'തലാലിന് പറ്റിയത് എന്റെ മകന് പറ്റിയതുപോലെ; അവരോട് കാലുപിടിച്ച് മാപ്പ് ചോദിക്കുന്നു'; ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിമിഷപ്രിയയുടെ അമ്മ; കഴിഞ്ഞദിവസത്തെ അവകാശവാദങ്ങള്‍ ഇതുവരെയുണ്ടായ പുരോഗതിയെല്ലാം തകിടംമറിച്ചെന്ന് സാമുവല്‍ ജെറോം; തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് കുപ്രചരണങ്ങളെന്ന് അഡ്വ. ദീപാ ജോസഫും; നിമിഷ പ്രിയയുടെ മോചനം സാധ്യമോ?
നിമിഷ പ്രിയയുടെ മോചനം സാധ്യമോ?
സനാ: നിമിഷപ്രിയയ്ക്ക് വധശിക്ഷ നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി വ്യക്തമാക്കിയതിന് പിന്നാലെ മകളുടെ മോചന കാര്യത്തില്‍ ആശങ്ക അറിയിച്ച് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും തന്റെ മകളെ ഈ യെമെന്‍ രാജ്യത്ത് നശിപ്പിച്ചുകളയുന്നത് കാണേണ്ടിവരുമോ എന്ന വിഷമത്തിലാണ് താനിവിടെ ഇരിക്കുന്നതെന്നും നിമിഷപ്രിയയുടെ അമ്മ പ്രതികരിച്ചു.
'എല്ലാം തകര്‍ത്തുകളയുന്ന വാര്‍ത്തകളാണ് വരുന്നത്. ഞാന്‍ കാലുപിടിക്കുകയാണ്. അവള്‍ എങ്ങനെയെങ്കിലും നമ്മുടെ കൈകളിലേക്ക് വരുമോ. എന്റെ മകനാണ് തലാല്‍ എങ്കില്‍ ഞാന്‍ എന്തുമാത്രം വേദനിക്കും. അതേവേദനയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എല്ലാമക്കളോടും സ്നേഹത്തോടെ അപേക്ഷിക്കുകയാണ്. ആ വീട്ടിലേക്ക് ഉപദ്രവമായ ഒരുവിവരങ്ങളോ വാര്‍ത്തകളോ അവരിലേക്ക് എത്തരുത്. എന്റെ മകളെയും കൊണ്ടേ നാട്ടിലേക്ക് വരൂ എന്നുപറഞ്ഞ് ഞാന്‍ ഇവിടെ നില്‍ക്കുകയാണ്. സാമുവല്‍ എനിക്കുവേണ്ടി ഇവിടെ എല്ലാസൗകര്യങ്ങളും ഏര്‍പ്പാടാക്കിയാണ് നാട്ടിലേക്ക് പോയത്'. നിമിഷയുമായി ഓണ്‍ലൈനിലോ ഫോണിലോ സംസാരിക്കാനാകില്ല. അവള്‍ ഇടയ്ക്ക് മെസേജ് എഴുതിയിടും. അമ്മ എന്താണ് വിശേഷം, സാറെന്ത് പറഞ്ഞു, എന്ന് മെസേജ് അയക്കുമെന്നും പ്രേമകുമാരി പറഞ്ഞു.
''2017 മുതല്‍ ഇന്നേവരെ ദൈവം അവളെ പോറലില്ലാതെ കാത്തു. തലാലിന്റെ വീട്ടുകാരുടെ സ്നേഹം തന്നെയാണ് അത്. തലാലിന് പറ്റിയത് എന്റെ മകന് പറ്റിയതുപോലെയാണ് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത്. അവരോട് കാലുപിടിച്ച് മാപ്പ് ചോദിക്കുന്നു. എനിക്ക് അവിടെ നേരിട്ട് ചെല്ലാനാകില്ല. അവരുടെ വിഷമം ആദ്യംമുതലേ അറിയാം. തലാല്‍ എന്റെ മകനാണ്. അവനുവേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നെ നാട്ടില്‍കൊണ്ടുപോകാന്‍ സാറ് ഒരുങ്ങിയിരുന്നു. പക്ഷേ, ഞാന്‍ തയ്യാറായില്ല. ആ മകന്റെ ആത്മാവിന് ശാന്തികിട്ടാന്‍ ഞാന്‍ എന്നും പ്രാര്‍ഥിക്കുകയാണ്'', പ്രേമകുമാരി കണ്ണീരോടെ യെമെനില്‍നിന്ന് പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരും എംബസിയും നല്ലരീതിയിലുള്ള ഇടപെടലാണ് നടത്തിയതെന്നും പ്രേമകുമാരി പ്രതികരിച്ചു. ''വിചാരിക്കുന്നതിലപ്പുറം അവര്‍ കാര്യങ്ങള്‍ചെയ്യുന്നു. പക്ഷേ, ഇന്നലെ വൈകിട്ടത്തെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് എനിക്ക് വിഷമമായി. മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യം എന്തായി എന്ന് എഴുതിവരെ ചോദിച്ചിരുന്ന ആളായിരുന്നു ഉമ്മന്‍ചാണ്ടി സര്‍. ഇപ്പോള്‍ ഇവിടെ സമാധാനം നഷ്ടപ്പെട്ടുപോകുന്നുവെന്നും പ്രേമകുമാരി പറഞ്ഞു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ സമീപിച്ച് മാപ്പ് ലഭിക്കുന്നത് സംബന്ധിച്ചാണ് ഇതുവരെ ചര്‍ച്ച നടന്നിട്ടുള്ളതെന്നും എന്നാല്‍, കഴിഞ്ഞദിവസത്തെ അവകാശവാദങ്ങള്‍ ഇതുവരെയുണ്ടായ പുരോഗതിയെയെല്ലാം തകിടംമറിച്ചെന്നും നിമിഷപ്രിയയുടെ അഭിഷാഷകന്‍ സാമുവല്‍ ജെറോമും പ്രതികരിച്ചു. ''എന്താണ് ദിയാധനമെന്ന് ജനങ്ങള്‍ മനസിലാക്കണം. കുടുംബത്തെ സമീപിച്ച് മാപ്പ് ചോദിക്കുന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. മാപ്പ് നല്‍കിയാല്‍ മാത്രമേ ദിയാധനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കാനാവൂ. ദിയാധനം സംബന്ധിച്ച ചര്‍ച്ച കേവലമൊരു പണമിടപാട് ചര്‍ച്ചയല്ല.
2017 മുതല്‍ ആ കുടുംബവുമായി ബന്ധമുണ്ട്. പതിയെ പതിയെയാണ് ആ ബന്ധം ഉണ്ടാക്കിയെടുത്തത്. യെമെനികള്‍ ഒരിക്കലും പണം വാങ്ങി മാപ്പ് നല്‍കില്ല. ഇന്നലെ വന്ന അവകാശവാദങ്ങളും വാര്‍ത്തകളും സാഹചര്യം മോശമാക്കി. ഇതുവരെ മാധ്യമങ്ങളുടെ മുന്നിലേക്ക് ഞാന്‍ പോയിട്ടില്ല. 2017 മുതല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയോ ഒന്നും പറഞ്ഞിട്ടില്ല. ജൂലായ് എട്ടിനാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വന്നത്. സമയപരിധി അവസാനിരിക്കെയാണ് വന്നത്. ഒന്നും ആ കുടുംബത്തിന്റെ വികാരത്തെ ബാധിക്കരുത്. അവര്‍ ബഹുമാനം അര്‍ഹിക്കുന്ന കുടുംബമാണ്. അവര്‍ നല്ല കുടുംബമാണ്. എന്തുകൊണ്ടാണ് ജനങ്ങള്‍ വെറുതെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിമിഷയുടെ ജീവന്‍രക്ഷിക്കലാണോ ഇത്തരം അവകാശവാദങ്ങളാണോ പ്രധാനമെന്ന് ചിന്തിക്കണം.
ഇതുവരെയുള്ള എല്ലാ പുരോഗതിയും ഇന്നലെ പിന്നിലായി. ഇതിലെ ഓരോചുവടും പതുക്കെയായിരുന്നു. എല്ലാസമയത്തും ആ സഹോദരനുമായും കുടുംബവുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഇതുവരെ സഹോദരന്‍ ഇങ്ങനെയൊരു പ്രതികരണം സാമൂഹികമാധ്യമത്തില്‍ നടത്തിയിട്ടുണ്ടായിരുന്നില്ല. ദൈവത്തിന് മാത്രമേ അവരുടെ മനസ്സ് മാറ്റാന്‍കഴിയൂ. നമുക്ക് മാപ്പ് ചോദിക്കാനേ കഴിയൂ. നിമിഷയുടെ അമ്മയെ വീട് വാടകയ്ക്കെടുത്ത് ഇവിടെ താമസിപ്പിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ആ കുടുംബം സമ്മര്‍ദം ചെലുത്തിയാല്‍ സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കും. ആ കുടുംബവും സഹോദരനും തലാലിന് നീതിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുന്നവരാണ്. അവര്‍ ധാരാളം പണം ചെലവഴിച്ചു. ഇതെല്ലാം ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നവര്‍ ചിന്തിക്കണം'', സാമുവല്‍ ജെറോം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന കുപ്രചരണങ്ങളാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചതെന്ന് സേവ് നിമിഷ പ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സനും ഡിഎംസി ചെയര്‍പേഴ്‌സനുമായ അഡ്വ. ദീപ ജോസഫ് പറഞ്ഞു. നിമിഷ പ്രിയയുടെ വിഷയത്തില്‍ ക്രെഡിറ്റ് തട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടുക്കുന്നതെന്നും തലാലിന്റെ കുടുംബത്തിന്റെ കടുത്ത നിലപാടോടെ ഇനിയെന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും നിസഹായവസ്ഥയിലാണെന്നും അഡ്വ. ദീപാ ജോസഫ് പറഞ്ഞു.
2019 മുതല്‍ നിമിഷയുടെ മോചനത്തിനായി ശ്രമിക്കുന്നയൊരാളാണ് താനെന്നും എല്ലാകാര്യങ്ങളും ഹൃദയം കൊണ്ട് തൊട്ട ഒരാളാണ് താനെന്നും ഇപ്പോള്‍ ക്രെഡിറ്റ് എടുക്കാന്‍ വേണ്ടി നടക്കുന്ന ശ്രമങ്ങളൊക്കെ നിര്‍ത്തിവെക്കണമെന്നും അഡ്വ. ദീപാ ജോസഫ് പറഞ്ഞു. ഇപ്പോള്‍ ഇവിടെ നടക്കുന്നത് മുഴുവന്‍ കുപ്രചരണങ്ങളാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍ ഒരു ജീവനെ കൊലക്ക് കൊടുക്കുകയാണെന്ന സത്യം തിരിച്ചറിയണം. തലാലിന്റെ കുടുംബം വന്നിട്ട് ആദ്യമായിമാധ്യമങ്ങളോട് സംസാരിച്ചാണ് മാപ്പ് കൊടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഒരു സാഹചര്യത്തിലും മാപ്പ് കൊടുക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. കള്ളങ്ങളും അര്‍ധ സത്യങ്ങളുമെല്ലാം ചേര്‍ത്ത് തലാലിനെ മോശമാക്കാനും കുടുംബത്തെ മോശമാക്കാനും നിമിഷയുടെ ചെയ്തികളെ ന്യായീകരിക്കാനും അതല്ലെങ്കില്‍ കുുടംബത്തെ അപമാനപ്പെടുത്താനുമിടയ്ക്കായ സംഭവങ്ങളാണ് അവരെ ചൊടിപ്പിച്ചതെന്നും ദീപാ ജോസഫ് പറഞ്ഞു.
ഞായറാഴ്ച രാവിലെ തന്നെ വധശിക്ഷ മരവിപ്പിച്ച കാര്യം അറിഞ്ഞതാണ്. പറയാതിരുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ആയിരകണക്കിനുപേര്‍ നിമിഷയുടെ വധശിക്ഷ കാണാന്‍ സനയിലേക്ക് എത്തുന്ന സമയത്ത് അത് തടയാന്‍ സര്‍ക്കാരിന് സമയം വേണമായിരുന്നു. അഡ്വ. സാമുവല്‍ ജെറോമിന്റെ കൈവശമാണ് നീട്ടിവെച്ചത് സംബന്ധിച്ച അറിയിപ്പിന്റെ ഔദ്യോഗിക രേഖ കിട്ടുന്നത്. അവിടെ നിന്ന് എംബസി ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനിലാണ് വാര്‍ത്താ പുറത്തുവിട്ടത്. ആ നിമിഷം മുതല്‍ കാണുന്നത് പലരും ഉടുപ്പ് തയ്പ്പിച്ച് വെച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയുന്നതാണ് കാണുന്നത്.
ശനിയാഴ്ച രാവിലെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും സാമുവല്‍ ജെറോമും കൂടി ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കുന്നത്. വൈകിട്ട് അനുകൂലമായ വിവരം ലഭിച്ചു. അതീവരഹസ്യമായി വെക്കേണ്ട കാര്യമാണെന്ന് അവിടെ നിന്ന് അറിയിച്ചതിനാലാണ് അക്കാര്യം നേരത്തെ പറയാതിരുന്നത്. കേന്ദ്ര സര്‍ക്കാരും കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നാല്‍, അവര്‍ എപ്പോഴേക്കും ക്രെഡിറ്റ് എടുക്കാന്‍ വന്നിരുന്നില്ല. ആദ്യത്തെ ഒരു ചെറിയ കടമ്പ മാത്രമാണ് കടന്നത്. എന്നാല്‍, ഇതോടെ കുപ്രചാരണങ്ങള്‍ നടത്താന്‍ തുടങ്ങി. ഇതോടെയാണ് പ്രകോപിതരായി തലാലിന്റെ കുടുംബം രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയത്. സാമുവല്‍ ജെറോം വിവരം പുറത്തുവിട്ടതിന് പിന്നാലെ അവകാശവാദവുമായി പലരുമെത്തി. ചാണ്ടി ഉമ്മന്റെ വലിയൊരു ഇടപെടലുണ്ടായിട്ടുണ്ട്. ദിയാധനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച രാവിലെ സാമുവല്‍ ജെറോമും നിമിഷയുടെ അമ്മ പ്രേമകുമാരിയും കത്ത് നല്‍കിയത്.
വധശിക്ഷയില്‍ കുറഞ്ഞതൊന്നും താല്‍പര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നും തലാലിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. 'ഇപ്പോള്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതു വിഷമമുണ്ടാക്കി''- സഹോദരന്‍ പറഞ്ഞു. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും സഹോദരന്‍ വ്യക്തമാക്കി.