തിരുവല്ലയിലെ സ്പാ-വെല്‍നസ് സെന്ററുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; ഇടപാടുകാരന്‍ ഇറങ്ങിയോടി; ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പോലീസുകാരനെന്ന് പ്രചാരണം; നിഷേധിച്ച് പോലീസ്: ക്രോസ് മസാജ് അടക്കം നടക്കുന്നതായി കണ്ടെത്തി; ലൈസന്‍സ് ഇല്ലാത്തത് പണിയാകും

Update: 2026-02-13 05:33 GMT

തിരുവല്ല: നഗരത്തിലെ സ്പാ, വെല്‍നസ് സെന്ററുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. രാമന്‍ചിറയിലെ സ്പായില്‍ മസാജിങ്ങിന് വിധേയനായിക്കൊണ്ടിരുന്നയാള്‍ ഇറങ്ങിയോടി് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ പോലീസ് വകുപ്പില്‍ ആലപ്പുഴയില്‍ ജോലി ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ പോലീസുകാരനല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ രക്ഷപ്പെട്ട വാഹനത്തിന്റെ നമ്പറില്‍ നിന്ന് തിരുവല്ല കുറ്റപ്പുഴ സ്വദേശിയാണെന്ന് കണ്ടെത്തി.

നഗരത്തിലെ സ്പാ, വെല്‍നസ് സെന്ററുകളില്‍ ക്രോസ് മസാജ് അടക്കം നടക്കുന്നതായി ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം അഞ്ചു സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രാമന്‍ചിറയില്‍ യോഗ, സ്പാ ലൈസന്‍സുള്ള സ്ഥാപനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ക്രോസ് മസാജ് നടക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് കസ്റ്റമര്‍ ഇറങ്ങി ഓടിയത്. സ്പാ അടച്ചുപൂട്ടാന്‍ കത്തു നല്‍കും.

രാമന്‍ചിറയിലെ മറ്റൊരു സ്ഥാപനത്തിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തനം. മഞ്ഞാടിയിലെ മറ്റൊരു സ്പായും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യമടക്കം നല്‍കിയിരുന്നു. മഞ്ഞാടിയിലെ മറ്റൊരു സ്പായും മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈനി പ്രസാദ് പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ് കുമാര്‍, ശ്രീലക്ഷ്മി, ്രൈഡവര്‍ അനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

രാമന്‍ചിറ വാര്‍ബ മൈല്‍ സ്റ്റോണ്‍ എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടല്‍സ് സ്പായ്ക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പാ നടത്തുന്ന കുര്യന്‍ എന്നയാള്‍ കെട്ടിടം ഉടമയുമായി കേസ് നിലനില്‍ക്കുന്നുണ്ട്. ഉടമയ്ക്ക് അനുകൂലമായി വിധി വന്നിട്ടും രാഷ്ട്രീയ പിന്തുണയോടെ യുവജനസംഘടനകളെ വെല്ലുവിളിച്ചാണ് ഇയാള്‍ സ്പാ നടത്തുന്നതെന്ന് പറയുന്നു. 14 ലക്ഷത്തോളം രൂപ വാടക ഇനത്തില്‍ ഉടമയ്ക്ക് കിട്ടാനുണ്ട്. ഉടമ ജോണ്‍കോശി ഈ സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് നഗരസഭയ്ക്ക് കത്തു നല്‍കിയിരുന്നു. ഇതുകാരണമാണ് ലൈസന്‍സ് പുതുക്കാത്തത്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തേയും പോലീസ് പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ വന്ന യുവതിയുടെ ബാഗില്‍ നിന്ന് 6000 രൂപ മോഷണം പോയത് സംബന്ധിച്ച് തിരുവല്ല പോലീസിന് പരാതി നല്‍കിയിട്ടുണ്ടായിരുന്നു.

Similar News