എംഡിഎംഎ വാങ്ങിയിട്ട് പണം കൊടുത്തില്ല; വാഹനം പണയം വച്ചതിലും തര്‍ക്കും; കാശ് ചോദിച്ച് ആദര്‍ശും റോബിനും വീട്ടിലെത്തി; കുത്തി മലര്‍ത്തിയത് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും; പ്രതിയും മരിച്ചയാളും ലഹരി കേസിലെ സ്ഥിരം പ്രതികള്‍; തിരുവാതുക്കലിനെ നടുക്കി രാത്രി കൊല; ആദര്‍ശിനെ തീര്‍ത്ത അച്ഛനും മകനും അകത്ത്

Update: 2025-11-24 03:43 GMT

കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ യുവാവിനെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്. പുതുപ്പള്ളി തോട്ടക്കാട് സ്വദേശിയ ആദര്‍ശ് ( 23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി. കെ. അനില്‍കുമാറും അദ്ദേഹത്തിന്റെ മകന്‍ അഭിജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ നാലുമണിക്കാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാട് എം.ഡി.എം.എ.യുമായി ബന്ധപ്പെട്ടതായിരുന്നു. ആദര്‍ശിന്റെ കൈയ്യില്‍ നിന്ന് ലഹരി മരുന്ന് മകന്‍ അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും പണം നല്‍കാന്‍ തയ്യാറായില്ല. ആദര്‍ശ്, മാണിക്കുന്നിലുള്ള അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്നം ഉണ്ടാക്കി. തുടര്‍ന്നാണ് അനില്‍കുമാറും അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ കൊലപ്പെടുത്തിയത്. മകന്‍ അഭിജിത്താണ് കൊലപാതകം നടത്തിയത്.

കൊലയ്ക്ക് ശേഷം അച്ഛനും മകനും കടന്നു കളയുന്നതിനിടയില്‍ തന്നെ കോട്ടയം വെസ്റ്റ് പോലീസ് രണ്ടുപേരെയും പിടികൂടി. കൊലപാതകത്തിനു ശേഷം അനില്‍കുമാറും അഭിജിത്തും മുങ്ങുന്ന സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പോലീസ് ചോദ്യം ചെയ്തു വരികയാണ്. അഭിജിത്തിനെതിരെ നിരവധി ലഹരി കേസുകള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ നിലവിലുണ്ട്.

അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് ആദര്‍ശ് മരിച്ചത്. ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരിച്ച ആദര്‍ശ് ലഹരി കേസുകളില്‍ പ്രതിയാണ്. ആദര്‍ശും സുഹൃത്ത് റോബിനും അനില്‍കുമാറിന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വെച്ചതിന്റെയും പണമാണ് അഭിജിത്തിന് ആദര്‍ശിന് നല്‍കാനുള്ളത്.

Tags:    

Similar News