സ്വര്‍ണ്ണക്കൊള്ളയില്‍ എസ്ഐടിക്ക് കിട്ടിയത് കൃത്യമായ തെളിവ്; ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍; തന്ത്രി രാജീവരെ പൊക്കിയത് കൃത്യമായ തെളിവോടെ; എസ്‌ഐടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍; അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി വാസവന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. എസ്‌ഐടി ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തരാണെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് പോകുമെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകള്‍ പരിശോധിച്ച് നടപടിയുണ്ടാകുമെന്നായിരുന്നു ഡിജിപിയുടെ മറുപടി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി.
സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണം. രാവിലെയാണ് തന്ത്രിയെ എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട് ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. സ്വര്‍ണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് തന്ത്രിയുടേത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതല്‍ തന്ത്രിയുടെ ഇടപെടല്‍ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്‌ഐടി നടത്തിയത്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയുടെ പങ്ക് സ്ഥിരീകരിക്കുന്ന കൃത്യമായ വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. മുമ്പ് രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തന്ത്രി ചില അസൗകര്യങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച് നവീകരിക്കാനാണ് താന്‍ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്. പിന്നീട്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാര്‍ നല്‍കിയത്. ഈ മൊഴിയാണ് നിര്‍ണായകമായത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ശരിയായ ദിശയില്‍ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തില്‍ പ്രത്യേകം പറയാനില്ലെന്നും വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടായാല്‍ അപ്പോള്‍ പറയാമെന്നും മന്ത്രി പറഞ്ഞു.
