസ്ഥാനിലും ദുബായിലും ബന്ധമുണ്ടെന്ന് കണ്ടെത്തില്‍.

ഡോ. അദീല്‍ അറസ്റ്റിലായതിനു പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായാണു റിപ്പോര്‍ട്ട്. ഇയാള്‍ക്കായി ജമ്മു കാഷ്മീര്‍ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുബായില്‍ താമസിക്കുന്ന ചിലര്‍ക്ക് ബോംബ് സ്‌ഫോടനുമായി ബന്ധുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ശ്രീനഗറില്‍ അറസ്റ്റിലായ ഡോ, ആദില്‍ അഹമ്മദ് റാത്തറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബോംബ് സ്‌ഫോടനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലര്‍ തുര്‍ക്കിയിലും പാകിസ്ഥാനിലും താമസിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അന്വേഷണം വിദേശരാജ്യങ്ങളിലേക്ക് നീളുന്നുവെന്നതാണ് വസ്തുത. ദുബായില്‍ താമസിക്കുന്ന ചിലരുമായി പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി.

സഹോദരന്‍ മുസാഫര്‍ റാത്തര്‍ ദുബായില്‍ എത്തുന്നതിന് രണ്ടു മാസം മുന്‍പ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. മുസാഫര്‍ റാത്തറിന് ജയ്‌ഷെ മുഹമ്മദുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പാകിസ്ഥാനില്‍ മുസഫാര്‍ റാത്തര്‍ ആരെയൊക്കെ കണ്ടു എന്നതാണ് അന്വേഷിക്കുന്നത്. ഡോ. ആദില്‍ അഹമ്മദ് അനന്ത് നാഗില്‍ലെ ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായി ജോലി ചെയ്തിരുന്നു. ഇതിനിടെ, ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുര്‍ക്കിയില്‍ നിന്നാണെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇതിനൊപ്പമാണ് ദുബായും ചര്‍ച്ചകളിലേക്ക് വരുന്നത്.

ഇതിനൊപ്പം ചില പ്രതികള്‍ തുര്‍ക്കിയെയിലും പാകിസ്ഥാനിലും താമസിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു.ഡോ. ആദിലിന്റെ സഹോദരന്‍ മുസഫര്‍ റാത്തര്‍ പാകിസ്ഥാനിലേക്ക് പോയ ശേഷം രണ്ട് മാസം മുമ്പ് ദുബായിലെത്തിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കാനാണ് മുസഫര്‍ റാത്തര്‍ ദുബായ് സന്ദര്‍ശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ദുബായിലേക്ക് പോകുന്നതിനുമുമ്പ് പാക്കിസ്ഥാനില്‍ വെച്ച് മുസഫര്‍ റാത്തര്‍ ആരെല്ലാമായി കൂടിക്കാഴ്ച നടത്തി എന്നും സൂചനയുണ്ട്.

സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് ഡോ. ഉമര്‍ ഉന്‍ നബിയെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായ ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്ന അല്‍ ഫലാ യൂണിവേഴ്സിറ്റിക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചു. ചെങ്കോട്ട സ്‌ഫോടനത്തിന് ഉപയോഗിച്ച ഐ 20 കാര്‍ ഓടിച്ചിരുന്നത് ഉമര്‍ നബിയെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി. ഇതിനായി ഇയാളുടെ മാതാവിന്റെ രക്ത സാമ്പിളുകള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. ഇതിനൊപ്പം ഡോ. ഷഹീന്‍ സഈദി തീര്‍ത്തും ദുരൂഹ വ്യക്തിത്വമാണ്. ഡോ. ഷഹീന്‍ പുരോഗമന കാഴ്ചപ്പാടുള്ളയാളായിരുന്നുവെന്നും മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ പറഞ്ഞു. 2015ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. 2015ല്‍ വേര്‍പിരിഞ്ഞശേഷം തനിക്കു ഷഹീനുമായി ബന്ധമില്ലെന്നും രണ്ടു മക്കളും തന്നോടൊപ്പമാണു താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷഹീനിന്റെ അറസ്റ്റ് വിശ്വസിക്കാനായില്ലെന്നാണ് പിതാവ് സയ്യിദ് അഹമ്മദ് അന്‍സാരി പറഞ്ഞത്. മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ കുടുംബവും അവരെ തള്ളി പറയുകയാണ്.

പിരിയുന്നതിനുമുമ്പ് രണ്ടു മക്കളുമായി ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന് ഷഹീന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഓസ്‌ട്രേലിയയിലേക്കു പോകുന്നതിനെച്ചൊല്ലി തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്തമാക്കി. ഷഹീന്റെ കുടുംബവുമായി ഹയാത്ത് ഇപ്പോഴും അടുപ്പത്തിലാണ്. ഇത് ഷഹീന്റെ അച്ഛനും സമ്മതിക്കുന്നു. ഷഹീന്‍ അവസാനമായി താനുമായി സംസാരിച്ചത് ഒരു മാസം മുമ്പാണെങ്കിലും മകളുടെ മുന്‍ ഭര്‍ത്താവായ ഡോ. ഹയാത്ത് സഫറുമായി താന്‍ എല്ലാ ആഴ്ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഹമ്മദ് അന്‍സാരി പറഞ്ഞു. വനിതാ വിഭാഗം രൂപവത്കരിക്കാന്‍ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിനിടെയാണ് ഷഹീന്‍ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് സൂചന. ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പിരിഞ്ഞശേഷം മക്കള്‍ എനിക്കൊപ്പമാണ്. ഓസ്ട്രേലിയയിലേക്കു കുടിയേറുന്നതില്‍ ഞാനും ഷഹീനുമായി ഭിന്നതയുണ്ടായിരുന്നു. മക്കള്‍ അവളോട് സംസാരിക്കാറില്ല. ഷഹീന്‍ പള്‍മൊണോളജി അധ്യാപികയായിരുന്നെന്നും 2006ലാണ് അവര്‍ ബിരുദം പൂര്‍ത്തിയാക്കിയതെന്നും ഡോ. ഹയാത്ത് സഫര്‍ പറയുന്നു.

വിവാഹ ചടങ്ങുകള്‍ക്കിടെ ഒഴികെ ഷഹീന്‍ ഒരിക്കലും ബുര്‍ഖ ധരിച്ചിരുന്നില്ല. ബുര്‍ഖ ധരിച്ച് അവളെ താന്‍ കണ്ടിട്ടേയില്ല. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളുമായി ഷഹീന് ബന്ധമുണ്ടോയെന്ന് തനിക്കറിയില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിനു ശേഷമാകാമെന്നും ഡോക്ടര്‍ സഫര്‍ ഹയാത്ത് പറയുന്നു. വിവാഹമോചനത്തിലേക്ക് നയിക്കാന്‍ മാത്രം എന്തായിരുന്നു അവളുടെ മനസ്സില്‍ എന്ന് തനിക്ക് ഇപ്പോഴും അറിയില്ല. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തര്‍ക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഷഹീന്‍ സ്‌നേഹവും കരുതലും ഉള്ള വ്യക്തിയായിരുന്നുവെന്നും ഡോക്ടര്‍ സഫര്‍ ഹയാത്ത് പറഞ്ഞു. വിവാഹമോചനത്തിനുശേഷം ഷഹീനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. ഷഹീന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് കരുതിയിരുന്നില്ല. കുടുംബത്തോടും കുട്ടികളോടും അവര്‍ ആഴത്തില്‍ അടുപ്പം പുലര്‍ത്തിയിരുന്നു, അവരെ വളരെയധികം സ്‌നേഹിച്ചിരുന്നു, അവരുടെ പഠനവും ശ്രദ്ധിച്ചിരുന്നുവെന്ന് സഫര്‍ ഹയാത്ത് പറഞ്ഞു. ഡോ. ഷഹീന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടെന്ന് അറിഞ്ഞതും അടുത്തിടെയാണെന്നും ഹയാത്ത് കൂട്ടിച്ചേര്‍ത്തു.

Similar News