2020 ജനുവരിയില്‍ ഹാഷ് വാല്യൂ മാറിയ വിവരം ഫൊറന്‍സിക് ലാബില്‍ തിരിച്ചറിഞ്ഞു; ഇക്കാര്യം കൃത്യമായി കോടതിയെ അറിയിച്ചില്ല; ബൈജു പൗലോസിനും അറിവുണ്ടായിരുന്നു; 2022-ല്‍ മാത്രമാണ് ഇതറിഞ്ഞതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു; ലോക്കര്‍ എടുത്തത് ദൃശ്യം സൂക്ഷിക്കാന്‍ എന്നതിനും തെളിവില്ല; ദിലീപിനെ തുണച്ചത് ഈ കണ്ടെത്തലുകള്‍

Update: 2025-12-14 08:04 GMT

തിരുവനന്തപുരം: നടിയെ ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കാനായി നടന്‍ ദിലീപും, കാവ്യയും ലോക്കര്‍ എടുത്തെന്ന പ്രോസിക്യൂഷന്‍ ആരോപണം തെളിയിക്കാനാനയില്ല. നടിയെ ആക്രമിച്ച് രണ്ട് മാസത്തിന് ശേഷം പനമ്പള്ളി നഗറിലെ ഫെഡറല്‍ ബാങ്കിന്റെ ബ്രാഞ്ചില്‍ അക്കൗണ്ടും ലോക്കറും ദിലീപും കാവ്യ മാധവനും ചേര്‍ന്ന് എടുത്തു എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. നടിയെ ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്കര്‍ എടുത്തത് എന്നായിരുന്നു ആരോപണം.

ഇങ്ങനെ ഒരു ലോക്കറും അക്കൗണ്ടും ഉണ്ടെങ്കിലും ലോക്കറില്‍ നിന്നും അഞ്ച് രൂപയല്ലാതെ മറ്റൊന്നും ലഭിച്ചിരുന്നില്ല. ഈ വിവരം മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അക്കൗണ്ട് ആരംഭിച്ചത് ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എങ്ങനെ പറയാനാകും എന്നും കോടതി ചോദിക്കുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ തെളിവായി കണക്കാക്കാന്‍ സാധിക്കില്ലെന്നും മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും കോടതി വിലയിരുത്തി.

നടന്‍ ദിലീപും പള്‍സര്‍ സുനിയുമായി നടന്ന ഇടപാട് വളരേ രഹസ്യമായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയില്‍ 16-4-2017 ല്‍ ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടെന്നും, ദിലീപിന്റെ അനിയനോടൊപ്പം കാറില്‍ സഞ്ചരിച്ചെന്നുമാണ്. അതിനാല്‍ പ്രോസിക്യൂഷന്‍ വാദവും സംവിധായകന്റെ മൊഴിയും തമ്മില്‍ യോജിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷണം. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ പണമിടപാട് തെളിയിക്കാനായില്ലെന്ന് കോടതി പറയുന്നു. സുനിക്ക് നാദിര്‍ഷ പണം നല്‍കിയതിനും തെളിവില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ കാര്യം അറിയിക്കാന്‍ വൈകിയതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഏറ്റവും ശക്തമായ ആരോപണമായിരുന്നു പള്‍സര്‍ സുനിയുമായുള്ള സാമ്പത്തിക ഇടപാട്. നടിയെ ആക്രമിക്കുന്നതിനുള്ള ക്വട്ടേഷന്റെ ഭാഗമായി 2015 ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സുനിക്ക് ദിലീപ് ഒരുലക്ഷം രൂപ നല്‍കിയിരുന്നുവെന്നും, സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അതേ ദിവസം തന്നെ ആ പണം എത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഈ പണം ദിലീപ് നല്‍കിയതാണെന്നതിന് തെളിവില്ലെന്നാണ് ഉത്തരവിലുള്ളത്. തൊടുപുഴയില്‍ വച്ച് നാദിര്‍ഷ 30,000 രൂപ സുനിക്ക് നല്‍കിയതിനും തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം കൃത്യമായി കോടതിയെ അറിയിച്ചില്ലെന്ന് ഉത്തരവില്‍ അന്വേഷണ ഉദ്യോഗസ്ഥന് വിമര്‍ശനമുണ്ട്. 2020 ജനുവരിയില്‍ തന്നെ ഹാഷ് വാല്യൂ മാറിയ വിവരം ഫൊറന്‍സിക് ലാബില്‍ തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.സുനില്‍ കൃത്യമായി കോടതിയെ അറിയിച്ചില്ല. അന്ന് തന്നെ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനും അറിവുണ്ടായിരുന്നു. എന്നാല്‍ 2022-ല്‍ മാത്രമാണ് താന്‍ ഇതറിഞ്ഞതെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം കേസ് വീണ്ടും സജീവമാക്കാന്‍ പൊലീസ് നടത്തിയ നാടകമായിരുന്നു ഇതെന്നാണ് ഉത്തരവിലെ പരോക്ഷ വിമര്‍ശനം. ഹാഷ് വാല്യൂവിലുണ്ടായ മാറ്റം അതിലെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്നതിന്റെ സൂചനയല്ല. ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്നും കോടതി വ്യക്തമാക്കി. നിര്‍ണായകമായ ഈ തെളിവ് പരിഗണിച്ചാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.

Tags:    

Similar News