ചിറകുകൾ രണ്ടും പൊട്ടിത്തെറിച്ച് മുൻ ഭാഗം മുഴുവൻ തകർന്നുതരിപ്പണമായി കുത്തനെ പൊങ്ങി നിൽക്കുന്ന നിലയിൽ ആ വിമാനം; ചുറ്റും ചങ്ക് പൊട്ടുന്ന കാഴ്ച; അമേരിക്കയെ നടുക്കി വീണ്ടും വിമാന ദുരന്തം; ന്യൂയോർക്ക് വിമാനത്താവളത്തിൽ 'എയർ കാനഡ' വിമാനവും അഗ്നിശമന വാഹനവും കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; അന്വേഷണം നടത്തുമെന്ന് അധികൃതർ

Update: 2026-03-23 09:59 GMT

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസ് വിമാനവും ഫയർ എൻജിനും തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ രണ്ട് പെെലറ്റുമാരും കൊല്ലപ്പെട്ടു. കാനഡയിലെ മോൺട്രിയലിൽ നിന്ന് വരികയായിരുന്ന എയർ കാനഡ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാത്രി 11.38നാണ് അപകടമുണ്ടായത്. അപകടത്തിൽ മറ്റ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പൈലറ്റ്, സഹപൈലറ്റ്, അഗ്നിശമന സേനാംഗങ്ങൾ, പോർട്ട് അതോരിറ്റി പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റത്.വിമാനം ട്രക്കിലിടിക്കുന്നതിൻറെയും രക്ഷാപ്രവർത്തനത്തിൻറെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിമാനത്തിൻറെ മുൻഭാഗമാണ് ട്രക്കിൽ ഇടിച്ചതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

നോവ സ്കോട്ടിയയിലെ റീജിയണൽ എയർലൈനായ ജാസ് ഏവിയേഷന്റെ കീഴിലുള്ള വിമാനമാണിത്. എയർ കാനഡയ്ക്ക് വേണ്ടിയാണ് ഈ വിമാനം സർവീസ് നടത്തിയിരുന്നത്. 'അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഉടനടി ആരംഭിച്ചു. പോർട്ട് അതോറിറ്റി ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറും പോർട്ട് അതോറിറ്റി പോലീസ് വകുപ്പും സംഭവസ്ഥലത്തുണ്ട്,' പോർട്ട് അതോറിറ്റി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

റൺവേ നാലിൽ വിമാനവും വാഹനവും തമ്മിൽ കൂട്ടിയിടിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്‌മെന്റ് ഡെയ്‌ലി മെയിലിനോട് സ്ഥിരീകരിച്ചു. അപകടസമയത്ത് വിമാനത്തിൽ 76 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളം അടച്ചിടുമെന്ന് ലാഗ്വാർഡിയ എയർപോർട്ട് അധികൃതർ നേരത്തെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

അഗ്നിശമന സേനാ വാഹനത്തിലുണ്ടായിരുന്ന സർജന്റും പോലീസ് ഓഫീസറും ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ നില നിലവിൽ തൃപ്തികരമാണെന്നും "ജീവൻ ഭീഷണിയാകുന്ന തരത്തിലുള്ള പരിക്കുകൾ ഇല്ലെന്നും" അവർ വ്യക്തമാക്കി. "ഞാനും ചെയർമാനും അവരെ രണ്ടുപേരെയും ആശുപത്രിയിൽ പോയി കണ്ടു. അവർക്ക് സംസാരിക്കാൻ സാധിക്കുന്നുണ്ട്. അവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചുകൊണ്ടിരിക്കുകയാണ്," ഗാർഷ്യ പറഞ്ഞു. യാത്രക്കാരുടെ പരിക്കുകളെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാനാകില്ലെന്നും എന്നാൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും ഗാർഷ്യ വ്യക്തമാക്കി.

അപകടത്തെത്തുടർന്ന് വിമാനത്തിലെ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി ടർമിനലിലേക്ക് മാറ്റി. ഇവർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തിയതായി എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാനത്താവള അധികൃതരും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത് എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടന്നുവരികയാണ്.

"യാത്രക്കാർക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും ഈ പ്രദേശം ഒഴിവാക്കാൻ ശ്രമിക്കണമെന്നും" ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. "ലാഗ്വാർഡിയ വിമാനത്താവളത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, വിമാനത്താവളത്തിലേക്കുള്ള എല്ലാ റോഡുകളും ഹൈവേ എക്സിറ്റുകളും (Highway Exits) മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്." ലാഗ്വാർഡിയ വിമാനത്താവളത്തിന് സമീപം വിമാനങ്ങൾ റദ്ദാക്കാനും റോഡുകൾ അടയ്ക്കാനും ഗതാഗതക്കുരുക്കിനും സാധ്യതയുണ്ടെന്നും അതിനാൽ അടിയന്തര സേവന വിഭാഗങ്ങളുമായി സഹകരിക്കണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റും എക്സിൽ (X) കുറിച്ചു. "മറ്റ് ഇതര പാതകൾ ഉപയോഗിക്കുക," എന്നും ഫയർ ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശിച്ചു.

അപകടത്തിന് പിന്നാലെ പോർട്ട് അതോറിറ്റി പോലീസ് വിമാനത്തിന്റെ മുൻഭാഗം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. റൺവേയിൽ രക്ഷാപ്രവർത്തകർ നിറഞ്ഞുനിൽക്കുന്നതിനിടെ, കൂട്ടിയിടിയുടെ ആഘാതത്തിൽ വശത്തേക്ക് മറിഞ്ഞ നിലയിലുള്ള പോർട്ട് അതോറിറ്റിയുടെ വാഹനവും ചിത്രങ്ങളിൽ കാണാമായിരുന്നു. സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചു.ന്യൂയോർക്കിൽ മഴ പെയ്തിരുന്നതിനാൽ, കാലാവസ്ഥാ വ്യതിയാനം കാരണം വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് രാത്രി 8:30-ന് തന്നെ ലാഗ്വാർഡിയ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഡിഎച്ച്എസ് (DHS) ഫണ്ടിംഗിനെച്ചൊല്ലിയുള്ള തർക്കം മൂലം വിമാനത്താവളങ്ങൾ കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഈ ദാരുണമായ അപകടം സംഭവിക്കുന്നത്. ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായ ജീവനക്കാരും നീണ്ട സെക്യൂരിറ്റി ക്യൂവിൽ വലയുന്ന യാത്രക്കാരും ഉൾപ്പെടെ വലിയ വെല്ലുവിളികളാണ് ലാഗ്വാർഡിയ അടക്കമുള്ള വിമാനത്താവളങ്ങൾ നേരിടുന്നത്. ഞായറാഴ്ച രാവിലെ വിമാനത്താവളത്തിലെ തിരക്ക് പാർക്കിംഗ് ഏരിയ വരെ നീണ്ടതായും മൂന്ന് മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നതായും യാത്രക്കാർ റിപ്പോർട്ട് ചെയ്തു.

മണിക്കൂറിൽ ഏകദേശം 39 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് വിമാനം ട്രക്കിലിടിച്ചത്. അപകടത്തിന് പിന്നാലെ ലാഗ്വാർഡിയയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ പുറപ്പെട്ട ഇടങ്ങളിലേക്ക് തന്നെ മടങ്ങുകയോ ചെയ്തു.

Tags:    

Similar News