പ്രാദേശിക ഡോക്ടര്‍മാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സ്വാധീനം നേടുന്നതിനും വേണ്ടി കശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്ന ഹണിട്രാപ്പ് രീതി; ഇന്ത്യയെ തകര്‍ക്കാന്‍ ജെയ്ഷ് സഞ്ചരിച്ചത് അശ്ലീല വഴി; ഡോ ഷഹീന് ലഷ്‌ക്കറുമായും അടുപ്പം; സൂത്രധാരന്‍ കടന്നത് അഫ്ഗാനിലേക്ക്; ചെങ്കോട്ടയിലെ വൈറ്റ് കോളര്‍ ചാവേറിന് പിന്നില്‍ ആരെല്ലാം?
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തില്‍ അറസ്റ്റിലായ പ്രതി ഹണിട്രാപ് ശൃംഖല നടത്തിയിരുന്നതായി അന്വേഷണസംഘം. കഴിഞ്ഞയാഴ്ച അറസ്റ്റിലായ പ്രതി അദീല്‍ മജീദ് റാത്തറാണ് ഹണിട്രാപ് ശൃംഖല നടത്തിയിരുന്നതായി കരുതുന്നത്. ഇയാളുടെ 14 മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നിലധികം കശ്മീരി സ്ത്രീകളുമായുള്ള അശ്ലീല ഫോട്ടോകളും വീഡിയോ കോള്‍ രേഖകളും ഇതിലുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. സെഷന്‍ ആപ്പിലും വാട്ട്‌സ്ആപ്പിലും രാത്രി വൈകിയുള്ള എന്‍ക്രിപ്റ്റഡ് ചാറ്റുകളും കണ്ടെത്തി. പ്രാദേശിക ഡോക്ടര്‍മാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സ്വാധീനം നേടുന്നതിനും വേണ്ടി കശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്നതായിരുന്നു രീതി. ഇയാള്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് സഹായം നല്‍കിയിരുന്നോ എന്ന കാര്യവും അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതിനിടെ അറസ്റ്റിലായ വനിത ഡോക്ടര്‍ ഷഹീന് ലഷ്‌ക്കര്‍ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍ കിട്ടി. തുര്‍ക്കിയില്‍ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടര്‍മാരെ നിയന്ത്രിച്ചത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ഉമര്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്. അറസ്റ്റിലായ ഭീകരന്‍ ആദിലിന്റെ സഹോദരന്‍ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇയാള്‍ നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ആണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. വൈറ്റ് കോളര്‍ ഭീകര സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ. സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫര്‍ അഫ്ഗാനിസ്ഥാനിലെന്ന് സൂചന.
ഉമര്‍ നബിയുടെ സഹായി അമീര്‍ റഷീദ് അലി എന്നയാളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനത്തിനുവേണ്ടി കാര്‍ വാങ്ങാന്‍ ആണ് അമീര്‍ റഷീദ് അലി ഡല്‍ഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമാാണ് ഏജന്‍സി പ്രതികരിക്കുന്നത്. പഞ്ചാബിലെ പഠാന്‍കോട്ടില്‍ നിന്ന് റയീസ് അഹമ്മദ് എന്ന സര്‍ജനും അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ പലതവണ അല്‍ഫലാ സര്‍വകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തില്‍ ഇയാള്‍ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടര്‍മാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.
ഉമര്‍ ഉന്‍ നബി ചാവേര്‍ ആയിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. ചാവേര്‍ ബോംബറുടെ സഹായിയെ അറസ്റ്റ് ചെയ്തു എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഉമറിനെ ചാവേര്‍ എന്ന് ദേശീയ അന്വേഷണ ഏജന്‍സി വിശേഷിപ്പിച്ചിരിക്കുന്നത്. ചാവേര്‍ ഉമര്‍ നബിയുടെ സഹായി കാഷ്മീര്‍ സ്വദേശി അമീര്‍ റാഷിദ് അലി എന്നയാളെ അറസ്റ്റ് ചെയ്തതായും എന്‍ഐഎ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പരിക്കേറ്റവര്‍ ഉള്‍പ്പെടെ ഇതുവരെ 73 സാക്ഷികളെ ചോദ്യംചെയ്തതായും ദേശീയ അന്വേഷ ഏജന്‍സി വ്യക്തമാക്കി. സ്‌ഫോടനത്തില്‍ സംഭവസ്ഥലത്തുനിന്ന് 9 എംഎമ്മിന്റെ രണ്ട് വെടിയുണ്ടകളും ഒരു ഷെല്ലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
സുരക്ഷാ സേനയ്ക്ക് മാത്രം അനുവദിച്ചിരിക്കുന്ന തോക്കിലെ ബുള്ളറ്റ് എങ്ങനെ സംഭവസ്ഥലത്ത് എത്തി എന്നതാണ് അന്വേഷണ സംഘം കണ്ടെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, സംഭവസ്ഥലത്തുനിന്നു തോക്കോ അതിന്റെ ബാക്കി ഭാഗങ്ങളോ കണ്ടെത്തിയിട്ടില്ല. പൊട്ടിത്തെറിച്ച കാര്‍ ഓടിച്ച ഡോ. ഉമര്‍ നബിയുടേതാണോ ലഭിച്ച ബുള്ളറ്റ് എന്നതടക്കമുള്ള കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തില്‍ ക്രിമിനല്‍ ഗൂഢാലോചന പ്രകാരം പുതിയ എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച റെഡ് ഫോര്‍ട്ട് വീണ്ടും തുറന്നെങ്കിലും ഈ പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് അടച്ച ലാല്‍ കില മെട്രോ സ്റ്റേഷനിലെ ഗേറ്റുകള്‍ തുറന്നതായും അധികൃതര്‍ അറിയിച്ചു.
ചെങ്കോട്ട സ്‌ഫോടനത്തിനായി ഭീകരവാദികള്‍ 30 മുതല്‍ 40 കിലോ വരെ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കാര്‍ ഓടിച്ചിരുന്ന ഉമര്‍ ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായിരുന്നു. ഡല്‍ഹി സ്‌ഫോടനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന, പോലീസ് കസ്റ്റഡിയിലുള്ള ഡോ. മുസാഫര്‍ അഹമ്മദ്, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസമില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ സയീദ് എന്നിവരുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കിയതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
