നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരായ സൈബര്‍ ആക്രമണം; ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി; ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിവേദനം നല്‍കി ജഡ്ജിമാര്‍

Update: 2025-12-15 12:29 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. സംഭവത്തില്‍ ജഡ്ജിമാര്‍ ഹൈക്കോടതിക്ക് നിവേദനം നല്‍കി. ജഡ്ജിക്ക് എതിരായി നടക്കുന്ന സൈബര്‍ ആക്രമണം തടയണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ വിധിപ്രസ്താവച്ചതിന് പിന്നാലെ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്.

ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.

എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള ജഡ്ജിയുടെ വിധിപ്രസ്താവനയ്ക്കും ഒപ്പം പള്‍സര്‍ സുനി അടങ്ങുന്ന ആറ് പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയി എന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ചര്‍ച്ചകളും ജഡ്ജിക്കെതിരെ ആക്ഷേപങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. വ്യക്തിഹത്യ അടക്കം ഹണി എം വര്‍ഗീസിനെതിരെ നടക്കുന്നുണ്ട്. ജഡ്ജിയെ ഇത്തരത്തില്‍ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് എന്നാണ് കേരള ജുഡീഷ്യല്‍ ഓഫീസെര്‍സ് അസോസിയേഷന്‍ നിവേദനത്തില്‍ പറയുന്നത്. ഇതിനോടൊപ്പം കോടതി ഇലക്ഷന്‍ കേസ് എടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

വിധി പറഞ്ഞ ഉടനെ ഒരു അഭിഭാഷക കോടതിക്കെതിരെ മോശം പ്രസ്താവന നടത്തി, അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരും കോടതിയെ വിമര്‍ശിച്ചു കൊണ്ട് പരാമര്‍ശങ്ങള്‍ നടത്തി. കൂടാതെ സിനിമ മേഖലയില്‍ നിന്നും ജഡ്ജിക്ക് എതിരായി നിരവധി പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. നടി പാര്‍വതി തിരുവോത്ത് ഭാഗ്യലക്ഷ്മി തുടങ്ങിയവരും ജഡ്ജിയുടെ വിധി പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ചില മാധ്യമങ്ങള്‍ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങള്‍ കൂട്ടായി ജഡ്ജിക്ക് എതിരെ പ്രവര്‍ത്തിക്കുകയാണെന്നാണ് ആരോപണം. സംഭവത്തില്‍ നടപടി സ്വീകരിക്കണം എന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

Similar News