'ബംഗാളില്‍ താമര വിരിയിക്കും; പുതുച്ചേരിയിലും തമിഴ്നാട്ടിലും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും; അസമില്‍ വീണ്ടും അധികാരത്തില്‍ വരും; കേരളത്തിലും നല്ല ഫലങ്ങള്‍ നല്‍കും'; പുതിയ ദേശീയ അധ്യക്ഷന്റെ ലക്ഷ്യം വ്യക്തമാക്കി നഡ്ഡ; നിതിന്‍ നബിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

Update: 2026-01-20 09:13 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് 65കാരനായ ജെപി നദ്ദയുടെ പിന്‍ഗാമിയായി 46കാരനായ നിതിന്‍ നബിന്‍ എത്തുമ്പോള്‍ തലമുറ മാറ്റത്തിന് കൂടിയാണ് പാര്‍ട്ടി നേതൃത്വം സാക്ഷ്യം വഹിക്കുന്നത്. കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളുമടക്കം ബിജെപിക്ക് ഇതുവരെ ഭരണം പിടിക്കാനാവാത്ത സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എതിരാളികള്‍ ഇല്ലാതെയാണ് നിതിന്‍ നബിന്‍ എത്തുന്നത്. ബിജെപിയുടെ മൂന്നാം തലമുറയില്‍പ്പെട്ട നേതാവാണ് നിതിന്‍ നബിന്‍ സിന്‍ഹ. ഒന്നര വര്‍ഷക്കാലമായി നടക്കുന്ന ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് ആര് എന്ന ചര്‍ച്ച തുടരുന്നതിനിടെയാണ് പൊതുസമൂഹത്തിന് അത്ര പരിചിതമല്ലാത്ത ഒരാള്‍ എത്തുന്നത്. ബിജെപിയുടെ 45 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് 46കാരന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

46 വയസ് മാത്രമുള്ള നേതാവിലേക്ക് പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ സൂചന കൂടിയാണ് ബിജെപി നല്‍കുന്നത്. ഭാവിയിലെ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടു യുവാക്കളെ അടക്കം പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന നീക്കത്തോടെ ആണ് അധ്യക്ഷ സ്ഥാനത്തെ തലമുറ മാറ്റം എന്നാണ് വിലയിരുത്തല്‍. ഒപ്പം ബിഹാറിനും കിഴക്കന്‍ ഇന്ത്യയ്ക്കും പ്രാധാന്യം നല്‍കുന്നു എന്ന സന്ദേശവും നല്‍കുന്നു.

ആരാണ് നിതിന്‍ നബിന്‍?

ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കിയ, ഭൂപേഷ് ബാഗേലിനെ തറപറ്റിച്ച യുവാവ് അതാണ്, നിതിന്‍ നബിന്‍. സങ്കീര്‍ണ്ണമായ രാഷ്ട്രീയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാനും, സംഘടന തന്ത്രങ്ങള്‍ കൃത്യമായി നടപ്പാക്കാനുമുള്ള കഴിവാണ് നിതിന്‍ നബിനെ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുന്നത്. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പരേതനായ നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ് നിതിന്‍. പറ്റ്‌നയില്‍ ജനിച്ച അദ്ദേഹം, എബിവിപിയിലൂടെയാണ് സംഘടനാ ജീവിതത്തിന് തുടക്കം കുറിച്ചത്. പിതാവിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം സ്വപ്രയത്വത്തിലൂടെ ബിജെപിയുടെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളായി മാറി. 2006 ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യം എംഎല്‍എയായത്. 2010, 2015, 2020, 2025 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വിജയക്കൊടി പാറിച്ചു.

ഛത്തീസ്ഗഡിലെ മികച്ച പ്രവര്‍ത്തനമാണ് നിതിനെ ദേശീയ പദവിയില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. 2023 ല്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പിച്ചിരുന്ന സമയമാണത്. മിക്ക എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിച്ചിരുന്നു. അന്ന് ബിജെപിയുടെ സഹ പ്രഭാരിയായാണ് നിതിന്‍ ആദ്യം ഛത്തീസ്ഗഡില്‍ എത്തുന്നത്. ഓം മാത്തൂറായിരുന്നു അന്ന് സംസ്ഥാന പ്രഭാരി. ചുമതലയേറ്റതിന് പിന്നാലെ അംഗത്വ വിതരണം, സംഘടനാ പുനഃസംഘടന, ബൂത്ത് ലെവല്‍ മാനേജ്‌മെന്റ്, കേന്ദ്രപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയില്‍ അദ്ദേഹം കൃത്യമായ ചട്ടക്കൂടുകളുണ്ടാക്കി. പിന്നീട് എണ്ണയിട്ട യന്ത്രം പോലെയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ പ്രവര്‍ത്തനം.

ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി, ബിജെപി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക മാത്രമല്ല, അഞ്ച് വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു . നിതിന്‍ നബിന്റെ സംഘടനാപാടവം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രനേതൃത്വം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഛത്തീസ്ഗഡിന്റെ മുഖ്യചുമതല നല്‍കി. തുടര്‍ന്ന് സംസ്ഥാനം കണ്ടത് ബിജെപിയുടെ പടയോട്ടമായിരുന്നു, 11 പാര്‍ലമെന്റ് സീറ്റുകളില്‍ 10 എണ്ണവും ബിജെപി നേടിയെടുത്തു.

അച്ഛന്റെ മരണം രാഷ്ട്രീയത്തില്‍ എത്തിച്ചു

ബിഹാര്‍ സ്വദേശിയായ നിതിന്‍ നബിന്‍ 1980 മെയ് 23ന് ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ജനിച്ചത്. മുതിര്‍ന്ന ബിജെപി നേതാവും പാട്‌ന വെസ്റ്റ് മണ്ഡലത്തിലെ എംഎല്‍എയുമായിരുന്ന നവീന്‍ കിഷോര്‍ പ്രസാദ് സിന്‍ഹ ആണ് പിതാവ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലെ പ്രബല സവര്‍ണസമുദായമായ കായസ്ത വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് നിതിന്‍ നബിന്‍. രാഷ്ട്രീയമായി നിഷ്പക്ഷത പുലര്‍ത്തുന്നവരാണ് കായസ്ത വിഭാഗക്കാര്‍. ഉത്തരേന്ത്യയിലെ സമുദായ സംഘര്‍ഷങ്ങളില്‍ നേരിട്ട് ഉള്‍പ്പെടാത്ത വിഭാഗം കൂടിയാണ് ഇവര്‍. 2006ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് നിതിന്‍ നബിന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 26-ാം വയസ്സില്‍ പാട്‌ന വെസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി. എഞ്ചിനീയറിങ് പഠനം ഉപേക്ഷിച്ച് മത്സരിച്ച നിതിന്‍ നബിന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പാട്‌ന വെസ്റ്റ് മണ്ഡലം പിന്നീട് ബാങ്കിപൂര്‍ ആയി മാറിയപ്പോഴും നിതിന്‍ നബിന്‍ അവിടെ നിന്ന് വിജയം തുടര്‍ന്നു. 2010, 2015, 2020, 2025 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയിച്ചു. 2025ല്‍ 98,299 വോട്ടുകള്‍ നേടി 51,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എതിരാളിയെ പരാജയപ്പെടുത്തി. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ബിഹാര്‍ സംസ്ഥാന പ്രസിഡന്റായും ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവജനങ്ങളെ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സ്വാധീനം നേടി. ബിഹാര്‍ സര്‍ക്കാരില്‍ റോഡ് നിര്‍മാണം, നഗരവികസനം, നിയമം തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളിലൂടെയും ഭരണപരമായ കാര്യങ്ങളിലൂടെയും നിതിന്‍ നബിന്‍ ശ്രദ്ധേയനായിട്ടുണ്ട്.

2019ല്‍ സിക്കിം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പിന്നീട് ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പുകളുടെയും ചുമതലക്കാരനായി പ്രവര്‍ത്തിച്ചതോടെ ദേശീയ തലത്തില്‍ നിതിന്‍ നബിന്റെ പ്രവര്‍ത്തനപരിചയം വര്‍ധിച്ചു. 2025 ഡിസംബറില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അദ്ദേഹത്തെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിതിന്‍ നബിന്‍. പൊതുവേ ശാന്ത സ്വഭാവക്കാരനായ നിതിന്‍ നബിന്‍ ഒരു കഠിനാധ്വാനിയായ പ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. സാധാരണക്കാരുമായി ഇടപഴകാനും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിതിന്‍ നബിന്‍ ഇഷ്ടപ്പെടുന്നു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്. നിതിന്‍ നബിന്റെ നേതതൃത്വം യുവനേതൃത്വത്തെ പ്രോത്സാഹിപ്പിക്കാനും ബിഹാറിലും കിഴക്കന്‍ ഇന്ത്യയിലും പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും ബിജെപിക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

രണ്ട് പതിറ്റാണ്ടിന്റെ സംഘടനാ പരിചയം

രണ്ട് പതിറ്റാണ്ടിന്റെ സംഘടനാ പരിചയമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നയിക്കാനുള്ള ചുമതലയേല്‍പ്പിക്കുന്നതില്‍ നിതിന്‍ നബിന് കരുത്തായത്. യൂവമോര്‍ച്ച നേതാവായിരിക്കെ തന്നെ ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞടുപ്പ് ചുമതലകളില്‍ നിതിന്‍ മുന്നിലുണ്ടായിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്ക് എത്തുമ്പോള്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നിതിന് ഗുണം ചെയ്തത്. ബിജെപിയുടെ സംഘടനാ സംവിധാനത്തെ കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുള്ള മികവ് എന്നിവയാണ് ഇതില്‍ ആദ്യത്തേക്ക്. നിലവിലെ നേതൃത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന നിലപാടുകള്‍. വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് എന്നിവയും ഗുണം ചെയ്തു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ സ്വീകാര്യനാണ് നിതിന്‍. ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ ഇതാദ്യമായാണ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും ഒരു നേതാവെത്തുന്നത് എന്ന പ്രത്യേകതയും നിതിന്‍ നബിനിന്റെ നിമയനത്തിനുണ്ട്. ഈ ചുമതല വഹിക്കുന്ന ബിഹാറില്‍ നിന്നുള്ള ആദ്യ നേതാവ് കുടിയാണ് അദ്ദേഹം. ബംഗാള്‍, അസം, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് ദേശീയ അധ്യക്ഷ പദവിയില്‍ എത്തുന്ന നബിന് മുന്നിലെത്തുന്ന ആദ്യ വെല്ലുവിളികള്‍.

'നിതിന്‍ നബിന്‍ ആണ് ബോസ്'

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് നിതിന്‍ നബിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. നിതിന്‍ നബിന് യുവത്വത്തിന്റെ ഊര്‍ജ്ജവും സംഘടനാ രംഗത്ത് ദീര്‍ഘകാല പരിചയവുമുണ്ട്, ഇത് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉപയോഗപ്രദമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുടെ പൈതൃകം നിതിന്‍ നബിന്‍ ജി മുന്നോട്ട് കൊണ്ടുപോകും. അടുത്ത 25 വര്‍ഷങ്ങള്‍ വളരെ പ്രധാനമാണ്. വികസിത ഇന്ത്യ കെട്ടിപ്പടുക്കേണ്ട കാലഘട്ടമാണിത്, അത് സംഭവിക്കാന്‍ വിധിക്കപ്പെട്ടതുമാണ്. ഈ നിര്‍ണായക കാലഘട്ടത്തിന്റെ തുടക്കത്തില്‍, നമ്മുടെ നിതിന്‍ നബിന്‍ ജി ബിജെപിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും.

പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍, നിതിന്‍ നബിന്‍ ആണ് ബോസ്, ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഇന്ത്യയില്‍ വലിയ സാമ്പത്തിക, സാമൂഹിക, സാങ്കേതിക പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലമുറയില്‍ പെട്ടയാളാണ് അദ്ദേഹം. കുട്ടിക്കാലത്ത് റേഡിയോയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച തലമുറയില്‍ പെട്ടയാളാണ് അദ്ദേഹം, ഇപ്പോള്‍ എഐയുടെ സജീവ ഉപയോക്താവാണ്. യുവത്വത്തിന്റെ ഊര്‍ജ്ജവും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വിപുലമായ പരിചയവും നിതിന്‍ ജിക്കുണ്ട്. ഇത് നമ്മുടെ പാര്‍ട്ടിയിലെ ഓരോ പ്രവര്‍ത്തകനും വളരെ ഗുണം ചെയ്യും.

ബിജെപി ഒരു സംസ്‌കാരമാണ്. ബിജെപി ഒരു കുടുംബമാണ്. ഇവിടെ, വെറും അംഗത്വത്തിനപ്പുറം പോകുന്ന ബന്ധങ്ങള്‍ നമുക്കുണ്ട്. ബിജെപി എന്നത് സ്ഥാനത്താലല്ല, പ്രക്രിയയാല്‍ നയിക്കപ്പെടുന്ന ഒരു പാരമ്പര്യമാണ്. നമ്മുടെ അധ്യക്ഷന്മാര്‍ മാറുന്നു, പക്ഷേ നമ്മുടെ ആദര്‍ശങ്ങള്‍ മാറുന്നില്ല. നേതൃത്വം മാറുന്നു, പക്ഷേ ദിശ അതേപടി തുടരുന്നു. ബിജെപിയുടെ ആത്മാവ് ദേശീയമാണ്, കാരണം നമ്മുടെ ബന്ധം പ്രാദേശികമാണ്. നമ്മുടെ വേരുകള്‍ മണ്ണില്‍ ആഴത്തില്‍ പടരുന്നു. അതുകൊണ്ടാണ് ബിജെപി പ്രാദേശിക അഭിലാഷങ്ങള്‍ക്ക് ഒരു വേദി നല്‍കുന്നത്. അത് അവയെ ദേശീയ അഭിലാഷങ്ങള്‍ക്കുള്ള അടിത്തറയാക്കുന്നു, അതുകൊണ്ടാണ് ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍ ബിജെപിക്കൊപ്പമുള്ളത്, ബിജെപിയില്‍ ചേരുന്നു, മാത്രമല്ല, രാഷ്ട്രീയ യാത്ര ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ബിജെപിയുടെ പ്രവേശന പോയിന്റ് ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഓപ്ഷനാണെന്ന് കണ്ടെത്തുന്നു. രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും എന്റെയും പേരില്‍, എല്ലാ മുന്‍ പ്രസിഡന്റുമാര്‍ക്കും അവരുടെ വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികള്‍

പുതിയ ദേശീയ അധ്യക്ഷനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ്. കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ദേശീയ തലത്തില്‍ പ്രധാന സംഘടനാ പുനഃസംഘടനയ്ക്ക് ബിജെപി തയ്യാറെടുക്കുന്നതിനിടെയാണ് നേതൃമാറ്റം വരുന്നത്. വലിയ ഉത്തരവാദിത്തമാണ് നിതിന്‍ നബിന് മുന്നിലുള്ളത്. പാര്‍ട്ടിയില്‍ പുതിയ ഊര്‍ജ്ജം കൊണ്ടുവരാന്‍ നേതൃമാറ്റം സഹായിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. നിതിന്‍ നബിന്‍ നേതൃത്വം നല്‍കുന്ന ബിജെപിയുടെ അടുത്ത ലക്ഷ്യങ്ങള്‍ എന്തെന്ന് ജെ പി നഡ്ഡ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രധാനമന്ത്രി മോദി ജിയുടെ നേതൃത്വത്തിലും നിതിന്‍ നബിന്‍ ജിയുടെ അധ്യക്ഷതയിലും, വരും കാലങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ശക്തി തെളിയിക്കുമെന്ന് ജെ പി നഡ്ഡ പറഞ്ഞു. ബംഗാളില്‍ താമര വിരിയിക്കും. പുതുച്ചേരിയിലും തമിഴ്നാട്ടിലും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. അസമില്‍ ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരും, കേരളത്തിലും ഞങ്ങള്‍ നല്ല ഫലങ്ങള്‍ നല്‍കും. ഈ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ഈ പാര്‍ട്ടിയെ, ഈ മഹത്തായ പാര്‍ട്ടിയെ, പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിതിന്‍ നബിന്‍ ജി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. നാമെല്ലാവരും ഒരുമിച്ച് അദ്ദേഹവുമായി സഹകരിക്കുകയും പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യും, ഇതുവരെ വിജയിക്കാത്ത പുതിയ സ്ഥലങ്ങളിലും സംസ്ഥാനങ്ങളിലും താമര വിരിയിക്കും. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായി യുവനും ഊര്‍ജ്ജസ്വലനും കഴിവുള്ളവനുമായ നിതിന്‍ നബിന്‍ ഇന്ന് ചുമതലയേല്‍ക്കുന്നത് ചരിത്രപരമായ ഒരു അവസരമാണ്. എന്റെയും കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പേരില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, ജെ പി നദ്ദ പറഞ്ഞു.

കേരളത്തില്‍ 'മിഷന്‍ 40'

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 'മിഷന്‍ 40'യുമായി ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തിയ 40 മണ്ഡലങ്ങളില്‍ വിജയിക്കുക ലക്ഷ്യമിട്ടാണ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ മുന്‍കൂട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് പ്രവര്‍ത്തനം തുടങ്ങും. നേരത്തെ പാര്‍ട്ടിക്ക് സംഘടനാ സംവിധാനം ശക്തമായ മണ്ഡലങ്ങളെ എ, എ പ്‌ളസ്, ബി ക്ലാസുകളായി തിരിച്ച് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സമീപനമായിരുന്നു. അതൊഴിവാക്കിയാണ് മിഷന്‍ 40ക്ക് രൂപം നല്‍കിയത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍,ഒല്ലൂര്‍,തൃശൂര്‍,നാട്ടിക,പുതുക്കാട്,ഇരിങ്ങാലക്കുട തുടങ്ങിയ മണ്ഡലങ്ങളില്‍ ഒന്നാമത് എത്തിയിരുന്നു. തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര,ഹരിപ്പാട്,കായംകുളം, പാലക്കാട്,മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി.തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂര്‍, മലമ്പുഴ, എലത്തൂര്‍, കാസര്‍കോട്, മഞ്ചേശ്വരം,അരൂര്‍ മണ്ഡലങ്ങളിലടക്കം മുന്നിലെത്തി. ഇതില്‍ അഞ്ചിടത്ത് 45,000 വോട്ട് കടന്നു. മറ്റിടങ്ങളില്‍ 40000ത്തോളം വോട്ടുകളും നേടി. കോവളം, വട്ടിയൂര്‍ക്കാവ്, പാറശാല, ചിറയിന്‍കീഴ്, കൊട്ടാരക്കര, പുതുക്കാട്, ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂര്‍,നാട്ടിക, ഒറ്റപ്പാലം,പാലക്കാട്, മാവേലിക്കര മണ്ഡലങ്ങളില്‍ 35,000- 40,000ത്തിനുമിടയില്‍ വോട്ടുനേടി. തിരുവനന്തപുരം, ആറ്റിങ്ങല്‍, കുന്നത്തൂര്‍,ആറന്മുള, കരുനാഗപ്പള്ളി. കുണ്ടറ, ചേലക്കര, വടക്കാഞ്ചേരി, മണലൂര്‍, ഷൊര്‍ണൂര്‍, കുന്നമംഗലം,കോഴിക്കോട് നോര്‍ത്ത്, നെന്മാറ മണ്ഡലങ്ങളില്‍ കിട്ടിയത് 30,000- 35,000ത്തിനും ഇടയില്‍ വോട്ട്. തിരുവനന്തപുരം ജില്ലയില്‍ നേമത്തും വട്ടിയൂര്‍ക്കാവിലും ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഒന്നാമത് എത്തിയിരുന്നു. 15 സീറ്റുകളില്‍ കടുത്ത പോരിനാണ് ബിജെപി തയ്യാറെടുക്കുന്നത്. തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാന്‍ ബിജെപി നീക്കം. അതിശക്തമായ മത്സരത്തിന് 15 ഇടത്തെ സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കും. എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കാത്ത വിധത്തില്‍ കറുത്ത കുതിരകളാകുക എന്നതാണ് ബിജെപിയുടെ മിഷന്‍.

Tags:    

Similar News