പള്‍സറിനെ 20 കൊല്ലം ജയിലില്‍ ഇടാന്‍ പ്രോസിക്യൂഷന്‍; ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണവും അറിയാം; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വിധി ഇന്ന്; കോടതിയില്‍ ഇനി ദിലീപ് എത്തില്ല; അതിജീവിതയുടെ പ്രതികരണത്തിനും സാധ്യത; ഇനി അപ്പീല്‍ യുദ്ധം
കൊച്ചി : അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണം ഇന്ന് അറിയാം. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധിക്കും. ആദ്യ 6 പ്രതികളായ എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്. ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നതാണ് പ്രോസിക്യൂഷന്‍ ആവശ്യം.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് 6 പ്രതികള്‍ക്കുമെതിരെ കണ്ടെത്തിയത്. പ്രതികളെ ജയിലില്‍നിന്നു രാവിലെ 11നു മുന്‍പു കോടതിയിലെത്തിക്കും. ഇവര്‍ക്കു ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേള്‍ക്കും. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിക്കും. ദിലീപിന് കോടതിയില്‍ എത്തേണ്ട സാഹചര്യമില്ല. എങ്കിലും ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണവും വിധിയിലുണ്ടാകും. ശിക്ഷക്കപ്പെട്ടവര്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാം. ഇതില്‍ പള്‍സര്‍ സുനി ഏഴരക്കൊല്ലം ജയിലില്‍ കിടന്നിട്ടുണ്ട്.
എട്ടാംപ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങള്‍ വിധിന്യായത്തില്‍ നിന്ന് അറിയാം. വിധിയോട് അതിജീവിത പ്രതികരിച്ചിട്ടില്ല. വിധി ന്യായം വന്ന ശേഷം അതുണ്ടാകാന്‍ സാധ്യതയുണ്ട്. ദിലീപിനെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കാനും സാധ്യതയുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നു കോടതിക്കു ബോധ്യപ്പെടുമ്പോഴോ തെളിവുകള്‍ കണ്ടെത്തി കുറ്റം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുമ്പോഴോ ആണ് പ്രതിയെ കുറ്റവിമുക്തനാകുന്നത്. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തില്‍ കോടതിയുടെ നിഗമനം അതിനിര്‍ണ്ണായകമാണ്.
ഒന്നാംപ്രതി പള്‍സര്‍ സുനി (എന്‍.എസ്. സുനില്‍) ഉള്‍പ്പെടെ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് കണ്ടെത്തിയിരുന്നു. ദിലീപ് ഉള്‍പ്പെടെ നാലുപ്രതികളെയാണ് കോടതി വിട്ടയച്ചത്. ദിലീപിനെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കുറ്റക്കാരായ ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കി തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
ഇവര്‍ക്കെതിരേ കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം തടവോ അതല്ലെങ്കില്‍ കുറഞ്ഞത് 20 വര്‍ഷം കഠിനതടവോ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ തെളിഞ്ഞിരിക്കുന്നത്. വിട്ടയക്കപ്പെട്ടെങ്കിലും ഒന്‍പതാം പ്രതി സനില്‍കുമാര്‍ പോക്‌സോ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ തുടരുകയാണ്.
