നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കലില്‍ സനായില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാരിനും പ്രതീക്ഷ; സൗഹൃദ സര്‍ക്കാരുകളുടെ ഇടപെടല്‍ ശുഭ വാര്‍ത്ത നല്‍കുമെന്ന് പ്രതീക്ഷ; കാന്തപുരം ഇഫക്ടില്‍ ഇപ്പോഴും കേന്ദ്രത്തിന് താല്‍പ്പര്യം കുറവോ? നിമിഷ പ്രിയയില്‍ വേണ്ടത് കരുതലെന്ന് സന്ദേശം; യെമനില്‍ നടക്കുന്നത് അവസാന വട്ട ചര്‍ച്ചകള്‍

Update: 2025-08-02 01:12 GMT

ന്യൂഡല്‍ഹി: നിമിഷപ്രിയാ കേസില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കേന്ദ്ര സര്‍ക്കാര്‍. യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന അറിയിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കരുതലോടെ ഈ വിഷയത്തില്‍ എല്ലാവരും പ്രതികരിക്കണമെന്ന സന്ദേശമാണ് നല്‍കുന്നത്. പ്രതീക്ഷയോടെ ചര്‍ച്ചകള്‍ തുടരുന്നുവെന്ന സന്ദേശവും കേന്ദ്രം നല്‍കുന്നുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേസില്‍ ഒരു പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ''ഞങ്ങള്‍ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ ചില സൗഹൃദ സര്‍ക്കാരുകളുമായും ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതൊരു സങ്കീര്‍ണ്ണമായ കേസാണ്. തെറ്റായ വിവരങ്ങളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒരിക്കലും ഗുണകരമാകില്ല. എല്ലാവരും ഇതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായും മോചിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്തിയതായും അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ കണ്ടു. ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ഞങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമായി യെമനിലെ പ്രാദേശിക അധികാരികള്‍ അവളുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചിട്ടുണ്ട്.'' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

സനായില്‍ നടന്ന ഉന്നതതല യോഗത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. വിവരം യെമെനി പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായെന്നും കാന്തപുരം അറിയിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ അനുകൂലമായ നടപടി ഉടന്‍ ഉണ്ടാകുമെന്ന് യെമെന്‍ പ്രതിനിധികള്‍ അറിയിച്ചതായും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദി ഫെഡറല്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്നതിലോ ശിക്ഷയിലോ ഇനി വ്യക്തത വരേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു. ഇതിനിടെയാണ് കേന്ദ്രം വ്യക്തത വരുത്തുന്നത്.

വധശിക്ഷ റദ്ദാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ പിതാവിനും മാതാവിനും എതിര്‍പ്പില്ലെന്നാണ് സൂചന. സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദിക്ക് മാത്രമാണ് എതിര്‍പ്പുള്ളത്. യെമെന്‍ പണ്ഡിതസംഘവും യെമെന്‍ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മില്‍നടന്ന ചര്‍ച്ചയില്‍ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്. ഇതിനിടെയാണ് സമാധാനത്തിന് കുടുംബം സമ്മതിച്ചതായി കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും വധശിക്ഷ റദ്ദാക്കിയെന്ന വിവരം പൂര്‍ണമായി തെറ്റാണെന്നും തലാലിന്റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഞങ്ങളുമായി സംസാരിക്കാന്‍ ചുമതലപ്പെടുത്തിയെന്ന് പറയുന്നവര്‍ സംസാരിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ നിമിഷപ്രിയയ്ക്ക് മാപ്പു കൊടുക്കേണ്ടവരുമായി നടന്ന ചര്‍ച്ചകള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് യെമെനിലെ സൂഫിപണ്ഡിതന്‍ ഉമര്‍ ബിന്‍ ഹഫീളിന്റെ ശിഷ്യന്‍ സവാദ് മുസ്തഫാവി പറയുന്നു. ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ശുഭപര്യവസാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുടെ ഓഫിസ് അറിയിച്ചിരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ, 2017 ജൂലൈയിലാണ് യെമന്‍ പൗരനായ തലാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായത്. പിന്നീട് 2020ല്‍ നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ പ്രിയ നിലവിലുള്ളത്. 2023 നവംബറില്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അവരുടെ അപ്പീല്‍ തള്ളുകയും ചെയ്തു.

Tags:    

Similar News