'തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വിതറി എറിയുന്ന ധാന്യമണികളിലോ പണ കിഴികളിലോ കുരുങ്ങി കിടക്കുന്നവരല്ല സാധാരണക്കാര്‍; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറാനുള്ള ഒരു ടേര്‍ണിംഗ് പോയിന്റ് ആകട്ടെ ഈ തോല്‍വി'; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍

Update: 2025-12-15 08:10 GMT

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വിതറി എറിയുന്ന ധാന്യമണികളിലോ പണ കിഴികളിലോ കുരുങ്ങി കിടക്കുന്നവരല്ല സാധാരണക്കാര്‍ എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ രൂപേഷ് പറയുന്നു. ആകാശഗോപുരങ്ങളില്‍ അന്തിയുറങ്ങി അധികാരത്തിന്റെ ബീക്കണ്‍ ലൈറ്റിട്ട് അകമ്പടിക്കാരെ കൂട്ടി കുതിച്ചു പായുന്ന മഹാരാജാക്കന്മാര്‍ വാഴുന്ന രാജസദസ്സായി മാറുമ്പോള്‍ ഉയരുന്ന തേങ്ങലുകള്‍... തിരിച്ചറിഞ്ഞില്ലെങ്കില്‍ .... കാലം ഇനിയും കാത്തിരിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനെയടക്കം പരോക്ഷമായി രൂപേഷ് വിമര്‍ശിക്കുന്നു.

അതി ദാരിദ്ര നിര്‍മ്മാജ്ജന മറിയിക്കാനുള്ള ആഘോഷത്തിനായി പൊടിച്ച കോടികള്‍ കൊണ്ട് വീടില്ലാത്ത കുറച്ച് പേര്‍ക്ക് വീട് വെച്ച് കൊടുത്തെങ്കില്‍ എന്ന് ഒരു വേള ചിന്തിക്കാത്ത ഒറ്റ മനുഷ്യരും കാണില്ല ഈ കൊച്ചു കേരളത്തില്‍. ചുവപ്പു കൊടി പിടിച്ചതുകൊണ്ടോ... ചുവന്ന വസ്ത്രം ധരിച്ചത് കൊണ്ടോ.. കയ്യൂരും കരിവള്ളൂരും പുന്നപ്രയും വയലാറും കണ്ഠനാളങ്ങളില്‍ ഏറ്റു വിളിച്ചതുകൊണ്ടോ ആരും കമ്മ്യൂണിസ്റ്റാകില്ല. ഭരണത്തിലേറാനായി കമ്മ്യൂണിസ്റ്റാകുന്നവരല്ല യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കളെ ആര്‍ക്കും വേണ്ട എന്ന തിരിച്ചറിവുണ്ടെങ്കിലും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറാനുള്ള ഒരു ടേര്‍ണിംഗ് പോയിന്റ് ആകട്ടെ ഈ തോല്‍വി എന്ന് വെറുതെ മോഹിച്ചു പോകുന്നുവെന്നും രൂപേഷ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പിഴക്കുന്ന താളങ്ങള്‍ കണ്ടിട്ടും തുകില് കൊട്ടി പാടുന്നവര്‍ക്ക് അന്യരുടെ വേദനയ്ക്കും നിസ്സഹായതയ്ക്കും മറുമരുന്നാകാന്‍ പറ്റില്ലൊരിക്കലും...

അന്യരുടെ വേദനയും നിസ്സഹായതയും നമ്മളുടെതെന്ന് ചിന്തിക്കുന്നവര്‍ക്കെ നല്ല മനുഷ്യരാകാനാവൂ...

നല്ല മനുഷ്യര്‍ക്കേ നല്ല ഭരണാധികാരികളാകാനാവൂ...

നല്ല ഭരണാധികാരികള്‍ക്കെ നന്മ വറ്റാതെ നാടിനെ സ്‌നേഹിക്കാനാവൂ...

പുകഴ്ത്തലുകളെ വെറുക്കുകയും... ഇകഴ്ത്തലുകളെ തിരുത്തലിനുള്ള വഴിയായി കണ്ട് ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നവരുള്ളിടത്തെ നാട് നേര്‍വഴിക്ക് നടക്കുകയുള്ളു...

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വിതറി എറിയുന്ന ധാന്യമണികളിലോ പണ കിഴികളിലോ കുരുങ്ങി കിടക്കുന്നവരല്ല സാധാരണക്കാര്‍...

ജീവിത ചെലവുകള്‍ പാടെ കൂടി ജീവിക്കാനായി സാധാരണക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ വില കയറ്റം പിടിച്ചു നിര്‍ത്താതെ... ഇസ്രയേലും പാലസ്തീനും ട്രംമ്പും പുട്ടിനും ജാതിയും മതവും തുടങ്ങി ലോകത്തെ സകലമാന വിഷയങ്ങളും ചര്‍ച്ച ചെയ്താല്‍ പ്രമാണിമാരുടെയും പ്രമുഖരുടെയും സംസ്‌കാരിക നായകരുടെയും മനസ്സ് നിറയുമെങ്കിലും... സാധാരണക്കാരുടെ വയറ് നിറയില്ലന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം...

അതി ദാരിദ്ര നിര്‍മ്മാജ്ജന മറിയിക്കാനുള്ള ആഘോഷത്തിനായി പൊടിച്ച കോടികള്‍ കൊണ്ട് വീടില്ലാത്ത കുറച്ച് പേര്‍ക്ക്

വീട് വെച്ച് കൊടുത്തെങ്കില്‍ എന്ന് ഒരു വേള ചിന്തിക്കാത്ത ഒറ്റ മനുഷ്യരും കാണില്ല ഈ കൊച്ചു കേരളത്തില്‍...

വിലക്കയറ്റം കൊണ്ട് വിശപ്പടക്കാന്‍ പാടു പെടുന്നവരുടെ നികുതി പണമെടുത്തുള്ള ആഘോഷങ്ങള്‍ക്ക് മഴവില്ലിന്റെ മനോഹാരിതയല്ല...

മരണവീട്ടിലെ മരവിപ്പിന്റെ മുഖം മാത്രമായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും മറന്നു പോയിരിക്കുന്നു നമ്മള്‍...

ചുവപ്പു കൊടി പിടിച്ചതുകൊണ്ടോ... ചുവന്ന വസ്ത്രം ധരിച്ചത് കൊണ്ടോ.. കയ്യൂരും കരിവള്ളൂരും പുന്നപ്രയും വയലാറും കണ്ഠനാളങ്ങളില്‍ ഏറ്റു വിളിച്ചതുകൊണ്ടോ ആരും കമ്മ്യൂണിസ്റ്റാകില്ല...

നീതികേടിനെ ചെറുക്കാന്‍ ജീവത്യാഗം ചെയ്യുന്നവര്‍ക്കും... വിശക്കുന്ന വയറിന്റെ വേദന തിരിച്ചറിയാന്‍ കഴിയുന്ന മനസ്സുള്ളവര്‍ക്കുമെ കമ്മ്യൂണിസ്റ്റാകാനാകൂ....

അറിവും എളിമയും ലാളിത്യവും നന്മയും സ്‌നേഹവും ഒരുമിച്ച് ചേര്‍ന്ന ഒരു പാട് പേരുടെ പദസ്പര്‍ശമേറ്റ് പ്രകാശമാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...

ആകാശഗോപുരങ്ങളില്‍ അന്തിയുറങ്ങി അധികാരത്തിന്റെ ബീക്കണ്‍ ലൈറ്റിട്ട് അകമ്പടിക്കാരെ കൂട്ടി കുതിച്ചു പായുന്ന മഹാരാജാക്കന്മാര്‍ വാഴുന്ന രാജസദസ്സായി മാറുമ്പോള്‍ ഉയരുന്ന തേങ്ങലുകള്‍... തിരിച്ചറിഞ്ഞില്ലെങ്കില്‍ .... കാലം ഇനിയും കാത്തിരിക്കില്ല....

അധികാരവും അംഗീകാരവും സാധാരണക്കാരെ സേവിക്കാനുള്ള ഒരു നിയോഗം മാത്രമാണെന്ന് തിരിച്ചറിയുന്നവരായിരിക്കണം നേതൃ നിരയില്‍ വരേണ്ടത്...

പ്രമാണിമാരേയും പ്രമുഖരേയും ചേര്‍ത്തു പിടിക്കുന്നവര്‍ക്ക് പ്രാമാണിത്തത്തിന്റെ ക്യാന്‍വ്യാസിലെ ചിത്രങ്ങള്‍ക്കേ നിറം നല്‍കാനാകൂ...

പ്രമാണിമാരും പ്രമുഖരും ചുളിവ് വീഴാത്ത ഉടുപ്പുമിട്ട് തുന്നി ചേര്‍ത്തതില്‍ രൂപം കൊണ്ടതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...

സാധാരണക്കാരുടെ കണ്ണീരിലും വിയര്‍പ്പിലും ത്യാഗത്തിലും രൂപം കൊണ്ടതാണത്..

ഭരണത്തിലിരിക്കുമ്പോള്‍ ഭരണവൈകൃതങ്ങള്‍ക്ക് പോലും ഹല്ലേലുയ പാടുന്ന അണികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശാപം...

നേട്ടങ്ങള്‍ പാടി നടക്കാനുള്ള പാട്ടുകാരായി മാറുന്ന അണികളാകുന്നതിനു പകരം കോട്ടങ്ങള്‍ക്കെതിരെ കോട്ട കെട്ടി പ്രതിഷേധിക്കുന്ന ഭരണപക്ഷത്തിലെ പ്രതിപക്ഷമായി ഓരോ കമ്മ്യൂണിസ്റ്റും മാറിയില്ലെങ്കില്‍ ചക്രവാളത്തിലെ ചുവപ്പിനെ പോലെ അസ്തമയ സമയം

കാത്തിരിക്കുന്ന ഒന്നായി മാറും നമ്മള്‍...

അധികാരമോ അംഗീകാരമോ നമ്മള്‍ക്ക് വേണ്ട...

തോല്‍വി ഭയപ്പെടുത്തുക അധികാരം കണ്ട് കമ്മ്യൂണിസ്റ്റായവരെ മാത്രമാണ് ...

തോല്‍വി നമ്മളെ ഒട്ടും തന്നെ ഇളക്കില്ല...

പക്ഷെ തോല്‍വിയിലേക്കായി സ്വയം വെട്ടിയൊതുക്കിയ പാത എന്നും നമ്മളെ ഭയപ്പെടുത്തി കൊണ്ടേയിരിക്കും...

ഭരണത്തിലേറാനായി കമ്മ്യൂണിസ്റ്റാകുന്നവരല്ല യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍...

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കളെ ആര്‍ക്കും വേണ്ട എന്ന തിരിച്ചറിവുണ്ടെങ്കിലും...

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറാനുള്ള ഒരു ടേര്‍ണിംഗ് പോയിന്റ് ആകട്ടെ ഈ തോല്‍വി എന്ന് വെറുതെ മോഹിച്ചു പോകുന്നു....

( കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയേറ്റ് പോലുള്ള സുപ്രധാന ഘടകങ്ങളില്‍ അംഗമായിരുന്നുവെങ്കിലും...

സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളും മോഹങ്ങളും വ്യക്തി പരമായി പ്രകടിപ്പിക്കുന്നതിന് ഒന്നും തടസ്സമല്ല എന്ന് ചിന്തിച്ച് തികച്ചും

വ്യക്തിപരമായ ചിന്തകള്‍ പൊതു സമക്ഷം വെക്കുന്നു )


Full View

Similar News