സംഭവിച്ചകാര്യങ്ങള്‍ ഒരുകൂട്ടം അഭിഭാഷകരുടെ മുന്നില്‍ ആവര്‍ത്തിക്കേണ്ടിവന്നപ്പോള്‍ ഇര തകര്‍ന്നുപോയി; 2020-ല്‍ കോടതിയില്‍ 15 ദിവസം പോയി; ആ ദിവസങ്ങളില്‍ ഓരോ നിമിഷവും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നു; നീതിയുണ്ടായില്ലെന്ന വിലയിരുത്തലില്‍ അതിജീവിത; അപ്പീലില്‍ നിയമോപദേശം തേടും

Update: 2025-12-09 02:26 GMT

കൊച്ചി: വിചാരണക്കോടതി വിധിയില്‍ അതിജീവിത പൂര്‍ണ്ണ അതൃപ്തിയില്‍. നീതി നടപ്പായില്ലെന്ന വിലയിരുത്തലിലാണ് അതിജീവിത. ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനം. വിചാരണ കോടതിയ്‌ക്കെതിരെ ആദ്യം മുതല്‍ അതിജീവിത കടുത്ത നിലപാട് എടുത്തിരുന്നു. ആദ്യംമുതല്‍ അതിജീവിതയും സര്‍ക്കാരും 'അവിശ്വസിക്കുന്ന' അപൂര്‍വത നടിയെ ആക്രമിച്ച കേസിലുണ്ടായിരുന്നുവെന്ന് മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിതയും സര്‍ക്കാരും രണ്ടുതവണ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെത്തിയതും അപൂര്‍വ്വതയാണ്. ഒരുഘട്ടത്തില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നില്ലെന്ന നിലപാടുപോലും നടിയും സര്‍ക്കാരും സ്വീകരിച്ചു. അതിജീവിത ആവശ്യപ്പെട്ട പ്രകാരമായിരുന്നു വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചത്. ഇതിനെ ദിലീപ് എതിര്‍ത്തു. അപ്പോള്‍ ശക്തമായ നിലപാട് നടി എടുത്തു. പിന്നീട് ഇതേ ജഡ്ജിക്കെതിരെ തന്നെ അതിജീവിത നിലപാട് എടുത്തു. ഇനി അന്തിമ വിധി പരിശോധിച്ച് അപ്പീലിന് പോകും. ഇതിനുള്ള സാധ്യത അതിജീവിത തേടുന്നുണ്ട്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ കോടതിയില്‍ വിചാരണക്കിടെ നേരിടേണ്ടി വന്ന തിക്ത സംഭവങ്ങളെ കുറിച്ച് അതിജീവിത തുറന്നുപറഞ്ഞിരുന്നു. 2020-ല്‍ കോടതിയില്‍ 15 ദിവസം പോയി. ആ ദിവസങ്ങളില്‍ ഓരോ നിമിഷവും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നുവെന്നാണ് നടി ബര്‍ക്ക ദത്തിനോട് പറഞ്ഞത്. ഇതേ നിലപാടില്‍ തന്നെയാണ് അതിജീവിത ഇപ്പോഴും. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു. ഈ വിധിയില്‍ അതിജീവിത ഒട്ടും തൃപ്തയല്ല.

കേസിന്റെ വിചാരണ ആരംഭിച്ചപ്പോള്‍മുതല്‍ത്തന്നെ ബുദ്ധിമുട്ടിക്കുന്ന നിലപാടായിരുന്നു ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്നു അതിജീവിതയുടെ പരാതി. നടിയുടെ സ്വഭാവത്തെപ്പോലും ചോദ്യംചെയ്യുന്ന സമീപനമാണ് വിചാരണക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന പരാതിയും ഉന്നയിക്കുകയുണ്ടായി. അതിജീവിതയുടെ ക്രോസ് വിസ്താരം പലദിവസങ്ങളിലും വൈകീട്ട് ഏഴുവരെ നീണ്ടു. അതിജീവിതയെ ബുദ്ധിമുട്ടിക്കാന്‍ മുപ്പതിലധികം അഭിഭാഷകരാണ് പങ്കെടുത്തത്. വാദി-പ്രതി ഭാഗത്തെ ബാലന്‍സ് ചെയ്യാന്‍ ജഡ്ജി തയ്യാറാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. അതിജീവിതയെ പരുക്കനായി വിസ്തരിക്കുന്നത് തടഞ്ഞില്ല. സംഭവിച്ചകാര്യങ്ങള്‍ ഒരുകൂട്ടം അഭിഭാഷകരുടെ മുന്നില്‍ ആവര്‍ത്തിക്കേണ്ടിവന്നപ്പോള്‍ ഇര തകര്‍ന്നുപോയി എന്നതും വിവാദമായി. ഈ വാദമുയര്‍ത്തി ഹൈക്കോടതിയില്‍ എത്തി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിയും ആവശ്യം തള്ളി.

രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും ഇതോടൊപ്പം കൂട്ടിവായിക്കണം. ആദ്യം എ. സുരേശനും രണ്ടാമത് വി.എന്‍. അനില്‍കുമാറുമാണ് പ്രോസിക്യൂട്ടര്‍സ്ഥാനം രാജിവെച്ചത്. കോടതിയുടെ സമീപനത്തിലുള്ള അതൃപ്തിയായിരുന്നു ഇരുവരുടെയും രാജിയിലേക്കു നയിച്ചതെന്ന ആരോപണം ശക്തമാണ്. വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുമുണ്ട്. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത്. നടിയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പ്രതിഭാഗത്തിന്റെ കയ്യിലെത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍.

മെമ്മറി കാര്‍ഡ് ഈ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ശാസ്ത്രീയമായി കണ്ടെത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ട് ജഡ്ജി രണ്ട് വര്‍ഷത്തോളം മറച്ചുവെച്ചു എന്നാണ് പിന്നീട് ഉയര്‍ന്ന ആരോപണം. ഈ റിപ്പോര്‍ട്ട് തനിക്ക് കൂടി നല്‍കണമെന്ന അതിജീവിതയോടെ ആവശ്യത്തോടും മുഖം തിരിച്ചു. പിന്നീട് ഇതിനായി അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.

Tags:    

Similar News