മുന്നണിയിലെ വിശ്വസ്തരായ ഘടകകക്ഷികളെക്കാള്‍ പ്രാധാന്യം; വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ രീതി; ഇത് മുന്നണി മര്യാദയുടെ ലംഘനം;മാണിക്കായി 'മാന്ത്രിക വേഗത'; കാനത്തിനും ബല്‍റാമിനും'ചുവപ്പുനാട'; ഇടതുമുന്നണിയില്‍ ഭൂമി തര്‍ക്കം കത്തും; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിക്കാന്‍ സിപിഐ

Update: 2026-01-17 02:18 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി അനുവദിക്കല്‍ നയത്തില്‍ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്ക് കടുത്ത വിവേചനമെന്ന് ആക്ഷേപം. മുന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ കാനം രാജേന്ദ്രനും എന്‍.ഇ. ബലറാമിനും സ്മാരകങ്ങള്‍ പണിയാന്‍ ഭൂമി ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ അടയിരിക്കുമ്പോള്‍, സി.പി.എം നേതാക്കള്‍ക്കും കേരള കോണ്‍ഗ്രസ് എമ്മിനും വാരിക്കോരി ഭൂമി നല്‍കുന്നതിലാണ് അതൃപ്തി. വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാന്‍ സി.പി.ഐ തീരുമാനിച്ചു. മുന്നണി മാറല്‍ ചര്‍ച്ചയുണ്ടെങ്കിലേ അര്‍ഹതയുള്ളത് കിട്ടുകയുള്ളൂവെന്ന ചോദ്യം സജീവമാണ്.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ കവടിയാറില്‍ കെ.എം. മാണി സ്മാരകത്തിന് 25 സെന്റ് ഭൂമിയാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം പാട്ടത്തിന് നല്‍കിയത്. പ്രതിവര്‍ഷം ആര്‍ ഒന്നിന് (2.47 സെന്റ്) വെറും 100 രൂപ നിരക്കിലാണ് ഈ ഉദാരത. സെന്റിന് അരക്കോടി വിലയുള്ള സ്ഥലത്താണ് ഇത്തരത്തിലെ ഭൂമി കൈമാറ്റം. അതായത് മാസം 900 രൂപ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ കാനം രാജേന്ദ്രന്റെ സ്മാരകത്തിന് മെഡിക്കല്‍ കോളേജിന് സമീപം ഭൂമി കണ്ടെത്തിയെങ്കിലും ആരോഗ്യ വകുപ്പ് എന്‍.ഒ.സി നല്‍കാതെ ഫയല്‍ പിടിച്ചു വെച്ചിരിക്കുകയാണ്.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായിരുന്ന കെ.എം. മാണിയുടെ സ്മാരകത്തിന് തിരുവനന്തപുരം കവടിയാറില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ച നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആര്‍ ഒന്നിന് വെറും 100 രൂപ നിരക്കില്‍ (മാസം ഏകദേശം 900 രൂപയോളം മാത്രം) 25 സെന്റ് ഭൂമി പാട്ടത്തിന് നല്‍കിയതാണ് ചര്‍ച്ചയാകുന്നത്. സ്വന്തം മുന്നണിയിലെ കരുത്തരായ കാനം രാജേന്ദ്രനും എന്‍.ഇ. ബലറാമിനും വേണ്ടി ഭൂമി ചോദിച്ചു നടന്ന സി.പി.ഐയെ ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഈ 'മാണി പ്രീണനം'. ഇതിന് പിന്നില്‍ യുഡിഎഫിലേക്ക് പോകുമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭീഷണി തന്ത്രമാണ്. 'മുന്നണിയിലെ വിശ്വസ്തരായ ഘടകകക്ഷികളെക്കാള്‍ പ്രാധാന്യം, വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ രീതി. ഇത് മുന്നണി മര്യാദയുടെ ലംഘനമാണ്.' - ഒരു മുതിര്‍ന്ന സി.പി.ഐ നേതാവ് പ്രതികരിച്ചു.

സി.പി.ഐ മന്ത്രി കെ. രാജന്‍ ഭരിക്കുന്ന റവന്യൂ വകുപ്പ് ഭൂമി നല്‍കാന്‍ തയ്യാറാണെങ്കിലും സി.പി.എം മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകള്‍ അനുമതി നല്‍കാതെ വൈകിപ്പിക്കുകയാണ്. മുതിര്‍ന്ന നേതാവായ എന്‍.ഇ. ബലറാമിനായി ഒരിഞ്ച് ഭൂമി കണ്ടെത്താന്‍ പോലും റവന്യൂ വകുപ്പിനെ സി.പി.എം വകുപ്പുകള്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സിപഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബല്‍റാം.

സ്വന്തം പാര്‍ട്ടിയിലെ മന്ത്രി ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമി അനുവദിക്കാന്‍ പോലും സി.പി.ഐ പാടുപെടുകയാണ്. ജലവിഭവ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും എന്‍.ഒ.സികള്‍ മാണിയുടെ കാര്യത്തില്‍ മിന്നല്‍ വേഗത്തില്‍ ലഭിച്ചപ്പോള്‍ സി.പി.ഐയുടെ കാര്യത്തില്‍ എല്ലാം ചുവപ്പുനാടയില്‍ കുടുങ്ങി. കോടിയേരി ബാലകൃഷ്ണന്റെ സ്മാരകത്തിന് തടസ്സങ്ങളില്ലാതെ നീങ്ങുന്ന സര്‍ക്കാര്‍ സി.പി.ഐയോട് മാത്രം കാണിക്കുന്ന ഈ വിവേചനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.

അടുത്ത എല്‍.ഡി.എഫ് യോഗത്തിലോ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലോ ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് സി.പി.ഐയുടെ തീരുമാനം. മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ പടരുന്ന കേരള കോണ്‍ഗ്രസിനെ പ്രീണിപ്പിക്കാന്‍ മാണിക്ക് ഭൂമി നല്‍കുമ്പോള്‍, വിശ്വസ്തരായ സി.പി.ഐ നേതാക്കളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം.

Tags:    

Similar News