നിളയുടെ തീരത്ത് ചരിത്രവും വിശ്വാസവും സംഗമിക്കുന്ന പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമാഘ മഹോത്സവം; 'കേരളത്തിന്റെ കുംഭമേള'യ്ക്ക് 19ന് തുടക്കമാകും; ദേവതാവന്ദനവും പിതൃകര്‍മ്മങ്ങളും നാളെ മുതല്‍; സ്‌റ്റോപ്പ് മെമ്മോയും മാറി; ഭാരതപ്പുഴയുടെ മണല്‍പ്പുറത്ത് മാമാങ്കത്തിന്റെ ആത്മമീയ പുനരാവിഷ്‌കാരം
തിരുനാവായ: നിളയുടെ തീരത്ത് ചരിത്രവും വിശ്വാസവും സംഗമിക്കുന്ന പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. 'കേരളത്തിന്റെ കുംഭമേള' എന്നറിയപ്പെടുന്ന ഈ മഹോത്സവം ജനുവരി 19 മുതല്‍ ഫെബ്രുവരി 3 വരെയാണ് നടക്കുന്നത്. ഭാരതപ്പുഴയുടെ മണല്‍പ്പുറത്ത് വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ക്ക് തുടക്കമാകുമ്പോള്‍, സുരക്ഷാ ക്രമീകരണങ്ങളും വിവാദങ്ങളും ഒരുപോലെ ചര്‍ച്ചയാവുകയാണ്.
ജനുവരി 19-ന് രാവിലെ 11 മണിക്ക് നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കുംഭമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാര്‍മ്മികത്വത്തില്‍ ദേവതാവന്ദനവും പിതൃകര്‍മ്മങ്ങളും നടക്കും. രാവിലെ ആറുമണിക്ക് ആയിനിപ്പുള്ളി വൈശാഖിന്റെ നേതൃത്വത്തില്‍.
ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍. ഹിന്ദു സമ്പ്രദായത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഭക്തര്‍ തങ്ങളുടെ അനുഷ്ഠാനങ്ങള്‍ നിളയുടെ തീരത്ത് ഈ ദിവസങ്ങളില്‍ നിര്‍വ്വഹിക്കും. ഉത്സവത്തോടനുബന്ധിച്ച് പുഴയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിയമപരമായ അനുമതിയില്ലാതെ പുഴയില്‍ നിര്‍മ്മാണങ്ങള്‍ നടക്കുന്നു എന്നാരോപിച്ച് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത് സംഘാടകരെ പ്രതിസന്ധിയിലാക്കി.
എന്നാല്‍, വ്യാഴാഴ്ച മഹാമാഘമഹോത്സവ സമിതി ചെയര്‍മാന്‍ അരീക്കര സുധീര്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദുമായി നടത്തിയ ചര്‍ച്ചയില്‍ മഞ്ഞുരുകി. കര്‍ശനമായ നിബന്ധനകളോടെ ചടങ്ങുകള്‍ തുടരാന്‍ കളക്ടര്‍ വാക്കാല്‍ അനുമതി നല്‍കുകയായിരുന്നു. പരിസ്ഥിതിക്കും പുഴയുടെ ഒഴുക്കിനും തടസ്സമുണ്ടാകാത്ത രീതിയില്‍ മാത്രമേ നിര്‍മ്മാണങ്ങള്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം.
ആയിരക്കണക്കിന് ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് തിരുനാവായയില്‍ ക്യാമ്പ് ചെയ്യുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് സംഘം വിലയിരുത്തി. പുഴയിലെ ഒഴുക്കും ആഴവും കണക്കിലെടുത്ത് ദുരന്തനിവാരണ സേനയുടെ നിരീക്ഷണവും ഉണ്ടാകും.
പഴയകാലത്ത് ചേരമാന്‍ പെരുമാളിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന മാമാങ്കത്തിന്റെ ആത്മീയ പുനരാവിഷ്‌കാരമായാണ് മഹാമാഘം കണക്കാക്കപ്പെടുന്നത്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളകളില്‍ വ്യാഴം ചിങ്ങം രാശിയില്‍ വരുന്ന സമയത്താണ് ഈ പുണ്യസ്‌നാനവും മഹോത്സവവും നടക്കുന്നത്.
