ആകാശത്ത് തല്ലുമാല! പല്ല് അടിച്ചുകൊഴിച്ചു, ചോര ചിതറി; മദ്യപന്മാരുടെ അഴിഞ്ഞാട്ടത്തില്‍ തുര്‍ക്കി-മാഞ്ചസ്റ്റര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി; 30 വര്‍ഷത്തെ കരിയറില്‍ ഇങ്ങനൊന്ന് കണ്ടിട്ടില്ലെന്ന് പൈലറ്റ്; ഗുണ്ടായിസം കാണിച്ചവര്‍ക്ക് പണികൊടുത്ത് ബെല്‍ജിയം പോലീസ്; കൂട്ടത്തല്ലിന് കാരണം ഇങ്ങനെ
ആകാശത്ത് തല്ലുമാല!
ലണ്ടന്‍: തുര്‍ക്കിയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിമാനത്തില്‍ നടുക്കുന്ന അക്രമങ്ങള്‍. വിമാനം പറക്കുന്നതിനിടയില്‍ യാത്രക്കാര്‍ തമ്മിലുണ്ടായ കൂട്ടത്തല്ല് കാരണം ജെറ്റ് 2 വിമാനം ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ അടിയന്തരമായി ഇറക്കി. ആകാശമധ്യേ നടന്ന ഈ 'ഗുണ്ടാ സ്റ്റൈല്‍ വിളയാട്ടത്തില്‍' വിമാനത്തിനകത്ത് രക്തം ചിതറിയതായും യാത്രക്കാരുടെ പല്ലുകള്‍ നിലത്തുനിന്നും കിട്ടിയതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
ഫോണിനെച്ചൊല്ലി തര്‍ക്കം, ഒടുവില്‍ കൂട്ടത്തല്ല്
വിമാനത്തിലെ സീറ്റുകള്‍ക്കിടയിലുള്ള ഇടുങ്ങിയ സ്ഥലത്ത് യാത്രക്കാര്‍ പരസ്പരം ഇടിച്ചും കടിച്ചുപിടിച്ചും പോരാടുന്ന കാഴ്ചയായിരുന്നു. സംഭവത്തിന്റെ തുടക്കം ഇങ്ങനെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കസ്റ്റഡിയിലായ ബ്രിട്ടീഷ് യാത്രക്കാര്‍ വിമാനത്തില്‍ വച്ച് അമിതമായി മദ്യപിച്ചിരുന്നതായും മറ്റ് യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ഒരാള്‍ മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് തര്‍ക്കം കൈയാങ്കളിയായി മാറിയത്. സംഘര്‍ഷം അതിരൂക്ഷമായതോടെ വിമാനത്തിനകത്തെ സീറ്റുകളില്‍ രക്തം പുരണ്ടു. തറയില്‍ യാത്രക്കാരുടെ പല്ലുകള്‍ തെറിച്ചുവീണു കിടക്കുന്നത് കണ്ടതായി യാത്രക്കാര്‍ ഭീതിയോടെ ഓര്‍ക്കുന്നു.
ക്യാപ്റ്റനെ പോലും ഞെട്ടിച്ച ക്രൂരത
വിമാനം സുരക്ഷിതമായി ബ്രസ്സല്‍സില്‍ ഇറക്കിയ ശേഷം പൈലറ്റ് യാത്രക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തന്റെ 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്രയും ഭീകരമായ ഒരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ വിമാനം ഇറക്കേണ്ടി വന്നത് വളരെ ചുരുക്കം തവണ മാത്രമാണെന്നും ഇത്രയും വലിയ അക്രമം മുമ്പ് കണ്ടിട്ടില്ലെന്നും പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
'ആളുകള്‍ ഭയന്നോടുകയായിരുന്നു, കുട്ടികള്‍ നിലവിളിക്കുന്നു. എയര്‍ഹോസ്റ്റസുമാര്‍ക്ക് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത വിധം അന്തരീക്ഷം വഷളായി.'- ഒരു യാത്രക്കാരന്‍ പറഞ്ഞു.
ആജീവനാന്ത വിലക്ക്, കടുത്ത നടപടി
ബ്രസ്സല്‍സില്‍ വിമാനം ഇറങ്ങിയ ഉടന്‍ ബെല്‍ജിയം പോലീസ് വിമാനത്തിനകത്ത് കയറി രണ്ട് പേരെ പിടിച്ചുുകൊണ്ടുപോയി. സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ വിമാനക്കമ്പനിയായ ജെറ്റ് 2 കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് കമ്പനിയുടെ വിമാനങ്ങളില്‍ പറക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ വിമാനം വഴിതിരിച്ചുവിട്ടതുമൂലം ഉണ്ടായ വന്‍ സാമ്പത്തിക നഷ്ടം ഇവരില്‍ നിന്നും ഈടാക്കുമെന്നും കമ്പനി അറിയിച്ചു.
