'സിപിഎമ്മിനുള്ളില്‍ മതനിരപേക്ഷതയില്ല, ഉള്ളത് വര്‍ഗീയത!' ചെങ്കൊടി ഉപേക്ഷിച്ച് സുജ ചന്ദ്രബാബു പാണക്കാട് തങ്ങള്‍ക്ക് മുന്നില്‍; ഐഷാ പോറ്റിക്ക് പിന്നാലെ മറ്റൊരു പ്രമുഖ വനിതാ നേതാവും ലീഗിലേക്ക്; ഒരുമാസത്തിനിടെ പാര്‍ട്ടിക്ക് രണ്ടാമത്തെ ആഘാതം

Update: 2026-01-22 09:26 GMT

കൊല്ലം: മുന്‍ എംഎല്‍എ ഐഷ പോറ്റി പാര്‍ട്ടി വിട്ടതിന് പിന്നാലെ മറ്റൊരു പ്രമുഖ വനിതാ നേതാവുകൂടി സിപിഎം വിട്ടു. കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബുവാണ് മുപ്പതുവര്‍ഷത്തെ പാര്‍ട്ടി ബന്ധം അവസാനിപ്പിച്ച് മുസ്ലീംലീഗില്‍ ചേര്‍ന്നത്. മൂന്ന് തവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജ. സിപിഎമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചത്. പുറമെ പറയുന്നത് പോലെ മതനിരപേക്ഷതയല്ല സിപിഎമ്മിനുള്ളിലെന്നും സുജ പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്നാണ് സുജ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചത്. തെക്കന്‍ കേരളത്തില്‍ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുകയാണെന്ന് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ലീഗില്‍ വിസ്മയമുണ്ടാകുന്നത് തെക്കന്‍ ജില്ലകളിലാണെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറിയായിരുന്ന സുജ നിലവില്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗംകൂടിയാണ്. ഒരു വാഗ്ദ്ധാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്നും അവര്‍ പറഞ്ഞു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാപോറ്റി പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാടണുള്ളതെന്നും സുജ പറഞ്ഞു.

കൊട്ടാരക്കര സമ്മേളനത്തിലും അതിന് ശേഷം നടന്ന കൊല്ലം സമ്മേളനത്തിലും സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സുജ ചന്ദ്രബാബു. മൂന്ന് തവണ സി.പി.എമ്മിന്റെ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സി.പി.എമ്മിലുണ്ടായിരുന്ന വര്‍ഗീയ ഫാഷിസ്റ്റ് നിലപാടുകള്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നുവെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ലീഗില്‍ ചേരുന്നതെന്നും സുജ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഐഷ പോറ്റിയെ കൊട്ടാക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനവുമായി യുഡിഎഫ് മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഐഷ പോറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയാല്‍ എല്‍ഡിഎഫിന് ശുഭപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തില്‍ പോരാട്ടം കടുക്കും.

മന്ത്രി കെ എന്‍ ബാലഗോപാലായിരിക്കും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്നത് ഏറക്കുറെ ഉറപ്പാണ്. രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യതയാണ് ഐഷാപോറ്റിയുടെ കരുത്ത്. 2006ല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഐഷാ പോറ്റി നിയമസഭയിലെത്തിയത്. 2011ലും 16ലും കൊട്ടാരക്കരയില്‍ വിജയം ആവര്‍ത്തിക്കുകയായിരുന്നു. മാത്രമല്ല ഭൂരിപക്ഷം കാര്യമായി ഉയര്‍ത്തുകയും ചെയ്തു.

Tags:    

Similar News