വിനോദസഞ്ചാരിയുടെ അശ്രദ്ധയിൽ കത്തിനശിച്ചത് മൂന്നുനില പുരാതന ക്ഷേത്രം; തേക്ക് കൊണ്ട് നിർമ്മിച്ച മേൽക്കൂര നിലം പതിച്ചു; 1,500 വർഷം പഴക്കമുള്ള ക്ഷേത്ര പവലിയൻ അഗ്നിക്കിരയായതോടെ പുകപടലങ്ങള്‍ ഉയർന്നു; വനപ്രദേശങ്ങളിലേക്ക് തീ പടർന്നില്ലെന്ന് അധികൃതർ; ഒഴിവായത് വൻ ദുരന്തം
ഷാങ്ഗായി: ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്‌ഗായ്‌ഗാംഗിലുള്ള ഫെങ്‌വാങ് പർവതനിരയിലെ പുരാതന വെൻചാങ് പവലിയൻ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. നവംബർ 12-ന് പ്രാദേശിക സമയം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു വിനോദസഞ്ചാരിയുടെ അശ്രദ്ധമായ മെഴുകുതിരി, ധൂപ സ്റ്റിക്കിന്റെ ഉപയോഗവുമാണ് പുണ്യസ്ഥലമായ ക്ഷേത്രത്തിന്റെ നാശനഷ്ടങ്ങൾക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തീപിടിത്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മൂന്നുനില കെട്ടിടം പൂർണ്ണമായും അഗ്നിക്കിരയായപ്പോൾ കറുത്ത പുകപടലങ്ങൾ ആകാശത്തിലേക്ക് ഉയർന്നു. തേക്ക് നിർമ്മിതമായ കെട്ടിടത്തിന്റെ മേൽക്കൂരയുടെ വലിയ ഭാഗങ്ങൾ നിലം പതിച്ചു. എന്നാൽ, തീപിടിത്തത്തിൽ ആളപായമില്ലെന്നും സമീപ വനപ്രദേശങ്ങളിലേക്ക് തീ പടർന്നില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. 2008ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.
2008 ജനുവരിയിൽ ഫീനിക്സ് പർവത സന്ദർശന കേന്ദ്രത്തിലാണ് വൻചാങ് പവിലിയന്റെ നിർമ്മാണം ആരംഭിച്ചത്. 2009 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയായ ശേഷം സമീപത്തുള്ള യോങ്‌ചെങ് ക്ഷേത്രത്തിന്റെ ഭരണത്തിൻ കീഴിലായി. യഥാർത്ഥ യോങ്‌ചെങ് ക്ഷേത്രം ലിയാങ് രാജവംശത്തിലെ ചക്രവർത്തിയുടെ ഭരണകാലത്താണ് (502-557) സ്ഥാപിക്കപ്പെട്ടത്. നിരവധി കാലഘട്ടങ്ങളിലായി ക്ഷേത്രം അഭിവൃദ്ധിയും തകർച്ചയും നേരിട്ടിട്ടുണ്ട്. 1993-ൽ, യഥാർത്ഥ ക്ഷേത്രത്തിന്റെ ചരിത്രത്തെ മാനിച്ച് ഇതേ പേരിൽ ഒരു പുതിയ ക്ഷേത്രം പ്രദേശത്ത് നിർമ്മിച്ചു.
യോങ്‌ക്വിംഗ് ക്ഷേത്രത്തിന് പല നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, നിലവിലുള്ള കെട്ടിടങ്ങൾ 1990-കളിൽ പുനർനിർമ്മിച്ചവയാണ്. സംഭവത്തെ തുടർന്ന് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അഗ്നിബാധ സാധ്യത കുറയ്ക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പൂർത്തിയായാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.