'ഒരു മര്യാദയൊക്കെ വേണ്ടേ?' 'കേരളത്തില്‍ പതിറ്റാണ്ടുകളായി നടമാടുന്ന ''ട്രാന്‍സ്ഫര്‍ കച്ചവടം'' പൂട്ടിപ്പോകുന്ന വിധി; എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഈ പരിധിയില്‍ വരും; എന്നിട്ടും രാഷ്ട്രീയക്കാരുടെ 'കളിപ്പാവകള്‍'; സുപ്രീം കോടതിയുടെ ''റൂള്‍ ഓഫ് ലോ'' ഇപ്പോഴും അട്ടത്ത് തന്നെ; കേന്ദ്ര സര്‍ക്കാര്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ പുതുക്കിയിട്ടും കണ്ണുതുറക്കാതെ കേരള കേഡര്‍; നിയമവശം ചൂണ്ടിക്കാട്ടി എന്‍ പ്രശാന്ത്

Update: 2025-11-18 11:02 GMT

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ''റൂള്‍ ഓഫ് ലോ'' വന്ന് ഒരു വ്യാഴവട്ടക്കാലമായിട്ടും നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ പുതുക്കിയെങ്കിലും കേരള കേഡറില്‍ അത് നടപ്പിലാക്കിയില്ല. ഐ.എ.എസ്. - ഐ. എഫ് എസ്. അസോസിയേഷനുകള്‍ കേസ് നടത്തി അവര്‍ക്ക് മാത്രമായി സിവില്‍ സര്‍വ്വീസ് ബോര്‍ഡ് നേടിയെടുത്തു. എന്നാല്‍ സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴും ''റൂള്‍ ഓഫ് ലോ''യുടെ ആനുകൂല്യം അപ്രാപ്യമാണെന്ന് എന്‍ പ്രശാന്ത് ഐ എ എസ് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഓരോ തസ്തികയിലെയും കുറഞ്ഞ സേവന കാലാവധി നിശ്ചയിക്കാനും, സ്ഥലംമാറ്റം, നിയമനം, അച്ചടക്ക നടപടികള്‍ എന്നിവ ബോര്‍ഡുകള്‍ വഴി മാത്രം നടപ്പാക്കാനുമുള്ള സുപ്രീം കോടതിയുടെ ഉത്തരവാണ് സര്‍ക്കാര്‍ അട്ടത്ത് വച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ കച്ചവടമടക്കം പൂട്ടിപ്പോകുന്ന വിധിയാണ് ഭരണാധികാരികള്‍ നടപ്പാക്കാന്‍ മടിക്കുന്നത്.

എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:

2013-ല്‍, സുപ്രീം കോടതി നമ്മുടെ കുത്തഴിഞ്ഞ സിസ്റ്റത്തിന് ''റൂള്‍ ഓഫ് ലോ'' എന്ന ഉരുക്കിന്റെ നട്ടെല്ല് നല്‍കാന്‍ ഒരു ശ്രമം നടത്തി. മലയാളിയായ ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്‍ സര്‍ എഴുതിയ ചരിത്രവിധിക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് ഒരു വ്യാഴവട്ടമായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 141 പ്രകാരം സുപ്രീം കോടതി വിധി രാജ്യത്തെ എല്ലാ ഭരണകൂടങ്ങള്‍ക്കും ബാധകമായ നിയമമാണെന്നത് അറിയാമല്ലോ.

ടി.എസ്.ആര്‍. സുബ്രഹ്‌മണ്യന്‍ vs. യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, സര്‍ക്കാര്‍ ജീവനക്കാരെ വാക്കാലുള്ള രാഷ്ട്രീയ കല്‍പ്പനകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിട്ടുകൊടുക്കരുതെന്ന് നീതിന്യായ ബെഞ്ച് തീര്‍ത്തുപറഞ്ഞു. തുടര്‍ന്ന്, ''സിവില്‍ സര്‍വീസ് ബോര്‍ഡുകള്‍'' രൂപീകരിക്കാനും, ഓരോ സ്തികയിലും കുറഞ്ഞ സേവന കാലാവധി നിശ്ചയിക്കാനും, സ്ഥലംമാറ്റം, നിയമനം, അച്ചടക്ക നടപടികള്‍ എന്നിവ ബോര്‍ഡുകള്‍ വഴി മാത്രം നടപ്പാക്കാനും ഉത്തരവിട്ടു. എങ്കിലും അന്തിമ തീരുമാനം മേലുദ്യോഗസ്ഥര്‍ക്കും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും. രാഷ്ട്രീയ നേതൃത്വമോ മേലുദ്യോഗസ്ഥരോ ബോര്‍ഡിനെ മറികടന്ന് തീരുമാനിക്കണമെങ്കില്‍, ഫയലില്‍ കാരണം രേഖപ്പെടുത്തേണ്ടി വരും. കാരണം രേഖപ്പെടുത്തുകയെന്നാല്‍ കോടതി വ്യവഹാരങ്ങളില്‍ നേരിട്ട് ഉത്തരവാദി ആവുക എന്നാണ് അര്‍ത്ഥം. വ്യക്തിപരമായ നഷ്ടപരിഹാരം വരെ കൊടുക്കേണ്ടി വരാം എന്നതിനാല്‍ നിയമവിരുദ്ധമായും അകാരണമായും ഇടപെടല്‍ നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും മടിക്കും. കാര്യങ്ങള്‍ക്ക് ഒരല്പം മര്യാദ വരും.

കേരളത്തില്‍ പതിറ്റാണ്ടുകളായി നടമാടുന്ന ''ട്രാന്‍സ്ഫര്‍ കച്ചവടം'' പൂട്ടിപ്പോകുന്ന വിധിയാണല്ലോ ഇത്. സ്വാഭാവികമായും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നമ്മള്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയിട്ടില്ല. കോടതി വിധി വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ പുതുക്കി. എന്നിട്ടും കേരള കാഡറില്‍ അത് നടപ്പിലാക്കിയില്ല. ഒടുവില്‍ 2014 ല്‍ ഐ.എ.എസ്. - ഐ. എഫ് എസ്. അസോസിയേഷനുകള്‍ കേസ് നടത്തി അവര്‍ക്ക് മാത്രമായി സിവില്‍ സര്‍വ്വീസ് ബോര്‍ഡ് നേടിയെടുത്തു. അതിനാല്‍ സിവില്‍ സര്‍വ്വീസ് ബോര്‍ഡ് വഴി നടപടിക്രമങ്ങള്‍ പാലിക്കാത്ത കേസുകളില്‍ IAS ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാന്‍ തുടങ്ങി. ഡോ. ബി. അശോക് IAS ന്റെ സ്ഥലം മാറ്റങ്ങള്‍ പലപ്പോഴായി കോടതി ഇടപെട്ട് റദ്ദാക്കിത് ശ്രദ്ധിച്ച് കാണുമല്ലോ.

എന്നാല്‍, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും ടി.എസ്.ആര്‍. സുബ്രഹ്‌മണ്യന്‍ നല്‍കിയ സംരക്ഷണം ഉണ്ടെന്ന് പോലും അറിഞ്ഞിട്ടില്ല. നാം മനസ്സിലാക്കേണ്ടത് സുപ്രീം കോടതിയുടെ ഉത്തരവ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നിവര്‍ക്ക് മാത്രം ഒതുങ്ങിയതല്ല എന്നാണ്. കോടതി വിധിയുടെ 28-ാം ഖണ്ഡികയില്‍ ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കുന്നു:

'...സ്ഥലംമാറ്റം, നിയമനം, അച്ചടക്ക നടപടി തുടങ്ങിയ സര്‍വീസ് വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുക. രാഷ്ട്രീയ നേതൃത്വത്തിന് ഈ ഉപദേശം തള്ളാമെങ്കിലും, അതിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്...'

'സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍' എന്നതിന്റെ നിര്‍വചനം ലളിതമാണ്: സൈന്യത്തില്‍ അല്ലാത്ത, സര്‍ക്കാര്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ആരും ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്. അതുകൊണ്ട്, സെക്രട്ടേറിയറ്റ് ജീവനക്കാര്‍, അധ്യാപകര്‍, നഴ്‌സുമാര്‍, എഞ്ചിനീയര്‍മാര്‍, ക്ലറിക്കല്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഈ പരിധിയില്‍ വരും.

ലക്ഷക്കണക്കിന് സാധാരണ ജീവനക്കാരുടെ സ്ഥലംമാറ്റവും അച്ചടക്ക നടപടികളും ഇപ്പോഴും രാഷ്ട്രീയ ശുപാര്‍ശകള്‍, പാര്‍ട്ടി ഓഫീസുകള്‍, യൂണിയന്‍ നേതാക്കള്‍, മതനേതാക്കള്‍, സാമുദായിക നേതാക്കള്‍, വന്‍കിട മുതലാളിമാര്‍, മാധ്യമ സ്ഥാപനങ്ങള്‍, ക്വാറി മണല്‍ കച്ചവടക്കാര്‍, വ്യക്തിഗത സ്വാധീനം, പണം - ഇതൊക്കെ ഒരുക്കിയ ദൂഷിത വലയത്തില്‍ പെട്ടുകിടക്കുന്നത്. ജനാധിപത്യത്തില്‍ ഇങ്ങനൊക്കെയാണ് എന്ന് ചില പാവങ്ങളെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട് - അത് കൊള്ളാവുന്ന ജനാധിപത്യം എന്താണെന്ന് അറിയാത്തത് കൊണ്ടാണ്.

രാഷ്ട്രീയ നേതൃത്വം നയങ്ങള്‍ രൂപീകരിക്കേണ്ടവരാണ്, അല്ലാതെ മൈക്രോ-ട്രാന്‍സ്ഫറുകള്‍ പോലുള്ള വ്യക്തിഗത കാര്യങ്ങളില്‍ ഇടപെടേണ്ടവരല്ല. ട്രാന്‍സ്ഫര്‍-പോസ്റ്റിങ്ങില്‍ നിന്ന് ഫണ്ട് ഉണ്ടാക്കാനിറങ്ങിയാല്‍ ജീവനക്കാര്‍ അത് സാധാരണക്കാരില്‍ നിന്ന് ഈടാക്കും എന്ന് മനസ്സിലാക്കണം. ചട്ടങ്ങള്‍ ഉണ്ടാക്കിയ ശേഷം, അവ ന്യായമായി നടപ്പിലാക്കാന്‍ സിവില്‍ സര്‍വ്വീസ് ബോര്‍ഡുകളെ ഏല്‍പ്പിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. ഒന്നോര്‍ത്ത് നോക്കൂ, ഭരണനേതൃത്വം ട്രാന്‍സ്ഫര്‍-പോസ്റ്റിങ് നോക്കുന്ന കേവലം HR ഓഫീസര്‍മാരാകുമ്പോള്‍ അവര്‍ക്ക് നയപരമായ കാര്യങ്ങള്‍ നോക്കാന്‍ എവിടെ സമയം? നമ്മുടെ ''സിസ്റ്റം'' വെറും ട്രാന്‍സ്ഫര്‍ പോസ്റ്റിങ്ങ് സംവിധാനമായി അധ:പതിക്കുന്നതില്‍ ഈ മൈക്രോ മാനേജ്‌മെന്റിന് വലിയ പങ്കുണ്ട്.

മറ്റൊരു പ്രശ്‌നം കൂടി കോടതി കണ്ടെത്തി. നിയമം ഒരു വഴിക്കും, ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ മറ്റൊരു വഴിക്കുമാവുമ്പോള്‍, പാവം ജീവനക്കാര്‍ നിയമക്കുരുക്കിലും, ധാര്‍മ്മിക പ്രതിസന്ധിയിലും, കടുത്ത മാസസിക സംഘര്‍ഷത്തിലുമാവുന്നു. വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയത് ഈ അപകടം തിരിച്ചറിഞ്ഞാണ്. ഇന്നത്തെ നിലയ്ക്ക് ഒരു ക്ലര്‍ക്ക് ക്രമരഹിതമായ ഉത്തരവ് നിഷേധിച്ചാലോ, ഒരു റവന്യൂ ഇന്‍സ്‌പെക്ടര്‍ നിയമത്തില്‍ ഉറച്ചുനിന്നാലോ, കൃഷി ഓഫീസര്‍ രേഖകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചാലോ അവര്‍ക്ക് പെട്ടെന്ന് സ്ഥലംമാറ്റം, ചാര്‍ജ് ഷീറ്റ്, പരസ്യമായ അപമാനം എന്നിവയായിരിക്കും ഫലം. കുടുംബവും പ്രാരാബ്ദ്ധവുമായി ജീവിക്കുന്ന സാധാരക്കാര്‍ക്ക് അടിക്കടിയുള്ള ട്രാന്‍സ്ഫര്‍ ഭീഷണി എന്നത് ഭയപ്പെടുത്തുന്ന ആയുധം തന്നെയാണ്. ജോലിസ്ഥലത്തെ പീഡനം, പ്രതികാര നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും അറിയാതെ പോകുന്നതുമായ ആത്മഹത്യാ ശ്രമങ്ങള്‍, ജീവിക്കാനുള്ള അവകാശത്തെയും (ആര്‍ട്ടിക്കിള്‍ 21) മാനസികാരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഭയാനകമായ സൂചനയാണ്.

ആര്‍ട്ടിക്കിള്‍ 309 പ്രകാരം, സംസ്ഥാന കാര്യങ്ങളുമായി ബന്ധപ്പെട്ടവരുടെ നിയമനത്തിനും സേവന വ്യവസ്ഥകള്‍ക്കും നിയമങ്ങളോ ചട്ടങ്ങളോ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിയും.

ഒരു യുക്തിസഹമായ മാതൃകയില്‍, സിവില്‍ സര്‍വീസ് ബോര്‍ഡ് സംസ്ഥാന തലത്തില്‍ മാത്രമല്ല, വകുപ്പ്, ജില്ലാ തലങ്ങളിലും രൂപീകരിച്ച് സുപ്രീം കോടതി വിധി ഇനിയെങ്കിലും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു:

സംസ്ഥാന സി.എസ്.ബി.: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍, മുതിര്‍ന്ന സംസ്ഥാന സര്‍വീസ് ഓഫീസര്‍മാരുടെയും വകുപ്പ് മേധാവികളുടെയും നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടികള്‍ എന്നിവ തീരുമാനിക്കാന്‍.

വകുപ്പുതല സി.എസ്.ബി.: ഓരോ പ്രധാന വകുപ്പിലും (വിദ്യാഭ്യാസം, ആരോഗ്യം, റവന്യൂ) ഡയറക്ടറുടെ അധ്യക്ഷതയില്‍, അതാത് കേഡറുകളുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍.

ജില്ലാ സി.എസ്.ബി.: കളക്ടറുടെ അധ്യക്ഷതയില്‍, ജീവനക്കാരുടെ (വില്ലേജ് ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്) സ്ഥലംമാറ്റം, നിയമനം തുടങ്ങിയ നിര്‍ണായക കാര്യങ്ങള്‍ കൃത്യമായ കുറഞ്ഞ കാലാവധി (ഉദാഹരണത്തിന്, മൂന്ന് വര്‍ഷം) ഉറപ്പാക്കി നടപ്പാക്കാന്‍.

ബോര്‍ഡിന്റെ ഉപദേശം മറികടക്കുന്നതിനും, കാലാവധിക്ക് മുമ്പ് സ്ഥലം മാറ്റുന്നതിനും ഫയലില്‍ കാരണങ്ങള്‍ രേഖപ്പെടുത്തേണ്ടി വരും എന്നല്ലാതെ നിലവിലെ വകുപ്പുതല ഭരണ സംവിധാനത്തിന് ഒരു കുഴപ്പവും സംഭവിക്കാന്‍ പോകുന്നില്ല. തീരുമാനങ്ങള്‍ക്ക് ഉത്തരവാദിത്തം വരും എന്ന് മാത്രം. (അതാണ് പലരും ഭയക്കുന്നതും)

ആര്‍ജ്ജവമില്ലാത്ത മേലുദ്യോഗസ്ഥന്‍ അന്യായമായി അടിക്കി സ്ഥലം മാറ്റ ഉത്തരവിറക്കുമ്പോള്‍, ഓരോ ജീവനക്കാരനും അഭിഭാഷകനും കോടതിയില്‍ ഉന്നയിക്കേണ്ടുന്ന സിമ്പിള്‍ വാദമാണ് പറഞ്ഞ് വന്നത്. അതായത്, ടി.എസ്.ആര്‍. സുബ്രഹ്‌മണ്യന്‍ vs. യൂണിയന്‍ ഓഫ് ഇന്ത്യയില്‍ സുപ്രീം കോടതി ഉത്തരവിട്ട പ്രകാരം സിവില്‍ സര്‍വ്വീസ് ബോര്‍ഡ് കൂടിയല്ല ട്രാന്‍സ്ഫര്‍ ഉത്തരവിറക്കിയത്. ഇന്ത്യയിലെമ്പാടും കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലില്‍ (CAT) ഈ വാദം ഉന്നയിച്ച് കാണാറുണ്ടെങ്കിലും നമ്മുടെ കേരള അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലില്‍ (KAT) ല്‍ ഇത് വാദിച്ച് കണ്ടിട്ടില്ല. ഇനി ശ്രദ്ധിക്കുമല്ലോ അമ്പാനേ.

ഓരോ സ്ഥലംമാറ്റ ഉത്തരവിലും, ഓരോ നിയമന മാറ്റത്തിലും, ഓരോ അച്ചടക്ക നടപടിയിലും ഒരു സാധ്യത ഒളിഞ്ഞ് കിടപ്പുണ്ട് - ഈ സിസ്റ്റം മെച്ചപ്പെടുത്താനുള്ള എളിയ ശ്രമത്തിന്റെ സാധ്യത. സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവ് വര്‍ഷങ്ങളായി നടപ്പിലാക്കാതിരിക്കുന്നത് നിയമലംഘനം തന്നെയാണ്. സാധാരണ ജീവനക്കാരെ പൂര്‍ണ്ണമായും അരക്ഷിതാവസ്ഥയില്‍ നിര്‍ത്തുകയും IAS കാര്‍ക്ക് മാത്രം സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ സംരക്ഷണം നല്‍കുകയും ചെയ്യുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്.

കോടതി വിധികള്‍ എന്ത് വിലകൊടുത്തും നടപ്പിലാക്കാന്‍ പൊലീസും പീരങ്കിയും ഒക്കെ ഇറക്കിയ ചരിത്രമുള്ള നാടാണ് നമ്മുടേത്. അതാണ് ''റൂള്‍ ഓഫ് ലോ'' എന്ന മഹനീയ സങ്കല്‍പ്പത്തോടുള്ള ആദരവ്.

എന്നാലും, ഈ സുപ്രീം കോടതി വിധി വന്നിട്ട് 12 വര്‍ഷം എന്നൊക്കെ പറഞ്ഞാല്‍ ... ഒരു മര്യാദയൊക്കെ വേണ്ടേ?

സ്വാമി ശരണം.

NB: സിസ്റ്റത്തെ അകത്തായാലും പുറത്തായാലും ലോക്കാക്കാന്‍ വായിക്കുക: ''സിസ്റ്റം ഔട്ട് കംപ്ലീറ്റ്''

Similar News