82-ാം വയസ്സില്‍ ആ വൃദ്ധന്‍ 'പുലിക്കുട്ടി'യായി! 18 വര്‍ഷത്തെ നിയമയുദ്ധം; പീഡനക്കേസില്‍ കുടുക്കിയ ഐജിയും എസിപിയും പൊലീസ് ഇന്‍സ്‌പെക്ടറും ഇനി ക്രിമിനല്‍ പ്രതികള്‍; ജനാര്‍ദനന്‍ നമ്പ്യാര്‍ നേടിയത് അസാധാരണ വിജയം

Update: 2026-01-23 06:26 GMT

തൃശ്ശൂര്‍: സ്വന്തം ജീവിതത്തിന്റെ നല്ലൊരു പങ്കും കോടതി വരാന്തകളില്‍ ഹോമിക്കേണ്ടി വന്ന ഒരു 82-കാരന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേരള പൊലീസ് മുട്ടുമടക്കുന്നു. വ്യാജ ലൈംഗികാരോപണം ചമച്ച് തന്നെ വേട്ടയാടിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുപ്പിക്കാന്‍ ഉത്തരവ് നേടിയിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശി ജനാര്‍ദനന്‍ നമ്പ്യാര്‍. ഇതോടെ, കേസ് അന്വേഷിച്ച ഐജി മുതല്‍ ഇന്‍സ്‌പെക്ടര്‍ വരെയുള്ളവര്‍ ഇനി കോടതി കയറേണ്ടി വരും.

കഥ തുടങ്ങുന്നത് 18 വര്‍ഷം മുന്‍പാണ്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ സഹോദരിക്ക് വായ്പ എടുക്കാന്‍ ഇടനിലക്കാരനായി നിന്നതാണ് ജനാര്‍ദനന്‍ നമ്പ്യാര്‍ ചെയ്ത 'തെറ്റ്'. വായ്പ തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ഉണ്ടായ നിയമനടപടികളില്‍ സാക്ഷി പറയരുത് എന്നായിരുന്നു ഭീഷണി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ജനാര്‍ദനന്‍ നമ്പ്യാരുടെ ജീവിതം നരകതുല്യമായത്. പരാതി പിന്‍വലിക്കാന്‍ പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തി. വഴങ്ങാതെ വന്നതോടെ ഇവര്‍ 'ലൈംഗികാരോപണം' എന്ന ബ്രഹ്‌മാസ്ത്രം പുറത്തെടുത്തു.

യുവതിയെ ഉപയോഗിച്ച് ഗുരുവായൂര്‍ സ്റ്റേഷനില്‍ ശാരീരികമായി ഉപദ്രവിച്ചു എന്ന വ്യാജ പരാതി നല്‍കി എഫ്‌ഐആര്‍ ഇട്ടു. വിവരാവകാശ രേഖകളില്‍ ഇല്ലാത്ത ആരോപണം പോലുമുണ്ടാക്കി പൊലീസ് വേട്ടയാടി. ഡിജിപിക്ക് പരാതി നല്‍കിയിട്ടും സ്വന്തം സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് ആസ്ഥാനത്തുനിന്നുണ്ടായത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ നമ്പ്യാര്‍ തയ്യാറായിരുന്നില്ല. 2023 നവംബറില്‍ ജില്ലാ സെഷന്‍സ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എഫ്‌ഐആര്‍ ഇടാന്‍ വൈകിയതും വ്യക്തിവൈരാഗ്യം മൂലമാണ് കേസെടുത്തതെന്നും കോടതി കൃത്യമായി കണ്ടെത്തി.

കുറ്റവിമുക്തനായ ശേഷം നമ്പ്യാര്‍ നേരെ പോയത് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയിലേക്കാണ്. ഇതോടെയാണ് അന്ന് കേസ് അന്വേഷിച്ച ഗുരുവായൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ.ജി. സുരേഷ്, കെ. സുദര്‍ശന്‍, അന്നത്തെ എസിപി ശിവദാസന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഇതില്‍ ഗൂഢാലോചന നടത്തിയ ഐജിയുടെ പങ്കും അന്വേഷണ പരിധിയില്‍ വരും.

'സത്യസന്ധമായി ജീവിച്ച എന്നെ ഒരു പീഡനക്കേസ് പ്രതിയാക്കി ചിത്രീകരിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു'- വിറയാര്‍ന്ന ശബ്ദത്തില്‍ ജനാര്‍ദനന്‍ നമ്പ്യാര്‍ പറയുന്നു. കുടുംബത്തിന്റെയും അഭിഭാഷകരായ കെ.ഡി. ബാബു, ശരത്ബാബു കോട്ടയ്ക്കല്‍ എന്നിവരുടെയും പിന്തുണയാണ് ഈ പോരാട്ടത്തില്‍ അദ്ദേഹത്തിന് കരുത്തായത്. പൊലീസ് യൂണിഫോമിനുള്ളിലെ ക്രിമിനലുകള്‍ക്ക് ഈ 82-കാരന്റെ വിജയം ഒരു വലിയ മുന്നറിയിപ്പാണ്.

Similar News