രാഷ്ട്രത്തലവനല്ലാത്ത വിശിഷ്ട വ്യക്തിയായി അവിടെ സന്നിഹിതനായിരുന്നു; ഹനിയ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നേരില്‍ കണ്ടു; തെഹ്റാനിലെ ആ നാടകീയ നിമിഷങ്ങള്‍ വെളിപ്പെടുത്തി നിതിന്‍ ഗഡ്കരി; അന്ന് അവിടെ സംഭവിച്ചത്

Update: 2025-12-25 07:25 GMT

ന്യൂഡല്‍ഹി: ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നതായി വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി തെഹ്റാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചായ സത്കാരത്തിനിടെയാണ് വിവിധ രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം ഹനിയയെയും കണ്ടത്. രാഷ്ട്രത്തലവനല്ലാത്ത വിശിഷ്ട വ്യക്തിയായി ഹനിയ അവിടെ സന്നിഹിതനായിരുന്നുവെന്നും, ഇറാന്‍ പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമൊപ്പം അദ്ദേഹം സത്യപ്രതിജ്ഞാ വേദിയിലേക്ക് പോകുന്നത് കണ്ടതായും ഗഡ്കരി വ്യക്തമാക്കി.

ചടങ്ങ് കഴിഞ്ഞ് ഹോട്ടലില്‍ വിശ്രമിക്കുമ്പോഴാണ് പുലര്‍ച്ചെ നാല് മണിയോടെ ഇറാനിലെ ഇന്ത്യന്‍ അംബാസഡര്‍ തന്നെ വന്നു കണ്ടതെന്ന് ഗഡ്കരി ഓര്‍ക്കുന്നു. സുരക്ഷാ കാരണങ്ങളാല്‍ എത്രയും വേഗം രാജ്യം വിടണമെന്ന് അംബാസഡര്‍ ആവശ്യപ്പെട്ടു. ഹമാസ് തലവന്‍ കൊല്ലപ്പെട്ടുവെന്നും എന്നാല്‍ അത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അപ്പോള്‍ വ്യക്തതയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 31-ന് പുലര്‍ച്ചെ 1:15-ഓടെ തെഹ്റാനിലെ അതീവ സുരക്ഷയുള്ള സൈനിക സമുച്ചയത്തില്‍ താമസിക്കുമ്പോഴാണ് ഹനിയ കൊല്ലപ്പെട്ടത്. ഇസ്രയേലാണ് കൊലപ്പെടുത്തിയത് എന്നാണ് നിഗമനം.

Similar News