വിജയിയെ ഭയപ്പെടുത്തി മുട്ടുകുത്തിക്കാനുള്ള നീക്കമോ? സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യലിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ? സംശയം ഉന്നയിച്ച് ഡിഎംകെ; പൊങ്കല്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടി താരം; കരൂര്‍ ദുരന്തത്തില്‍ 'ദളപതി' കുടുങ്ങുമോ'

Update: 2026-01-12 15:49 GMT

ന്യൂഡല്‍ഹി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ മൊഴിയെടുത്ത് സിബിഐ. ഡല്‍ഹി സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ നീണ്ടു. നാളെയും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നായിരുന്നു സിബിഐ നിര്‍ദേശം. എന്നാല്‍, പൊങ്കല്‍ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്‌യുടെ ആവശ്യം പരിഗണിച്ച് സിബിഐ നിര്‍ദേശം പിന്‍വലിച്ചു. തീയതി മാറ്റി നല്‍കണമെന്ന് വിജയ്‌യുടെ അഭിഭാഷക സംഘം സിബിഐയെ അറിയിച്ചു. മറ്റൊരു തീയതി നല്‍കി പിന്നീട് വീണ്ടും വിളിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

2025 സെപ്റ്റംബറില്‍ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് ഇന്നു പ്രധാനമായും സിബിഐ ചോദിച്ചത്. അതേസമയം റാലിയില്‍ പങ്കെടുക്കാന്‍ വിജയ് എത്താന്‍ വൈകിയതിന്റെ കാരണങ്ങളും സിബിഐ ആരാഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയ്‌യുടെ ചോദ്യം ചെയ്യലിനിടെ സിബിഐ ഓഫീസിന് പുറത്ത് ആരാധകരും ടിവികെ പ്രവര്‍ത്തകരും പ്രതിഷേധം നടത്തി.

റാലി നടന്ന സ്ഥലത്ത് 7 മണിക്കൂര്‍ വൈകിയാണ് വിജയ് എത്തിയിരുന്നത്. ഈ സമയം ആള്‍ക്കൂട്ടം നിയന്ത്രണാതീതമായി പെരുകാനും ആളുകള്‍ ക്ഷീണിക്കുന്നതിനും കാരണമായി. വിജയ്യുടെ കരൂരിലെ റാലിയില്‍ തിക്കിലും തിരക്കിലും ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 41 പേരാണ് മരിച്ചത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടികളാണ് അപകടത്തിനു കാരണമെന്ന് വിജയ് മൊഴി നല്‍കിയെന്നാണ് ലഭിക്കുന്ന സൂചന.

കരൂരില്‍ വേദി നിശ്ചയിച്ചത് ആരാണ്, അതിന് അനുമതി തേടിയത് ആരോടാണ്, റാലി നടത്താന്‍ അനുമതി നല്‍കിയത് ആരാണ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്വേഷണ സംഘത്തിന് വ്യക്തത കിട്ടേണ്ടതായി ഉണ്ടായിരുന്നു. ഏഴുമണിക്കൂറോളം വൈകിയാണ് വിജയ് റാലിക്കെത്തിയത്, അപകടം ഉണ്ടായിട്ടും കാരവനില്‍ വിജയ് ആള്‍ക്കൂട്ടത്തിനിടയില്‍ തുടര്‍ന്നു എന്നീ കാര്യങ്ങളില്‍ വിജയ്യോട് അവര്‍ കാരണം അന്വേഷിച്ചിട്ടുണ്ട്. അപകടം ഉണ്ടായ സ്ഥലത്തേക്ക് വൈദ്യസഹായം എത്തുന്നതില്‍ കാലതാമസം ഉണ്ടായി, ഇക്കാര്യത്തില്‍ വിജയ് എന്ത് ഇടപെടലാണ് നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളടക്കം സിബിഐ ചോദിച്ചറിഞ്ഞു എന്നാണ് വിവരം.

ഏതൊക്കെ തരത്തിലുള്ള സുരക്ഷാവിന്യാസമാണ് ഒരുക്കിയിരുന്നത് എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉണ്ടായി. പ്രധാനമായും മൂന്ന് ചോദ്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് സിബിഐ വിജയ്യോട് ചോദ്യങ്ങള്‍ ചോദിച്ചത്. വിജയ് റാലിക്കെത്താന്‍ താമസിച്ചു, കാരവനുമുകളിലായി ഏറെനേരം സ്ഥലത്ത് ചെലവഴിച്ചു, ആളുകള്‍ കുഴഞ്ഞുവീഴുന്നതായി മനസിലായിട്ടും ഉടന്‍ സ്ഥലത്തുനിന്നും മാറാന്‍ കൂട്ടാക്കിയില്ല എന്നീ കാര്യങ്ങളില്‍ ഊന്നിയായിരുന്നു സിബിഐയുടെ ചോദ്യംചെയ്യല്‍.

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഇന്നു രാവിലെയാണ് വിജയ് ഹാജരായത്. ഇതിനായി രാവിലെ 7നാണ് സ്വകാര്യ വിമാനത്തില്‍ ചെന്നൈയില്‍നിന്നു വിജയ് പുറപ്പെട്ടത്. പാര്‍ട്ടി നേതാക്കളായ എന്‍.ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യമായാണു വിജയ്യെ ചോദ്യം ചെയ്യലിനു വിളിക്കുന്നത്. വിജയ് കരൂര്‍ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.

അതേസമയം, വിജയ്‌യെ ഡല്‍ഹിയില്‍ വിളിച്ച് ചോദ്യം ചെയ്യുന്നതില്‍ ഡിഎംകെ സംശയം പ്രകടിപ്പിച്ചു. കരൂര്‍ നടന്ന സംഭവത്തില്‍ ഡല്‍ഹിയില്‍ എന്ത് അന്വേഷണം എന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ ചോദിച്ചു. ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തുന്നത് ഭയപ്പെടുത്താനാണ്. വിചാരണയും ഇനി ഡല്‍ഹിയില്‍ നടക്കുമോയെന്നും ശരവണന്‍ ചോദിച്ചു.

ആദായ നികുതിക്കേസും

'ജന നായകന്‍' റിലീസ് പ്രശ്‌നത്തിലും കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിലും കുരുങ്ങിക്കിടക്കുന്ന വിജയിക്ക് മേല്‍ ഇടിത്തീയായി ആദായ നികുതിക്കേസും. 2015ല്‍ റിലീസായ 'പുലി' എന്ന ചിത്രത്തിനു വാങ്ങിയ 15 കോടി രൂപയുടെ പ്രതിഫലം ആദായനികുതി റിട്ടേണ്‍ രേഖകളില്‍ നിന്നു മറച്ചുവച്ചെന്ന കേസില്‍ അന്തിമവാദം ആരംഭിച്ചു. 15 കോടി രൂപ വെളിപ്പെടുത്തിയിട്ടില്ലെന്ന് 2015ല്‍ വിജയ്യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു കണ്ടെത്തിയത്.

തുടര്‍ന്ന് 2022 ജൂണില്‍ 1.50 കോടി രൂപ പിഴ ചുമത്തി. പിഴ ചുമത്തിയതു ചട്ടപ്രകാരമല്ലെന്ന വിജയ്യുടെ ഹര്‍ജിയില്‍ ആദായനികുതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാല്‍, പിഴ ചുമത്തിയതില്‍ അപാകതയില്ലെന്നും കൃത്യമായ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ആദായനികുതി വകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ മറുപടി തേടിയ ഹൈക്കോടതി കേസ് 23നു വീണ്ടും പരിഗണിക്കും.

Similar News