'ഇത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം'; വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ ജയില്‍വാസം രണ്ടാം ദിനത്തില്‍; താന്‍ നിരാഹര സമരത്തിലെന്ന് സൂപ്രണ്ടിന് എഴുതി നല്‍കി; സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; ഡോക്ടറുടെ സേവനം ലഭിക്കും

Update: 2025-12-02 10:04 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ പരാതി നല്‍കിയ അതിജീവിതയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. നിലവില്‍ വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ജയിലില്‍ കഴിയുന്നത്. താന്‍ നിരാഹര സമരത്തിലാണെന്ന് രാഹുല്‍ സൂപ്രണ്ടിന് എഴുതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയില്‍ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുല്‍ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ജയിലില്‍ നിരാഹാരം തുടരുന്നത് പങ്കുവച്ച് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുകയാണ്. 'ഇത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം' എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുല്‍ ഈശ്വറിനെ ജില്ലാ ജയിലിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ജയിലില്‍ നിരാഹാരമിരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ തിരുവനന്തപുരം ജില്ലാ ജയിലില്‍ എത്തിയ രാഹുല്‍ ഈശ്വര്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. നിരാഹാര സമരത്തില്‍ ആണെന്ന് ജയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തനിക്കെതിരെ എടുത്തത് കള്ളക്കേസെന്ന് ആരോപിച്ചാണ് നിരാഹാരം തുടരുന്നത്.

അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്.

റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ നിരാഹാരസമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു. ഒരുനോട്ടീസും തരാതെയാണ് പോലീസ് വീട്ടില്‍വന്നത്. ഏഴുമണിക്ക് മുന്‍പ് വരാന്‍ പറ്റുമെന്ന് കരുതിയാണ് പോയത്. പക്ഷേ, ഞങ്ങള്‍ നോട്ടീസ് കൈപ്പറ്റിയില്ലെന്നാണ് ഇന്നലെ കോടതിയില്‍ പറഞ്ഞത്. എല്ലാം കള്ളക്കേസാണ്. ഏത് വീഡിയോയിലെ ഉള്ളടക്കം കാരണമാണ് ജാമ്യം നിഷേധിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. കേസിന്റെ അടുത്ത നീക്കം അഭിഭാഷകനുമായി ചേര്‍ന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്'', ദീപ പറഞ്ഞു.

''പോലീസ് കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് തോന്നുന്നത്. രാഹുലിനെ കണ്ടശേഷം ബാക്കികാര്യങ്ങള്‍ തീരുമാനിക്കാം. ജാമ്യംകിട്ടാവുന്ന വകുപ്പുകളാണ് ആദ്യം ചുമത്തിയത്. ജാമ്യമില്ലാ കുറ്റങ്ങള്‍ രാത്രിയിലാണ് ചേര്‍ത്തത്. അറസ്റ്റ് ആദ്യം നടക്കട്ടെ കുറ്റം പിന്നെ കണ്ടുപിടിക്കാം എന്ന മട്ടിലാണ് കാര്യങ്ങള്‍ പോയത്. ജാമ്യം നിഷേധിച്ച വിഷമത്തിലാകാം നിരാഹാരം തുടരുന്നത്. ഒരാളെ വേദനിപ്പിക്കുന്നരീതിയില്‍ രാഹുല്‍ ഒന്നുംചെയ്തിട്ടില്ല. ഒരു കേസില്‍ ഒരു വ്യക്തിയെ എല്ലാവരും കുറ്റംപറയുന്നു. മറ്റു വ്യക്തി പറയുന്നതിലും തെറ്റായകാര്യങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞു. അത് വിളിച്ചുപറഞ്ഞതിനാണല്ലോ അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടിവന്നത്.

ഇത് നീതിക്കായുള്ള പ്രതിഷേധമാണ്. വീഡിയോയില്‍ ഉപയോഗിച്ച ഭാഷയുടെ പ്രയോഗമെല്ലാം സബ്ജക്ടീവാണ്. മോശപ്പെട്ട വാക്ക് ഉപയോഗിച്ചുവെന്നാണ് പറയുന്നത്. പക്ഷേ, ആ വാക്ക് ഏതാണെന്ന് എടുത്തുപറയാന്‍ പ്രോസിക്യൂഷന് പോലും സാധിക്കുന്നില്ല. പറഞ്ഞ കാര്യങ്ങളില്‍ ലൈംഗികച്ചുവയുണ്ടെന്ന് വ്യാഖാനിക്കുകയാണ്. ഇരയുടെ പേര് പറഞ്ഞോ, മുഖം വ്യക്തമാക്കിയോ, മോശപ്പെട്ട വാക്ക് ഉപയോഗിച്ചോ എന്നതിനൊന്നും ഉത്തരമില്ല.

മീ ടൂ മൂവ്മെന്റ് വന്നപ്പോള്‍ ചന്നംപിന്നം പേരുകള്‍ പറയുകയായിരുന്നു. അതില്‍ എത്രയെണ്ണം വ്യാജമായിരുന്നു. അതിലെല്ലാം രാഹുല്‍ചേട്ടന്റെ സ്വരമാണ് ഏറ്റവും മുന്നില്‍നിന്നിരുന്നത്. നാളെ ഇവിടെ മെന്‍സ് കമ്മീഷന്‍ ആവശ്യമുണ്ടെന്നതിന്റെ തെളിവാണിത്. നേരത്തേ നിവിന്‍ പോളിക്കെതിരേ ഒരു പെണ്‍കുട്ടി വന്നു. അതിനെതിരേ ഒന്നും സംസാരിച്ചില്ലായിരുന്നെങ്കില്‍ എന്തായാനേ?

സ്ത്രീയുടെയും പുരുഷന്റെയും സല്‍പ്പേര് ഒരുപോലെ പ്രധാനമാണ്. എനിക്ക് വളര്‍ന്നുവരുന്ന രണ്ട് ആണ്‍കുട്ടികളാണ്. 10-20 വര്‍ഷം കഴിഞ്ഞ് അവര്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങനെ ചെയ്തത് നന്നായി എന്ന് അവര്‍ക്ക് തോന്നണം. പലരുംപറയും ഞാന്‍ സ്ത്രീവിരുദ്ധത സംസാരിക്കുകയാണെന്ന്. അങ്ങനെയല്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി സംസാരിക്കാന്‍ ആരെങ്കിലും വേണ്ടേ. അതുകൊണ്ടാണ് പറഞ്ഞത്. എല്ലാവര്‍ക്കും ഉപകാരമുള്ള കാര്യമല്ലേ പറയുന്നത്'', ദീപ രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടിലെന്ന് റിപ്പോര്‍ട്ട്. ബാഗല്ലൂരിലെ റിസോര്‍ട്ടില്‍ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങി. ഞായറാഴ്ചയാണ് രാഹുല്‍ റിസോര്‍ട്ടിലെത്തിയതെന്നും അതിന് ശേഷം കര്‍ണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

വ്യാഴാഴ്ച വൈകീട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരെ പോയത് പൊള്ളാച്ചിയ്‌ക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴിയാണ് എംഎല്‍എ കടന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. രാഹുല്‍ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും വിവരമുണ്ട്.

അതേസമയം, പാലക്കാട് നിന്ന് രാഹുല്‍ മുങ്ങിയ ചുവന്ന പോളോ കാര്‍ സിനിമ നടിയുടെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാര്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കാറില്‍ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാര്‍ രാഹുലിനെ ഏല്‍പ്പിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ബംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കാര്‍ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേ വീട്ടിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാഹുലിനെ രക്ഷപ്പെടാന്‍ നേതാവ് സഹായം ചെയ്‌തോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതോടെ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെന്നെ ആരോപണം ശക്തമാക്കുകയാണ് ബിജെപി. ആരോപണം നിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍ രംഗത്തെത്തി.

Tags:    

Similar News