തിരുനെല്ലിയിലേയും തൃശ്ശിലേരിയിലേയും നിക്ഷേപം തിരിച്ചു കൊടുത്താല്‍ ആ രണ്ട് സഹകരണ സംഘവും തകരും; ക്ഷേത്ര വരുമാനം ദൈവത്തിന് അവകാശപ്പെട്ടതെന്ന് സുപ്രീംകോടതിയും; മാനന്തവാടി-തിരുനെല്ലി സംഘങ്ങള്‍ വമ്പന്‍ പ്രതിസന്ധിയില്‍; സഹകരണ അതിജീവനം വിശ്വാസ പ്രതിസന്ധിയില്‍

Update: 2025-12-07 07:43 GMT

വയനാട്: സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച സുപ്രീംകോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവ ക്ഷേത്രവും നീക്കം തുടങ്ങിയെങ്കിലും ഉടന്‍ പണം ലഭിക്കാന്‍ ഇടയില്ല. നിക്ഷേപിച്ച പണം അടിയന്തരമായി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളെയും സൊസൈറ്റികളെയും തിങ്കളാഴ്ച സമീപിക്കുമെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചു. എന്നാല്‍ പണം ഉടന്‍ നല്‍കില്ലെന്നാണ് സൂചന.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് 1.73 കോടി രൂപയുടെ നിക്ഷേപം മാനന്തവാടി അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയിലും 8.5 കോടി രൂപയുടെ നിക്ഷേപം തിരുനെല്ലി സഹകരണ ബാങ്കിലുമുണ്ട്. തൃശ്ശിലേരി ശിവക്ഷേത്രത്തിന് മാനന്തവാടി അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയില്‍ 15.68 ലക്ഷം രൂപയുടെ നിക്ഷേപവും തിരുനെല്ലി സര്‍വിസ് കോഓപറേറ്റിവ് ബാങ്കില്‍ 1.5 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ബാങ്കുകള്‍ പറയുന്നത്. അതിനാല്‍ ക്ഷേത്രങ്ങള്‍ക്ക് നിക്ഷേപ തുക മടങ്ങി നല്‍കുന്നത് വൈകും. സി.പി.എം മേല്‍നോട്ടത്തിലുള്ള ബാങ്കുകളിലും സൊസൈറ്റികളിലുമാണ് ഇരു ക്ഷേത്രങ്ങളും പണം നിക്ഷേപിച്ചത്. ഈ സംഘങ്ങളെ താങ്ങി നിര്‍ത്താനുള്ള നീക്കമായിരുന്നു ഇത്. ഇത് സുപ്രീംകോടതി ചോദ്യം ചെയ്തു. ഈ സാഹചര്യത്തിലാണ് പണം മടക്കി വാങ്ങുന്നത്.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവക്ഷേത്രവും സഹകരണ ബാങ്കുകളില്‍ നടത്തിയ നിക്ഷേപം പിന്‍വലിച്ച് ദേശസാത്കൃത ബാങ്കിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ഹൈകോടതി ഉത്തരവ് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ നല്‍കിയ ഹരജി ഡിസംബര്‍ അഞ്ചിന് പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷ പരാമര്‍ശം നടത്തിയത്. ക്ഷേത്ര വരുമാനം ദൈവത്തിന് അവകാശപ്പെട്ടതാണെന്നും അത് ക്ഷേത്ര താല്‍പര്യത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രപണം ഉപയോഗിക്കാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതാണ് പണം തിരികെ വാങ്ങേണ്ട സാഹചര്യം ഉണ്ടാക്കിയത്.

ഹൈകോടതി ഉത്തരവിനെതിരെ മാനന്തവാടി അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയും തിരുനെല്ലി സര്‍വിസ് കോഓപറേറ്റിവ് ബാങ്കുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാലാവധി പൂര്‍ത്തിയാകാതെ ക്ഷേത്രത്തിന്റെ നിക്ഷേപങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് അവര്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഇതോടെ നിക്ഷേപം പിന്‍വലിക്കാന്‍ ക്ഷേത്ര ഭരണ സമിതികളും നിര്‍ബന്ധിതരാകും. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിന് എതിരെ ഹൈക്കോടതി വിധി വന്നിട്ടും തുക തിരികെ നല്‍കാന്‍ കഴിയാതെ തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക് വലഞ്ഞിരുന്നു. സഹകരണ സംഘങ്ങളില്‍ നിക്ഷേപം നടത്തരുതെന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍ ഉണ്ടായത്. കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് രവി ഉള്ളിയേരി എന്ന വ്യക്തിയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നിക്ഷേപം തിരികെ ലഭിക്കാതായതോടെ തിരുനെല്ലി ദേവസ്വവും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

തുടര്‍ന്ന് പലവട്ടം രേഖാപരമായി ആവശ്യപ്പെട്ടെങ്കിലും നിക്ഷേപത്തുക പൂര്‍ണമായി തിരികെ ലഭിച്ചിട്ടില്ല. തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടേതായി 17കോടി രൂപയാണ് തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപം ഉണ്ടായിരുന്നത്. ഇതില്‍ 9 കോടി രൂപ പലവട്ടമായി തിരികെ നല്‍കി. 8 കോടി രൂപ ഇനിയും തിരികെ നല്‍കാനുണ്ട്. ഈ തുക ഒരുമിച്ച് നല്‍കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതിയിലാണ് ബാങ്ക്. രവീന്ദ്രന്‍ ഉള്ളിയേരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നല്‍കിയ വിധിയില്‍ സഹകരണ സ്ഥാപനങ്ങള്‍ സ്ഥിര നിക്ഷേപങ്ങളും മറ്റ് നിക്ഷേപങ്ങളും തിരികെ നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് വി.രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധിന്യായം പുറപ്പെടുവിച്ചത്. തിരുനെല്ലിതൃശ്ശിലേരി ദേവസ്വങ്ങള്‍ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ള 5 സഹകരണ സംഘങ്ങളും സിപിഎം നിയന്ത്രണത്തിലുള്ളത്.

അതുകൊണ്ട് തന്ന സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്ന് പ്രശ്‌ന പരിഹാരം കാണാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബ്രഹ്‌മഗിരി സഹകരണ സംഘത്തിലെ വനന്‍ വെട്ടിപ്പിന് പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള തിരുനെല്ലി സഹകരണ ബാങ്കിലെ പ്രതിസന്ധി മുതലെടുക്കാനുള്ള ശ്രമം യുഡിഎഫ് നേതൃത്വവും ഏറ്റെടുക്കാനിടയുണ്ട്. ഇതോടെയാണ് അപ്പീലുമായി സുപ്രീംകോടതിയിലേക്ക് പോയത്. അതും വെറുതെയായി.

Tags:    

Similar News