പാളയത്തെ ജയലക്ഷ്മി സില്‍ക്‌സില്‍ 2023ല്‍ തീ പിടിത്തമുണ്ടായത് ഷോര്‍ട് സര്‍ക്യൂട്ട് കാരണം; അന്ന് വസ്ത്രവ്യാപര സ്ഥാപനത്തിന് നേരിട്ടത് കോടികളുടെ നാശനഷ്ടം; ഇത്തവണ തീ ആദ്യം ആളിപടര്‍ന്നത് വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നും; ടെകസ്‌റ്റൈല്‍സിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി; ജീവനക്കാരെയടക്കം ഒഴിപ്പിച്ചതായി അധികൃതര്‍; തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേനയുടെ തീവ്രശ്രമം
കോഴിക്കോട്: കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. മുകളിലെ നിലയിലേക്ക് തീ പടരുകയാണ്. തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. നിലവില്‍ അഞ്ച് ഫയര്‍എന്‍ജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
2023ലും ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്. മുന്‍പ് തീ പിടിത്തമുണ്ടായ അതേ സ്ഥലത്താണ് ഇപ്പോഴും ആദ്യം തീ കണ്ടത്. ഷോര്‍ട് സര്‍ക്യൂട്ടാണ് 2023ല്‍ അപകടത്തിനു ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതല്‍ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്.
കെട്ടിടത്തിന്റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെകസ്‌റ്റൈല്‍സിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്. പാളയത്തെ തിരക്കേറിയ സ്ഥലത്തുണ്ടായ തീ പടര്‍ന്ന് ഒരു മണിക്കൂറിലധികം കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. സ്ഥാപനത്തിന് സമീപത്തെ റോഡിലൂടെയുള്ള ഗതാഗതമടക്കം നിരോധിച്ചിട്ടുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സമീപത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. ഏതാനും വര്‍ഷങ്ങള്‍ക്കും മുന്‍പും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു. അന്ന് വാഹനങ്ങളടക്കം കത്തിനശിച്ചിരുന്നു.
തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ടെക്സ്റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ഉയരുന്നത്. വില്‍പ്പനയുടെ ഭാഗമായി നിരവധി വസ്ത്രങ്ങള്‍ ഉള്ള ഏരിയയാണ്. അതുകൊണ്ട് തീ ആളിപ്പടരുകയാണ്. തീ ആളിപ്പടരുന്നതിനാല്‍ അണയ്ക്കാന്‍ രണ്ട് മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. തീപിടിത്തത്തില്‍ ആര്‍ക്കും ആളപായമില്ല. ജീവനക്കാര്‍ ആരും ഇതില്‍ അകപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാവരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സ് അധികൃതര്‍ അറിയിച്ചു. അനേകം ജീവനക്കാര്‍ ജോലി ചെയ്യുന്ന വസ്ത്രശാലയാണിത്.
