അന്ന് തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരിക്കെ നിധിന്‍ ഗഡ്ഗരിയെ പ്രസിഡന്റാക്കി; അദ്ദേഹത്തിന്റെ പശ്ചാത്തലമറിയാന്‍ കേരളത്തിലെ നേതാവിനെ വിളിച്ചപ്പോള്‍ തിരിച്ചു ചോദിച്ചത് അത് ആരാണ് എന്ന്? നിതിന്‍ നബീനും ബിജെപിയുടെ യുവമുഖം; തലമുറമാറ്റത്തിലേക്ക് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടന; വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു

Update: 2025-12-15 13:01 GMT

ന്യൂഡല്‍ഹി: ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാറിലെ മന്ത്രി നിതിന്‍ നബീന്‍ ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിന്‍ ചുമതലയേറ്റത്. നിതിന് ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നിതിന്‍ നബീന്‍ ജനുവരിയില്‍ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്. നബീന്റെ നിയമനം അപ്രതീക്ഷിതമെന്ന് പാര്‍ട്ടി നേതാക്കള്‍ പോലും വിലയിരുത്തുന്നു.

പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചര്‍ച്ചയിലും ഉയര്‍ന്നു വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോള്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. നിലവില്‍ ബിഹാര്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളില്‍ മന്ത്രിയാണ് നാലാം വട്ടം എംഎല്‍എ ആയ നിതിന്‍ നബീന്‍. മുതിര്‍ന്ന ബിജെപി നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ് നിതിന്‍ നബീന്‍.

2006 ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിന്‍ നബീന്‍ പറ്റ്‌ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് 2010 മുതല്‍ ബങ്കിപൂര്‍ സീറ്റില്‍ നിന്ന് മൂന്ന് തവണ വിജയിച്ചു. ഛത്തീസ്ഗഡിന്റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാര്‍ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.

ബിജെപിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വര്‍ക്കിംഗ് പ്രസിഡന്റ് ആണ് ഇന്ന് ചുമതലയേറ്റ നിതിന്‍ നബിന്‍. നിലവിലെ പാര്‍ട്ടി അധ്യക്ഷനായ ജെ പി നദ്ദയാണ് ഈ പദവി വഹിച്ച ആദ്യത്തെയാള്‍. 2019 ആദ്യം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ ശേഷമാണ് ജെപി നദ്ദ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും. വര്‍ക്കിംഗ് പ്രസിഡന്റായ നിതിന്‍ നബീന്‍ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനാണ് വഴിയൊരുങ്ങുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഒരു ഇടക്കാല ക്രമീകരണമായി ഈ പദവി മാറിയിട്ടുണ്ട്.

2019 ജൂണില്‍, അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെത്തുടര്‍ന്നാണ് ജെ പി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. ഏകദേശം ആറ് മാസത്തോളം അദ്ദേഹം ഈ പദവിയില്‍ തുടരുകയും 2020 ജനുവരിയില്‍ ബിജെപി ദേശീയ അധ്യക്ഷനാകുന്നത് വരെ അമിത് ഷായെ സഹായിക്കുകയും ചെയ്തു. ബിജെപി ഭരണഘടന അനുസരിച്ച്, ഒരു നേതാവിന് മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേമുകള്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കാന്‍ കഴിയും.

ഹിന്ദുക്കള്‍ അശുഭമായി കണക്കാക്കുന്ന കാലയളവായ 'ഖര്‍ മാസ്' നാളെ ആരംഭിക്കുന്നതിനാലാണ് നബിന്റെ നിയമനം എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഉടന്‍ തന്നെ നടത്തിയതെന്ന് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നു. ജനുവരി 14ന് മകരസംക്രാന്തിയോടെ ഈ കാലയളവ് അവസാനിച്ചാല്‍, പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചേക്കും. പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് രാജ്യത്തെ സംസ്ഥാനങ്ങളില്‍ പകുതിയെങ്കിലുമുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബിജെപി നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 30 ഇടങ്ങളില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കുറഞ്ഞത് നാല് ദിവസമെങ്കിലും വേണ്ടിവരും. ജനുവരി 14-ന് ശേഷം ഇത് പൂര്‍ത്തിയാക്കിയേക്കാം എന്നാണ് നേതാക്കള്‍ പറയുന്നത്. ഔദ്യോഗിക തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും, സമവായത്തിന് ഊന്നല്‍ നല്‍കുന്നതിനാല്‍ നബിന്റെ തെരഞ്ഞെടുപ്പ് ഏതാണ്ട് ഉറപ്പാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍, ആറ് വര്‍ഷം മുന്‍പ് നദ്ദ ഷായെ സഹായിച്ചതുപോലെ, നബിന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് നദ്ദയെ സഹായിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യും.

അന്ന് നിധിന്‍ ഗഡ്കരി.. ഇന്ന് നിതിന്‍ നബിന്‍

തലമുതിര്‍ന്ന നേതാക്കളായ ഒട്ടേറെ പേര്‍ ഉണ്ടായിരിക്കെയാണ് 2009ല്‍ നിതിന്‍ ഗഡ്കരിയെ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എന്ന നിലിയില്‍ നിന്നും വിദ്യാര്‍ത്ഥി നേതാവിലേക്കും, പിന്നാലെ ബിജെപിയുടെ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനിലേക്കുമുള്ള നിതിന്‍ ഗഡ്കരിയുടെ യാത്ര അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.അമ്പത്തിരണ്ടാം വയസിലായിരുന്നു നിതിന്‍ ഗഡ്കരി അധ്യക്ഷ സ്ഥാനത്ത് എത്തിയത്. മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി അധ്യക്ഷനാകുന്ന ആദ്യ വ്യക്തി കൂടിയായിരുന്നു അദ്ദേഹം, എടുത്തുപറഞ്ഞാല്‍ ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ നിന്നുള്ള നേതാവ്.

അന്ന് കോണ്‍ഗ്രസ് യുവനേതാവായ രാഹുല്‍ ഗാന്ധിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന സാഹചര്യത്തിലായിരുന്നു രാജ്നാഥ് സിംഗിന് പകരക്കാരനായി ഗഡ്കരിയെ ബിജെപി നേതൃത്വത്തില്‍ എത്തിച്ചത്. ബിജെപിക്ക് നേതൃത്വപരമായ തലത്തില്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന സമയത്തായിരുന്നു ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. പത്ത് വര്‍ഷം മഹാരാഷ്ട്ര മന്ത്രിസഭയില്‍ അംഗമായ ശേഷമായിരുന്നു ബിജെപിയെ നയിക്കാന്‍ ഗഡ്കരി ഡല്‍ഹിയിലേക്ക് എത്തിയത്. അന്ന് ഗഡ്കരിയെ ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം പുറത്തുവന്നപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ തേടി ബിജെപിയുടെ കേരളത്തിലെ നേതാക്കളില്‍ ഒരാളെ ഫോണില്‍ വിളിച്ചപ്പോള്‍ അത് ആരാണ് എന്ന് തിരിച്ചു ചോദിച്ചതായി ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇന്ന് മറ്റൊരു നിതിന്‍

ബിഹാര്‍ റോഡ് നിര്‍മ്മാണ മന്ത്രിയും പാറ്റ്‌നയിലെ ബാങ്കിപ്പൂരില്‍ നിന്നുള്ള എംഎല്‍എയുമാണ് നിതിന്‍. പ്രായം 45 വയസ് മാത്രം. അഞ്ച് തവണ ഇതിനകം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിതാവും ബിജെപി നേതാവുമായിരുന്ന നവീന്‍ കിഷോര്‍ സിന്‍ഹയുടെ മരണശേഷം ഒഴിവുവന്ന പാറ്റ്‌ന വെസ്റ്റ് അസംബ്ലി സീറ്റില്‍ 26-ാം വയസിലാണ് അദ്ദേഹം ആദ്യമായി എംഎല്‍എ ആകുന്നത്. ബിഹാറില്‍ നിന്നും കിഴക്കന്‍ ഇന്ത്യയില്‍ നിന്നും ബിജെപി പ്രസിഡന്റ് ആകുന്ന ആദ്യ നേതാവായിരിക്കും നബിന്‍. അടുത്ത വര്‍ഷം അദ്ദേഹം പാര്‍ട്ടി ദേശീയ അധ്യക്ഷനായി ചുമതലയേറ്റാല്‍, 52-ാം വയസില്‍ ചുമതലയേറ്റ നിതിന്‍ ഗഡ്കരിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയിമാറും. ഛത്തീസ്ഗഡ്, സിക്കിം എന്നിവിടങ്ങളിലെ ബിജെപി ഇന്‍-ചാര്‍ജ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ടുപതിറ്റാണ്ടായി എംഎല്‍എയും അഞ്ചുവര്‍ഷമായി മന്ത്രിയുമായിരിക്കുമ്പോഴും ജനങ്ങളോട് എളിമയോടെ പെരുമാറുന്ന യുവ നേതാവ് -അപ്രതീക്ഷിതനീക്കത്തിലൂടെ ബിജെപിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കപ്പെട്ട ബിഹാറിലെ മന്ത്രി നിതിന്‍ നബീനെ ഇങ്ങനെ വിശേഷിപ്പിക്കാം. നിയമത്തിനുപുറമേ റോഡുനിര്‍മാണം, ഭവനം, നഗരവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തതിനാല്‍ ബിഹാറിലെ വികസനത്തിന്റെ മുഖമായാണ് ബിജെപി കേന്ദ്രനേതൃത്വം നിതിന്‍ നബീനെ കാണുന്നത്. ആര്‍എസ്എസില്‍ 10 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് നിതിന്‍ ബിജെപിയിലെത്തുന്നത്. ഡല്‍ഹിയില്‍നിന്ന് പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കാണ് നിതിന്‍ ഇറങ്ങിയത്.

പേര് നിര്‍ദേശിച്ചത് മോദി

നിതിന്‍ നബീനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നീക്കത്തിനുപിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താത്പര്യമെന്ന് സൂചനയുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്രമന്ത്രിമാരുടെ ഉള്‍പ്പെടെ ഒട്ടേറെപ്പേരുകള്‍ ചര്‍ച്ചചെയ്തെങ്കിലും അതിലൊന്നും നബീന്റെ പേരില്ലായിരുന്നു.കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു ചര്‍ച്ചകളിലും നിതിന്‍ പാര്‍ട്ടിയില്‍ ശ്രദ്ധാകേന്ദ്രമായിരുന്നില്ല. പാര്‍ലമെന്ററി ബോര്‍ഡ് നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനമെങ്കിലും ബിജെപിയിലെ അധികാരഘടന മോദിയുടെയും അമിത് ഷായുടെയും സമ്പൂര്‍ണ നിയന്ത്രണത്തിലായതിന്റെ പ്രതിഫലനമാണ് ഈ നീക്കം. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റാണെങ്കിലും അധ്യക്ഷസ്ഥാനത്ത് അദ്ദേഹം വരാനുള്ള സാധ്യതയുമുണ്ട്.

Tags:    

Similar News