'എസ്.എന്‍.ഡി.പിക്കാര്‍ എന്റെ വീട്ടില്‍ കയറിയേക്കരുത്; ഞാന്‍ ഉള്‍പ്പെടെ ആര് ചത്താലും കൊടിയുമായി വരേണ്ട; ഞങ്ങള്‍ സാധാരണ രീതിയില്‍ എന്റെ വീട്ടില്‍ തന്നെ കുഴിച്ചിട്ടോളാം'; എസ്എന്‍ഡിപിയുടെ പേരില്‍ ആരും വീട്ടില്‍ കയറരുതെന്ന് തോറ്റ സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകന്‍

Update: 2025-12-15 06:53 GMT

പത്തനംതിട്ട: എസ്എന്‍ഡിപി ശാഖാ അംഗങ്ങള്‍ക്ക് എതിരെ ഡിവൈഎഫ്‌ഐ നേതാവും സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകനുമായ യുവാവ് രംഗത്ത്. സിപിഎം സ്ഥാനാര്‍ത്ഥിയായ അമ്മ പരാജയപ്പെട്ടതിന് പിന്നാലെയാണ് എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ യുവാവ് സന്ദേശമിട്ടത്. പത്തനംതിട്ട ഏറത്തു പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭന ബാലന്റെ മകന്‍ അഭിജിത്ത് ബാലന്‍ ആണ് എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എസ്എന്‍ഡിപി എന്ന പേരില്‍ ഇനി ആരും വീട്ടില്‍ കയറരുതെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ അഭിജിത്തിന്റെ രോഷ പ്രകടനം.

സി.പി.എം സ്ഥാനാര്‍ഥിയായ അമ്മയുടെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് മകന്റെ മുന്നറിയിപ്പ്. എസ്.എന്‍.ഡി.പി ശാഖ യോഗത്തിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം. പത്തനംതിട്ട ഏറത്തു പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശോഭന ബാലന്‍ തോറ്റത്. എസ്.എന്‍.ഡി.പിക്കാര്‍ വോട്ട് ചെയ്തിരുന്നുവെങ്കില്‍ താന്‍ പുഷ്പം പോലെ വിജയിക്കുമായിരുന്നുവെന്ന് ശോഭന പറയുന്ന സന്ദേശവും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് അഭിജിത്തിന്റെ പ്രതികരണം.

മരിച്ചാല്‍ കുഴിച്ചിടാന്‍ വരേണ്ടെന്നും വീട്ടില്‍ കൊടി കെട്ടാന്‍ വരേണ്ടെന്നുമാണ് അഭിജിത്ത് ഗ്രൂപ്പിലിട്ട സന്ദേശം. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമാണ് അഭിജിത്ത് ഇട്ടത്. എസ്എന്‍ഡിപിയെന്ന സാധനം ഇനി തന്റെ വീട്ടില്‍ വേണ്ടെന്നും ഈ വോയ്‌സ് ക്ലിപ്പ് പുറത്തുവിട്ടാലും കുഴപ്പമില്ലെന്നും അഭിജിത്ത് പറയുന്നുണ്ട്.

'എല്ലാ എസ്.എന്‍.ഡി.പി ശാഖ അംഗങ്ങളോടും പറയുകയാണ്. ഇനി ഒറ്റ ഒരണ്ണം ഞങ്ങളുടെ വീട്ടില്‍ വരരുത്. ഞങ്ങളുടെ വീട്ടില്‍ ഞാനുള്‍പ്പെടെ ആര് ചത്താലും എസ്.എന്‍.ഡി.പി എന്ന് പറയുന്നവര്‍ എന്റെ വീട്ടില്‍ കൊടിയുമായി വരേണ്ട. ഞങ്ങള്‍ സാധാരണ രീതിയില്‍ എന്റെ വീട്ടില്‍ തന്നെ കുഴിച്ചിട്ടോളാം. ഒരു എസ്.എന്‍.ഡി.പി എന്ന് പറയുന്ന സാധനവും എന്റെ വീട്ടില്‍ കയറിയേക്കരുത്.'- ശോഭന ബാലന്റെ മകന്‍ അഭിജിത്ത് വാട്‌സ് ആപ് ഗ്രൂപ്പില്‍ പറഞ്ഞു.

യു.ഡി.എഫ് ആണ് വാര്‍ഡില്‍ ജയിച്ചത്. മൂന്നാം സ്ഥാനത്താണ് സി.പി.എം സ്ഥാനാര്‍ഥിയായ ശോഭന. പഞ്ചായത്തില്‍ യു.ഡി.എഫ് ആണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സമുദായ സമവാക്യങ്ങളടക്കം തെറ്റിച്ചുകൊണ്ടാണ് പലയിടത്തും യു.ഡി.എഫ് തരംഗമുണ്ടായത്. ഇതിനിടെയാണ് പ്രാദേശികതലത്തില്‍ പലയിടത്തും അതൃപ്തി പുറത്തുവരുന്നത്.

Tags:    

Similar News