'ഷിഫാ ആശുപത്രിയിലെ ആ മുറിയിൽ ചുറ്റും കൂടിനിന്നവർ വസ്ത്രങ്ങൾ വലിച്ചുകീറി'; ശുചിമുറിയിൽ പോകുമ്പോഴും തോക്കുമായി കൂടെ വരും; ഉറങ്ങുമ്പോൾ കൈകളിൽ വിലങ്ങ്; ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി; ഗസയിലെ ഇരുട്ടറയിൽ അനുഭവിച്ചത് നരകയാതന; 25കാരിയായ റോമി ഗോനെൻ വെളിപ്പെടുത്തുന്ന ഹമാസ് ക്രൂരതയുടെ നടുക്കുന്ന കഥ

Update: 2026-01-02 12:20 GMT

ടെൽഅവീവ്: ഗസയിലെ ഹമാസ് തടവറയിൽ 471 ദിവസങ്ങൾ ബന്ദിയായി കഴിയേണ്ടി വന്ന 25-കാരിയായ റോമി ഗോനെൻ, താൻ നേരിട്ട അതിക്രൂരമായ ശാരീരിക-ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ആദ്യമായി ലോകത്തോട് വെളിപ്പെടുത്തി. വ്യാഴാഴ്ച ഇസ്രായേലിലെ ചാനൽ 12-ലെ 'ഉവ്ദ' എന്ന പ്രോഗ്രാമിലൂടെയാണ് റോമി തന്റെ ഭയാനകമായ അനുഭവങ്ങൾ പങ്കുവെച്ചത്. നാല് വ്യത്യസ്ത വ്യക്തികളിൽ നിന്നായി പലപ്പോഴായി താൻ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റോമി വികാരാധീനയായി പറഞ്ഞു.

2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന നോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുമ്പോഴാണ് റോമിയെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അന്ന് 23 വയസ്സായിരുന്നു റോമിക്ക്. തട്ടിക്കൊണ്ടുപോകുന്നതിനിടെ ഭീകരരുടെ വെടിയേറ്റ റോമിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മുറിവുമായിട്ടാണ് അവരെ ഗസയിലെ തടവറയിലേക്ക് മാറ്റിയത്. ഗസയിലേക്ക് എത്തിച്ചയുടൻ തന്നെ റോമിയെ ഷിഫാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വെടിയേറ്റ കൈയ്ക്ക് ചികിത്സ നൽകാനാണ് അവിടെ എത്തിച്ചതെങ്കിലും, അവിടെയും താൻ അപമാനിക്കപ്പെട്ടതായി റോമി വെളിപ്പെടുത്തി.

ചുറ്റും കൂടിനിന്നവർ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്ന് റോമി പറഞ്ഞു. "ഏകദേശം 15 ഓളം പേർ ഒരേസമയം എന്നെ സ്പർശിക്കുന്നുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങൾ അവർ വലിച്ചുകീറി. നഗ്നയായി അവിടെ കിടക്കേണ്ടി വന്ന ആ നിമിഷം എന്റെ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടതുപോലെ എനിക്ക് തോന്നി. എല്ലാം മുകളിൽ നിന്ന് നോക്കിക്കാണുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ. എന്റെ ആ കൈ ഇനി എനിക്ക് തിരികെ ലഭിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു," റോമി പറഞ്ഞു.

ആശുപത്രിയിൽ നിന്ന് തന്നെ പാർപ്പിച്ചിരുന്ന ആദ്യത്തെ വീട്ടിലേക്ക് മാറ്റിയപ്പോൾ അവിടെ അഞ്ച് ഹമാസ് പ്രവർത്തകരുണ്ടായിരുന്നു. അവിടെ വെച്ച് നാലാം ദിവസമാണ് ആദ്യത്തെ വലിയ അതിക്രമം നടന്നത്. തന്നെ പരിചരിക്കാൻ നിയോഗിക്കപ്പെട്ട ഒരു ആരോഗ്യ പ്രവർത്തകൻ തന്നെയായിരുന്നു പീഡകനെന്ന് റോമി പറഞ്ഞു. മുറിവേറ്റ തന്റെ കൈ മുറിച്ചു മാറ്റണമെന്ന് താൻ അയാളോട് യാചിച്ചിരുന്നുവെന്നും അത്രത്തോളം വേദനയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. കുളിക്കാൻ പോയ തന്നെ സഹായിക്കാനെന്ന വ്യാജേന പിന്തുടർന്ന അയാൾ അവിടെ വെച്ച് തന്നെ പീഡിപ്പിച്ചു.

തനിക്ക് ശാരീരികമായി എതിർക്കാൻ ശേഷിയില്ലാത്ത അവസ്ഥ അയാൾ മുതലെടുത്തുവെന്നും, അതിനുശേഷവും അതേ വീട്ടിൽ അയാളോടൊപ്പം കഴിയേണ്ടി വന്നത് നരകതുല്യമായിരുന്നുവെന്നും റോമി ഓർത്തെടുത്തു. യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുഹമ്മദ് എന്നയാളുടെ വീട്ടിലേക്ക് റോമിയെ മാറ്റി. അവിടെ കഴിഞ്ഞ 16 ദിവസങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളെന്ന് റോമി പറയുന്നു. മുഹമ്മദിനെ കൂടാതെ ഇബ്രാഹിം എന്ന മറ്റൊരാളും അവിടെയുണ്ടായിരുന്നു. "നീ ആരോടെങ്കിലും പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും" എന്ന ഭീഷണിയോടെയാണ് മുഹമ്മദ് തന്റെ പീഡനങ്ങൾ തുടങ്ങിയത്.

താൻ ബാത്ത്റൂമിൽ പോകുമ്പോൾ പോലും മുഹമ്മദ് കൂടെ വരുമായിരുന്നു. ഉറങ്ങുമ്പോൾ തന്റെ കൈകൾ വിലങ്ങുവെച്ച് ബന്ധിക്കും. താൻ മരിച്ചുപോയെന്ന് ഇസ്രായേലിലുള്ളവർ വിചാരിക്കുമെന്നും താൻ ഇനി അയാളുടെ ലൈംഗിക അടിമയായി കഴിയേണ്ടി വരുമെന്നും താൻ ഭയന്നിരുന്നതായി റോമി പറഞ്ഞു. തടവറയിൽ കഴിയവേ റോമിക്ക് മാസമുറ തെറ്റിയത് അവരെയും തട്ടിക്കൊണ്ടുപോയവരെയും ഒരുപോലെ ഭയപ്പെടുത്തി. താൻ ഗർഭിണിയാണോ എന്ന് ഹമാസ് പ്രവർത്തകർ സംശയിച്ചു. "ആദ്യ ദിവസങ്ങളിൽ ഞാൻ ബോധരഹിതയായിരുന്നപ്പോൾ അവർ എനിക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി," റോമി പറഞ്ഞു. ഒടുവിൽ അവർ ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് കൊണ്ടുവരികയും പരിശോധനയിൽ നെഗറ്റീവ് ആണെന്ന് വ്യക്തമാവുകയും ചെയ്തു.

തന്നെ ഭൂഗർഭ അറയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പുള്ള ദിവസം മുഹമ്മദ് തന്നെ വീണ്ടും അതിക്രമത്തിന് ഇരയാക്കി. 30 മിനിറ്റോളം നീണ്ടുനിന്ന ആ പീഡനത്തിനിടയിൽ താൻ നിശബ്ദയായി കരയുകയായിരുന്നുവെന്ന് റോമി പറഞ്ഞു. "പുറത്ത് ആകാശം തെളിഞ്ഞു നിൽക്കുന്നത് ജനാലയിലൂടെ ഞാൻ കണ്ടു. പക്ഷികൾ ചിലയ്ക്കുന്നുണ്ടായിരുന്നു. പുറത്തെ ശുദ്ധമായ ജീവിതവും ഞാൻ അനുഭവിക്കുന്ന ഈ വൃത്തികെട്ട ക്രൂരതയും തമ്മിലുള്ള വൈരുദ്ധ്യം എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നതിലപ്പുറമായിരുന്നു," റോമി വെളിപ്പെടുത്തി.

തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ കിട്ടിയ അവസാന അവസരം എന്ന നിലയിലാണ് അയാൾ അന്ന് പീഡിപ്പിച്ചത്. 'ഏകദേശം രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ നടന്ന വെടിനിർത്തൽ-ബന്ദി മോചന കരാറുകളിലൂടെയാണ് റോമി ഉൾപ്പെടെയുള്ളവർക്ക് മോചനം ലഭിച്ചത്. മറ്റു ചില പെൺകുട്ടികളെയും അവർ തുരങ്കത്തിലേക്ക് എത്തിച്ചു. ഞാൻ അവരെ പരിചയപ്പെട്ടു. ഐഡിഎഫ് നിരീക്ഷകരായ അഗം ബെർഗറും ലിറി ആൽബാഗും ആയിരുന്നു എനിക്കു പിന്നാലെ അവിടേക്ക് ഹമാസ് ഭീകരർ എത്തിച്ച യുവതികൾ. എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. ഇനി ഞാൻ ഒറ്റയ്ക്കല്ലല്ലോ. പക്ഷേ, പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നെനിക്കു തോന്നി. തികച്ചും ഭയാനകമായ സാഹചര്യം'. റോമി പറഞ്ഞു.

പതിനഞ്ച് വയസുള്ള ഡാഫ്നയും എട്ടു വയസുള്ള എല എല്യാക്കിമും വൈകാതെ അവിടേക്ക് എത്തി. അവർ സഹോദരിമാരായിരുന്നു. ദിവസങ്ങൾ കടന്നുപോകുന്നത് പലപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല. വൈകാതെ ചെൻ അൽമോഗ്-ഗോൾഡ്സ്റ്റൈൻ ദന്പതികളെ ബന്ദികളാക്കി കൊണ്ടുവന്നു. ഒപ്പം പതിനേഴും പതിനൊന്നും ഒൻപതും വയസുള്ള അവരുടെ മക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് സംഗീതമേളയിൽനിന്നു തട്ടിയെടുക്കപ്പെട്ട മിയ സ്കെം, ഐഡിഎഫ് നിരീക്ഷക നാമ ലെവി എന്നിവരെയും കൊണ്ടുവന്നു. നാൽപതാം ദിവസമാണ് എമിലി ഡമാരി അവിടേക്ക് ബന്ദിയായി എത്തിയത്.

ഭീതി പരത്തുന്ന തുരങ്കങ്ങളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ഭൂമിക്കു മുകളിലുള്ള ചില അപ്പാർട്ട്മെന്‍റുകളിൽ ഒരു മാസത്തിലേറെ എന്നെ അവർ താമസിപ്പിച്ചിരുന്നു. ഇതിനിടെ, ഇസ്രയേലുമായി ബന്ദികളെ കൈമാറ്റം ചെയ്യാനുള്ള ചർച്ചകൾ ഹമാസ് ഭീകരർ ആരംഭിച്ചിരുന്നു. തടങ്കലിൽ എനിക്കു നേരിട്ട കടുത്ത ദുരനുഭവങ്ങളെക്കുറിച്ച് ഹമാസിന്‍റെ മുതിർന്ന കമാൻഡർമാർക്ക് ഇതിനകം മനസിലായിരുന്നു. കുറച്ചു ഗാർഡുകൾ വന്നിട്ട് എന്നോടു ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നു തുരങ്കങ്ങളിലൂടെ തന്നെ ഉയർന്ന കമാൻഡറുടെ മുറിയിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ ഒരു ടെലിഫോൺ കോൾ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ ഫോൺ എടുത്തു. മറുതലയ്ക്കൽ അയാൾ ഹീബ്രുവിൽ സംസാരിച്ചു. സംഭവിച്ചതെല്ലാം തുറന്നു പറയാൻ ആവശ്യപ്പെട്ടു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇവിടെ സംഭവിച്ചതൊന്നും പുറത്തുപറയരുത് എന്നു നിർദേശിച്ചു.

അതു പാലിക്കാൻ തയാറാണെങ്കിൽ മോചിതരാക്കേണ്ടവരുടെ പട്ടികയിൽ ഒന്നാമതായി നിന്‍റെ പേരു ചേർക്കാമെന്ന് അയാൾ എന്നോടു പറഞ്ഞു. എങ്ങനെയെങ്കിലും വീട്ടിലെത്തണം എന്നതു മാത്രമായിരുന്നു അപ്പോൾ എന്‍റെ മനസിൽ. നിങ്ങൾ പറയുന്നതു പോലെ ചെയ്യാമെന്ന് ഞാൻ അവർക്കു വാഗ്ദാനം നൽകി. ഹമാസിന്‍റെ ഗാസ ബ്രിഗേഡിന്‍റെ അന്നത്തെ തലവനായിരുന്ന ഇസാദിൻ അൽ ഹദ്ദാദാണ് എന്നോടു സംസാരിച്ചതെന്നു പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. പിന്നീട് ഹമാസിന്‍റെ സൈനികവിഭാഗത്തിന്‍റെ കമാൻഡറായി സ്ഥാനക്കയറ്റം ലഭിച്ചുവെന്നും ഗാസയിലെ ഒന്നാം നമ്പർ ഭീകരനുമായിട്ടായിരുന്നു അന്നത്തെ തന്റെ ടെലിഫോൺ സംഭാഷണമെന്നും റോമി കൂട്ടിച്ചേർത്തു.

471 ദിവസങ്ങളാണ് റോമി ഹമാസിന്റെ ബന്ദിയായി കഴിഞ്ഞത്. ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1200-ഓളം പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ബന്ദികളാക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരെയും മോചിപ്പിച്ചെങ്കിലും ഇപ്പോഴും ചിലർ ഗസയിൽ തുടരുന്നുണ്ട്.

Tags:    

Similar News