മറ്റൊരു യുവാവുമായി പ്രണയത്തിലെന്ന സംശയം; അലന്‍ മുന്‍പും ചിത്രപ്രിയയെ കൊല്ലാന്‍ ശ്രമം നടത്തി; കാലടി പാലത്തില്‍ നിന്ന് താഴേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍; വാക്കുതര്‍ക്കത്തിനിടെ മര്‍ദ്ദിച്ചു; ബോധമറ്റ് വീണ പെണ്‍കുട്ടിയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു; വേഷവും ഷൂസും മാറി മറ്റൊരു ബൈക്കില്‍ രക്ഷപ്പെടല്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Update: 2025-12-21 13:16 GMT

കൊച്ചി: മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി അന്വേഷണ സംഘം. 21 വയസുകാരനായ പ്രതി അലന്‍ പെണ്‍കുട്ടിയെ കൊന്നത് തലയില്‍ 22 കിലോ ഭാരമുള്ള കല്ലിട്ടെന്ന് പൊലീസ് കണ്ടെത്തല്‍. കുറ്റകൃത്യത്തിന് ശേഷം അലന്‍ വേഷം മാറി മറ്റൊരു ബൈക്കിലാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഈ ബൈക്ക് എത്തിച്ച അലന്റെ സുഹൃത്തിനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അലന്‍ വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയെന്നും പൊലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. എത്ര വലിയ ക്രൂരതയാണ് നടന്നതെന്ന് പൊലീസിന്റെ തെളിവെടുപ്പിലാണ് മനസിലാകുന്നത്.

അലന്‍ നേരത്തെയും ചിത്രപ്രിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് ബംഗളൂരുവില്‍ നിന്നുവന്ന യുവതിയെ കാലടി പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരു സംഘം ബംഗളൂരുവിലേക്ക് പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഡിസംബര്‍ ആറിനാണ് ചിത്രപ്രിയയെ കാണാതായത്. മറ്റൊരു യുവാവുമായി ചിത്രപ്രിയ പ്രണയത്തിലാണെന്ന് സംശയിച്ച അലന്‍ ബൈക്കില്‍ കയറ്റി റബര്‍ തോട്ടത്തില്‍ എത്തിക്കുകയും വാക്കുതര്‍ക്കത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. അഞ്ചുവര്‍ഷം നീണ്ടുനിന്ന പ്രണയം പറഞ്ഞ് അവസാനിപ്പിക്കാനാണ് ചിത്രപ്രിയയും അലനും ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഒന്നിച്ചുകൂടിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ചിത്രപ്രിയ തുരുതുരെ മുഖത്തടിച്ചതോടെ സമനില തെറ്റിയ അലന്‍ വെട്ടുക്കല്ല് കഷണംകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്ന് രക്തംപുരണ്ട കല്ല് കണ്ടെത്തിയിരുന്നു. തലയോട്ടി തകര്‍ന്ന് ചോരവാര്‍ന്നാണ് ചിത്രപ്രിയ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

കാണാതായ അന്ന് തന്നെ ചിത്രപ്രിയ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം ഒന്‍പത് മണിയോടെ ഈ സ്ഥലത്തേക്ക് പെണ്‍കുട്ടിയുമായി എത്തിയ അലന്‍, മറ്റ് സുഹൃത്തുക്കളുമായുള്ള ബന്ധം നിര്‍ത്തണമെന്നും അലന്‍ പ്രകോപിപ്പിച്ചു. തര്‍ക്കത്തിനിടെ ആ സമയത്ത് തന്നെ അവിടെയുണ്ടായിരുന്ന കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ചു. ബോധമറ്റ് വീണ പെണകുട്ടിയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു. തല തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കല്ല് ഉള്‍പ്പെടെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. അവിടെ നിന്ന് വേഷവും ഷൂസും മാറിയ അലന്‍ മറ്റൊരു ബൈക്കിലാണ് രക്ഷപ്പെട്ടത്.

ബെംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് വേണ്ടിയാണ് നാട്ടിലെത്തിയത്. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്‍ അലന്‍ മൊഴി നല്‍കി. ബെംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ അവള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ പൊലീസിന് മൊഴി നല്‍കിയത്.

മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ മരിച്ചനിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. പെണ്‍കുട്ടിയെ കാണാതായതോടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. അലന്റെ മൊഴിപ്രകാരം, സുഹൃത്തുക്കളെല്ലാം അന്ന് മദ്യപിച്ചിരുന്നു. പകല്‍നേരത്തും രാത്രിയിലും ചിത്രപ്രിയ അലനും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് അലന്റെ മൊഴി.

Tags:    

Similar News