'തോല്‍വി സഹിക്കാനായില്ല'; പാനൂര്‍ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ സിപിഎം ആക്രമണം; ആഹ്‌ളാദ പ്രകടനത്തിന് നേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു; പാര്‍ട്ടിക്കൊടി കൊണ്ട് മുഖം മറച്ച് വടിവാളുമായി വീട് കയറി ആക്രമണം; കാറും ബൈക്കും വെട്ടിപ്പൊളിച്ചു; ന്യൂനം പറമ്പില്‍ സംഘര്‍ഷാവസ്ഥ; ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് വി ഡി സതീശന്‍

Update: 2025-12-13 14:57 GMT

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ വ്യാപക ആക്രമണം. വടിവാള്‍ പ്രകടനവുമായി വീടുകള്‍ കയറിയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. കണ്ണൂര്‍ പാറാടാണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. യുഡിഎഫിന്റെ വിജയാഹ്‌ളാദത്തിന് പിന്നാലെയാണ് കണ്ണൂര്‍ പാനൂരില്‍ സിപിഎം ആക്രമണം നടത്തിയത്. പാനൂര്‍ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹ്‌ളാദ പ്രകടനത്തിന് നേരെയാണ് സ്ഫോടകവസ്തുക്കള്‍ എറിയുകയും തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകന്റെ വീടിനു നേരെ വടിവാളുമായി എത്തി ആക്രമണം നടത്തുകയും ചെയ്തത്.

വൈകിട്ട് അഞ്ചരയോടെ പാറാട് മേഖലയിലാണ് സംഘര്‍ഷം ഉണ്ടായത്. കുന്നോത്ത് പറമ്പ് പഞ്ചായത്തില്‍ 25 വര്‍ഷത്തിന് ശേഷം യുഡിഎഫ് 15 സീറ്റുകള്‍ നേടി ഭരണം പിടിച്ചിരുന്നു. ഇതിന്റെ ആഹ്‌ളാദ പ്രകടനങ്ങള്‍ പാറാട് അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്.കറുത്ത വസ്ത്രം ധരിച്ച് പാര്‍ട്ടിക്കൊടി കൊണ്ട് മുഖം മറച്ചാണ് അക്രമിസംഘം എത്തിയത്. ഇവരെ കണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ ചിതറിയോടി. എന്നാല്‍ ഓടി രക്ഷപ്പെട്ടവരെ പിന്തുടര്‍ന്ന് വടിവാളും വലിയ വടികളുമുപയോഗിച്ച് അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു.

പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരാള്‍ സ്ഫോടക വസ്തു എറിയുന്നതും പിന്നീട് ലീഗ് ഓഫീസ് അടിച്ചു തകര്‍ക്കുന്നതും കാണാം. വ്യാപകമായ അക്രമത്തിന് ശേഷമാണ് അക്രമിസംഘം ചില യുഡിഎഫ് പ്രവര്‍ത്തകരെ തേടി വീടുകളിലെത്തിയത്. ഒരു യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വലിയ വടിവാളുകളുമായി എത്തിയ സംഘം ഭീതിതമായ സാഹചര്യമാണ് സൃഷ്ടിച്ചത്.വീട്ടിലെത്തിയ ഒരാള്‍ വടിവാളുയര്‍ത്തി വെട്ടാനോങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമിസംഘം വടിവാളുകൊണ്ട് വെട്ടിപ്പൊളിച്ചു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിനുശേഷം അക്രമിസംഘം വീണ്ടും പ്രദേശത്ത് അക്രമം തുടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് അക്രമം നടക്കുന്ന സമയത്ത് പാറാട് മേഖലയില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ പാനൂര്‍ മേഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നിട്ടും പൊലീസ് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.

സംഘര്‍ഷാവസ്ഥ തുടരുന്നു

25 വര്‍ഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിഞ്ഞോടിയതോടെ സിപിഎം പ്രവര്‍ത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. പ്രകടമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഒരു ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ കടന്നു കയറുകയും വീട്ടിലുണ്ടായിരുന്ന ഒരാള്‍ക്കുനേരെ വടിവാള്‍ വീശുകയും ചെയ്തു. പിന്നീട് വീട്ടിലുണ്ടായിരുന്ന കാറും ബൈക്കും ഇവര്‍ വെട്ടി നശിപ്പിക്കുകയായിരുന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാനൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കണ്ണൂരിലെ ന്യൂനം പറമ്പില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് സിപിഎം-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കല്ലേറില്‍ പൊലീസ് ബസ്സും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ മലപ്പട്ടത്തും സിപിഎം അതിക്രമം ഉണ്ടായി. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിലാണ് കയ്യേറ്റം ഉണ്ടായതെന്നാണ് വിവരം. അതിനിടെ, കാസര്‍കോട് മംഗല്‍പ്പാടിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ വീട് കയറി ആക്രമിച്ചു. ഉപ്പള ഗേറ്റിലെ സ്ഥാനാര്‍ഥി അഷ്റഫ് പച്ചിലമ്പാറയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ആക്രമണത്തില്‍ അഷ്റഫിന്റെ ഭാര്യക്കും മകള്‍ക്കും പരിക്കേറ്റു.

ആക്രമിച്ചാല്‍ തിരിച്ചടിക്കും

ആയുധവുമായി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തോല്‍പ്പിക്കാമെന്ന് സി.പി.എം കരുതേണ്ടന്നും അണികളോട് ആയുധം താഴെ വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇനിയും ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കും. കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തേ മതിയാകൂവെന്നും സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മുഖംമൂടി ധരിച്ചെത്തിയ സി.പി.എം സംഘം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ടയേര്‍ഡ് അധ്യാപകനെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും ആക്രമിച്ചു. പരാജയത്തിന് പിന്നാലെ പാനൂരില്‍ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സി.പി.എമ്മിന് ശക്തമായ തിരിച്ചടി കിട്ടും.

കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.എം ഇപ്പോള്‍ മാറി. ആയുധവുമായി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തോല്‍പ്പിക്കാമെന്ന് സി.പി.എം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാന്‍ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുത്. കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തേ മതിയാകൂ.

Similar News