'ഉപയോഗിച്ച ഉടുപ്പുപോലെ എന്റെ മകളെ എറിഞ്ഞു! അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട; പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നും ഇല്ല; അപമാനഭാരം താങ്ങി ഇനി ജീവിക്കാനില്ല'; ഉറ്റവരെ കണ്ണീരിലാഴ്ത്തി സജിതയുടെ ആത്മഹത്യാക്കുറിപ്പ്; കമലേശ്വരത്തെ ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; സയനൈഡ് എങ്ങനെ കിട്ടി എന്നതിലും അന്വേഷണം
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുത്തു. ഉണ്ണികൃഷ്ണനെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.രാജീവിന്റെ ഭാര്യ എസ്.എല്‍.സജിത(54) മകള്‍ ഗ്രീമ എസ്.രാജ്(30) എന്നിവരെയാണ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിതയുടെയും ഗ്രീമയുടെയും മരണത്തിന് പിന്നാലെ അയര്‍ലണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ മുംബൈയില്‍ വെച്ചാണ് പൂന്തുറ പോലീസ് ഇയാളെ പിടികൂടിയത്. സ്വന്തം ഭാര്യയെയും അവരുടെ അമ്മയെയും മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത ശേഷം ഒന്നുമറിയാത്തവനെപ്പോലെ വിദേശത്തേക്ക് മുങ്ങാനായിരുന്നു ഇയാളുടെ നീക്കം. ഇതിനിടെയാണ് പിടിയിലായത്. ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യ കുറിപ്പില്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. 200 പവന്‍ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
സജിതയുടെ ഭര്‍ത്താവ് എന്‍.രാജീവ് മൂന്നു മാസം മുന്‍പാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്തെന്നും ഇവര്‍ക്ക് സയനൈഡ് കിട്ടിയത് എവിടെനിന്നാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൂന്തുറ സിഐ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങള്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെയാണ് പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. ഞാനും മകളും ആത്മഹത്യ ചെയ്യുന്നതിനു കാരണം ഗ്രീമയുടെ ഭര്‍ത്താവ് ബി.എം. ഉണ്ണികൃഷ്ണന്‍ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വര്‍ഷത്തോളമായി നേരിടുന്ന മാനസികപീഡനവും അവഗണനയുമാണ് കാരണമെന്നും കുറിപ്പില്‍ പറയുന്നു.
''എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ ആണ് എറിയുന്നത്. മോള്‍ അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട. പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നും ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യ. മടുത്തു, മതിയായി'' എന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സയനൈഡ് കഴിച്ച് ജീവനൊടുക്കാന്‍ പോകുന്നുവെന്ന് കാട്ടി വാട്സാപ്പില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് കുറിപ്പ് അയച്ചിരിക്കുന്നത്.
അവര്‍ ഇത് ഉടന്‍ തന്നെ ഇവര്‍ താമസിക്കുന്ന റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് കൗണ്‍സിലറും നാട്ടുകാരും എത്തുമ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഇവര്‍ വിവരം പൂന്തുറ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി വീട് തുറന്നപ്പോള്‍ താഴത്തെ നിലയിലെ ഹാളില്‍ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് 2 ഗ്ലാസുകളും കുറിപ്പും കണ്ടെത്തിയിരുന്നു.
6 വര്‍ഷം മുന്‍പായിരുന്നു ഗ്രീമയുടെ വിവാഹം. 200 പവനും വീടും സ്ഥലവും നല്‍കിയാണു വിവാഹം നടത്തിയത്. സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് 25 ദിവസത്തിനു ശേഷം മകളെ ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്നും ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ സജിത വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിദേശത്തു പോയ ഉണ്ണികൃഷ്ണന്‍ മകളെ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്റെ ഒരു ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ എത്തിയപ്പോള്‍ ഗ്രീമയും സജിതയും ഇയാളുമായി സംസാരിച്ചിരുന്നു.
എന്നാല്‍ അവിടെ വച്ചും ഇയാള്‍ ഗ്രീമയെ മറ്റുള്ളവരുടെ മുന്നില്‍വച്ചു മാനസികമായി വേദനിപ്പിച്ചു. ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് സജിത ബോധരഹിതയായി വീണു. ഇതു മൂലമുണ്ടായ വിഷമത്താലാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതതെന്നാണു പൊലീസ് പറയുന്നത്.
അപമാനഭാരം താങ്ങി ഇനി ജീവിക്കാന്‍ കഴിയില്ലെന്നും സജിതയുടെ കുറിപ്പില്‍ പറയുന്നുണ്ട്. തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കള്‍ക്കു നല്‍കണമെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടില്‍ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്. അതേസമയം, സജിതക്കും മകള്‍ക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതില്‍ ദുരൂഹത തുടരുകയാണ്. സജിതയുടെ ഭര്‍ത്താവും മുന്‍ കൃഷിഓഫിസറുമായ രാജീവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. എന്നാല്‍ രാജീവ് സയനൈഡ് വാങ്ങി വച്ചിരുന്നുവോയെന്നാണ് ഉയരുന്ന സംശയം. സയനൈഡ് അച്ഛന്‍ ഉള്ളപ്പഴേ കയ്യില്‍ ഉണ്ടെന്ന് ഗ്രീമ ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്.അമ്പലത്തറ പഴഞ്ചിറയ്ക്കു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ അയര്‍ലന്‍ഡില്‍ കോളജ് ലക്ചററായി ജോലി ചെയ്യുന്നുവെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
