കെഎഫ്‌സിയെ വെട്ടിച്ച് കോടികള്‍ മുക്കി; ഒരേ ഭൂമിയില്‍ രണ്ട് വായ്പ! പി.വി അന്‍വറിനെ വിടാതെ ഇഡി; കള്ളപ്പണക്കേസില്‍ കൊച്ചിയില്‍ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; പരാതിക്കാരന്‍ കൈമാറിയത് ഞെട്ടിക്കുന്ന തെളിവുകള്‍; അനധികൃത സ്വത്ത് കണ്ടുകെട്ടുമോ? വീണ്ടും ചോദ്യം ചെയ്‌തേക്കും
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പ്, ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തല്‍, അനധികൃത സ്വത്ത് വര്‍ധനവ് തുടങ്ങിയ കേസുകളാണ് അന്‍വറിനെതിരെ ചുമത്തിയിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ കൊച്ചി കടവന്തറയിലുള്ള ഇഡിയുടെ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ രാത്രി വൈകും വരെ നീണ്ടു നിന്നു. 2015ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ വായ്പത്തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഡിസംബര്‍ 31-ന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്‍വര്‍ സമയം നീട്ടി ചോദിക്കുകായിരുന്നു. തുടര്‍ന്ന് ജനുവരി 7-ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചോദ്യം ചെയ്യല്‍ നടന്നത്.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നേരത്തേ രണ്ടു തവണ അന്‍വറിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്‍വര്‍ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം വ്യാഴാഴ്ച കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസില്‍ ഹാജരായത്. അന്‍വറിന്റെ ഡ്രൈവറേയും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ അന്‍വറിന്റെയും ഒപ്പമുള്ളവരുടെയും വീടുകളില്‍ നേരത്തേ ഇഡി റെയ്ഡ് നടത്തുകയും പരിശോധനയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ സംശയിക്കുന്ന ഒട്ടേറെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബിനാമി ഇടപാടുകള്‍ സംശയിക്കുന്നതായും ഇഡി വ്യക്തമാക്കിയിരുന്നു. 2016-ല്‍ 14.38 കോടി ആയിരുന്ന അന്‍വറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം 2021-ല്‍ 64.14 കോടിയായി വര്‍ധിച്ചു എന്ന അവകാശവാദത്തിന് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഇഡി പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
2015-ല്‍ കെഎഫ്സിയില്‍നിന്ന് എടുത്ത വായ്പകളുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരിലുള്ള 7.5 കോടിയുടെയും പീവീആര്‍ ഡിവലപ്പേഴ്സിന്റെ പേരിലെടുത്ത 3.05 കോടി, 1.56 കോടി എന്നീ രണ്ടു വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയതിലൂടെ ഒട്ടാകെ 22.3 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയായിട്ടുണ്ട്.
മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് തന്റെ മരുമക്കളുടെയും ഡ്രൈവറുടെയും പേരിലാണെങ്കിലും യഥാര്‍ഥ ഉടമ താന്‍തന്നെയാണെന്ന് അന്‍വര്‍ സമ്മതിച്ചതായി ഇഡി അറിയിച്ചു. അന്‍വറിന് വായ്പകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകളുണ്ടായതായും ഒരേ വസ്തുവിന്റെ ഈടില്‍ ഒന്നിലധികം വായ്പകള്‍ അനുവദിച്ചതായും കെഎഫ്സി ഉദ്യോഗസ്ഥരുടെ മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടാവാമെന്നു കരുതുന്ന 15 ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും നേരത്തേ ഇഡി പിടിച്ചെടുത്തിരുന്നു.
കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കെ.എഫ്.സി മലപ്പുറം ചീഫ് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും പി.വി അന്‍വര്‍, സഹായി സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. കൊല്ലത്തെ വ്യവസായിയും പ്ലാന്റുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടില്‍ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. കളളപ്പണ ഇടപാടില്‍ അന്‍വറിനെതിരെ ചില തെളിവുകള്‍ മുരുഗേഷ് നരേന്ദ്രന്‍ ഇഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്‍വര്‍ ഒരേ ഭൂമിയില്‍ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി. കെ എഫ് സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി പരിശോധന.
