കുറ്റപത്രം വൈകുന്നു; എന്‍. വാസുവും ജയില്‍ മോചിതനാകുന്നു; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികള്‍ ഒന്നൊന്നായി പുറത്തേക്ക്; വാസുവിന് സ്വാഭാവിക ജാമ്യം നല്‍കി കൊല്ലം കോടതി; കുറ്റപത്രം നല്‍കാത്തത് ആശ്വാസമാകുന്നത് പ്രതികള്‍ക്ക്
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന് ഒടുവില്‍ ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് വന്‍ സ്രാവുകള്‍ക്ക് രക്ഷപെടാനുള്ള പഴുതൊരുക്കിയത്. കേസിലെ മൂന്നാം പ്രതിയായ എന്‍. വാസുവും ഇതോടെ അഴികള്‍ക്ക് പുറത്തെത്തും.
നിയമപ്രകാരം 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ട്. ഈ നിയമം ആയുധമാക്കിയാണ് എന്‍. വാസു ജാമ്യം നേടിയെടുത്തത്. വാസുവിനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ അഞ്ച് പേര്‍ ഇതിനോടകം തന്നെ ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. എസ്.ഐ.ടിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണോ അതോ ബോധപൂര്‍വമായ മെല്ലെപ്പോക്കാണോ പ്രതികള്‍ക്ക് തുണയാകുന്നതെന്ന ചോദ്യം ഉയരുകയാണ്.
അതേസമയം, കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, കെ.എസ്. ബൈജു എന്നിവരുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യഹര്‍ജികളില്‍ വാദം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം 18-ന് കോടതി വിധി പറയുന്നതോടെ തന്ത്രിയുടെ പുറത്തിറങ്ങല്‍ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരും.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്കിടയില്‍ വിവേചനം കാണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ എല്ലാവര്‍ക്കും ജാമ്യം നല്‍കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.