സയനൈഡ് എവിടെ നിന്ന്? അമ്മയും മകളും മരിച്ചതോടെ കുടുംബം ഒന്നടങ്കം ഇല്ലാതായി; കമലേശ്വരം ആത്മഹത്യാ കേസില്‍ പോലീസ് കുഴയുന്നു; അന്വേഷണം വഴിമുട്ടുന്നുണ്ടെങ്കിലും ഗ്രീമയുടെ ഭര്‍ത്താവിന് കുരുക്ക് മുറുകും; ആത്മഹത്യാ പ്രേരണയില്‍ ഉണ്ണികൃഷ്ണന് രക്ഷയില്ല; ഗേ സൗഹൃദങ്ങള്‍ പ്രതിയ്ക്ക് തിരിച്ചടി
തിരുവനന്തപുരം: കമലേശ്വരത്ത് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടറുടെ ഭാര്യയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വന്‍ പ്രതിസന്ധിയില്‍. കുടുംബം ഒന്നടങ്കം ഇല്ലാതായതോടെ, അതീവ മാരകമായ സയനൈഡ് ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. എന്നാല്‍, ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര ശുഭകരമല്ല. തെളിവുകള്‍ നശിച്ചാലും ആത്മഹത്യാ പ്രേരണാ കുറ്റത്തില്‍ ഇയാള്‍ക്ക് കുരുക്ക് മുറുകാനാണ് സാധ്യത. ഇയാളുടെ സ്വവര്‍ഗ്ഗ അനുരാഗത്തിനും തെളിവ് കിട്ടിയിട്ടുണ്ട്.
സജിതയും മകള്‍ ഗ്രീമയും കൈകള്‍ കോര്‍ത്തുപിടിച്ച് മരണത്തിലേക്ക് നടന്നുപോയത് കൃത്യമായ പ്ലാനിംഗോടെയാണ്. പിതാവ് രാജീവ് ജീവിച്ചിരുന്നപ്പോള്‍ തന്നെ സയനൈഡ് വാങ്ങി സൂക്ഷിച്ചിരുന്നതായി ഗ്രീമയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. എന്നാല്‍ ആരോടു ചോദിച്ചറിയും എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. കുടുംബത്തില്‍ ചോദിക്കാന്‍ ഇനി ഒരാള്‍ പോലുമില്ല. സ്വര്‍ണ്ണ ഇടപാടുകള്‍ നടത്തിയിരുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൃത്യമായ ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. മരണത്തിന്റെ വ്യാപാരികള്‍ ആരാണെന്ന് കണ്ടെത്തുക എന്നത് പോലീസിന് വന്‍ വെല്ലുവിളിയായി തുടരുന്നു. അച്ഛന്റെ മരണ ശേഷം സയനൈഡ് വാങ്ങാനും സാധ്യതയുണ്ട്.
അയര്‍ലന്‍ഡിലേക്ക് കടക്കാനിരുന്ന പ്രതി കുടുങ്ങി ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അവഗണനയും ക്രൂരമായ മാനസിക പീഡനവുമാണ് ഈ കൂട്ടമരണത്തിന് കാരണമെന്ന് പോലീസ് ഉറച്ചു വിശ്വസിക്കുന്നു. മുംബൈ വഴി അയര്‍ലന്‍ഡിലേക്ക് മുങ്ങാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത് പോലീസിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ്. ആറു വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ വെറും 25 ദിവസം മാത്രമാണ് ഗ്രീമയ്‌ക്കൊപ്പം ഇയാള്‍ താമസിച്ചത്. ഗള്‍ഫിലും അയര്‍ലന്‍ഡിലും ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ഗ്രീമയെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു.
സയനൈഡ് എവിടെ നിന്ന് വന്നു എന്നത് അന്വേഷണത്തെ ബാധിച്ചേക്കാമെങ്കിലും, ഉണ്ണികൃഷ്ണനെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കുമെന്ന് തന്നെയാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രീമയും അമ്മയും അവസാനമായി ഉണ്ണികൃഷ്ണനെ കണ്ട് സംസാരിച്ചപ്പോള്‍ ഉണ്ടായ പ്രതികൂല പ്രതികരണമാണ് മരണത്തിലേക്ക് ഇവരെ നയിച്ചത്. 'താന്‍ കാരണം ഒരു കുടുംബം ഇല്ലാതായി' എന്ന ബോധ്യം ഉണ്ടായിരുന്നിട്ടും ഗ്രീമയെയും അമ്മയെയും മരണത്തിന് വിട്ടുകൊടുത്ത് രാജ്യം വിടാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണന്റെ നടപടി കോടതിയില്‍ അയാള്‍ക്ക് തിരിച്ചടിയാകും.
അതേസമയം, ഉണ്ണികൃഷ്ണനെ പിന്തുണച്ച് പ്രതിയുടെ സഹോദരന്‍ ചന്തു രംഗത്തെത്തിയിട്ടുണ്ട്. ഗ്രീമയുടെ അമ്മ സജിതയുടെ അമിതമായ ഇടപെടലുകളാണ് ദാമ്പത്യം തകര്‍ത്തതെന്നാണ് ഇവരുടെ വാദം. സംയുക്ത വിവാഹമോചനത്തിന് ഹര്‍ജി നല്‍കാനിരിക്കെയാണ് ഈ കൂട്ടമരണം സംഭവിച്ചത്. എന്നാല്‍, ആത്മഹത്യാക്കുറിപ്പിലെ വരികളും ഉണ്ണികൃഷ്ണന്റെ പെരുമാറ്റവും ഇയാളെ പ്രതിക്കൂട്ടില്‍ തന്നെ നിര്‍ത്തുന്നു. ഇതിനൊപ്പം ഗേ സൈറ്റുകളിലെ ഉണ്ണികൃഷ്ണന്റെ കറക്കങ്ങളും വെല്ലുവിളിയാണ്.
